റിഫ മെഹ് നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്- വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവെക്കുന്നുവെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.
മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.
ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ഭര്‍ത്താവ് മെഹ്്‌നാസിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.  മെഹ്നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.  ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തിരുന്നു. പെരുന്നാളിനുശേഷം മെഹ്നാസ് വീട്ടില്‍ വന്നിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.
നേരത്തെ മൊഴിയെടുക്കാനായി അന്വേഷകസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷകസംഘം മടങ്ങുകയായിരുന്നു. റിഫയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

 

Latest News