റിയാദ് - താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യങ്ങളില്‍ ഗ്യാസ് ബോട്ടിലുകളും സിഗരറ്റ് ലൈറ്ററുകളും പോര്‍ട്ടബിള്‍ ചാര്‍ജറുകളും ഫോണ്‍ ബാറ്ററികളും ദ്രവരൂപത്തിലുള്ള ഹാന്റ് സാനിറ്റൈസര്‍ ബോട്ടിലുകളും പ്രഷര്‍ അടങ്ങിയ പെര്‍ഫ്യൂം ബോട്ടിലുകളും വാഹനങ്ങളില്‍ സൂക്ഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
ഉയര്‍ന്ന താപനിലക്കിടെ ഗ്യാസ് ബോട്ടിലുകളും സിഗരറ്റ് ലൈറ്ററുകളും മറ്റും വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് അവ പൊട്ടിത്തെറിക്കാന്‍ ഇടയാക്കും. ഹാന്റ് സാനിറ്റൈസര്‍ ബോട്ടിലുകള്‍ കാറുകളില്‍ തീ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
ഉയര്‍ന്ന താപനില കാരണം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിരവധി കാറുകള്‍ പ്രവര്‍ത്തനരഹിതമായി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയിരുന്നു. ജിദ്ദയില്‍ കഴിഞ്ഞ ദിവസം താപനില 48.3 ഡിഗ്രി വരെയായാണ് ഉയര്‍ന്നത്. സൗദിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനില മക്കയിലെ അറഫയിലാണ് രേഖപ്പെടുത്തിയത്. ഇവിടെ താപനില 47.5 ഡിഗ്രിയായിരുന്നു.
താപനില ഉയരുന്നത് എന്‍ജിന്‍ ചൂട് ക്രമാതീതമായി ഉയരാന്‍ ഇടയാക്കും. ഇത് എന്‍ജിന് വലിയ ഭീഷണിയാണ്. എന്‍ജിനുകള്‍ ക്രമാതീതമായി ചൂടാകുന്നത് വാഹനങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്ക് നയിക്കും. ജിദ്ദയില്‍ കൊടുംചൂട് മൂലം എന്‍ജിനുകള്‍ പ്രവര്‍ത്തനരഹിതമായി പാതയോരങ്ങളില്‍ നിര്‍ത്തിയിട്ട് ബോണറ്റുകള്‍ ഉയര്‍ത്തിവെച്ച നിലയിലുള്ള കാറുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൂട് കൂടിയതോടെ മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നും ആയിരക്കണക്കിന് സൗദികള്‍ ആശ്വാസംതേടി തായിഫിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
താപനില ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗവും കൂടിയതും ഇതേ തുടര്‍ന്ന് വൈദ്യുതി ശൃംഖലയില്‍ ലോഡ് കൂടിയതും ഉത്തര ജിദ്ദയിലെയും കിഴക്കന്‍ ജിദ്ദയിലെയും ഏതാനും ഡിസ്ട്രിക്ടുകളില്‍ പുലര്‍ച്ചെ വൈദ്യുതി മുടങ്ങാനും ഇടയാക്കി. തങ്ങളുടെ നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണത്താലാണ് വൈദ്യുതി മുടങ്ങിയതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. കമ്പനിക്കു കീഴിലെ ഫീല്‍ഡ് സംഘങ്ങള്‍ പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
താപനില കുത്തനെ ഉയര്‍ന്നത് വിദ്യാര്‍ഥികള്‍ ഏറെ ക്ഷീണിക്കാനും വാഹനങ്ങള്‍ പ്രവര്‍ത്തനരഹിതമാകാനും ഇടയാക്കുന്നത് കണക്കിലെടുത്ത് ജിദ്ദയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. ജിദ്ദയില്‍ കൊടും ചൂട് സഹിക്കവെയ്യാതെ വിദ്യാര്‍ഥികള്‍ വസ്ത്രം കൊണ്ട് ശിരസ്സ് മൂടി റോഡ് സൈഡില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ചൂട് കാലത്ത് ഓഫ്‌ലൈന്‍ ക്ലാസ് രീതി തല്‍ക്കാലം നിര്‍ത്തിവെച്ച് ഓണ്‍ലൈന്‍ ക്ലാസ് രീതി അവലംബിക്കണമെന്ന് നിരവധി രക്ഷകര്‍ത്താക്കള്‍ ജിദ്ദ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
അതേസമയം, അമ്പതു വര്‍ഷത്തിലധികമായി മെയ് മാസത്തില്‍ ജിദ്ദയില്‍ താപനില 48 ഡിഗ്രിയായി ഉയര്‍ന്നിട്ടില്ല എന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. 2004 ഉം 2010 ലും മെയ് മാസങ്ങളില്‍ ജിദ്ദയില്‍ 48 ഡിഗ്രി താപനില രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.






