വാരണാസി-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ കോടതി നിര്‍ദേശ പ്രകാരം നടത്തിയ വീഡിയോഗ്രാഫി സര്‍വേ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കര്‍ശന സുരക്ഷയ്ക്കിടയില്‍ സര്‍വേ നടത്തിയത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച മസ്ജിദ് സമുച്ചയത്തിന്റെ സര്‍വേ 10:15 ഓടെ അവസാനിച്ചു.
അതിനിടെ, കിണറിനകത്ത് ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകരില്‍ ഒരാളായ വിഷ്ണു ജെയിന് പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള മസ്ജിദിന്റെ പുറം ഭിത്തികളിലെ വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ ദൈനംദിന പ്രാര്‍ത്ഥനയ്ക്ക് അനുമതി തേടി ഒരു കൂട്ടം സ്ത്രീകള്‍ നല്കിയ ഹരജിയാണ് പ്രാദേശിക കോടതി പരിഗണിക്കുന്നത്.
രണ്ട് മണിക്കൂറിലധികം നടത്തിയ പരിശോധനകള്‍ക്ക് ശേഷം തിങ്കളാഴ്ച രാവിലെ 10.15 ഓടെ കോടതി കമ്മീഷന് ജോലി അവസാനിപ്പിച്ചുവെന്നും എല്ലാ കക്ഷികളും സര്‍വേയില്‍ തൃപ്തരായിരുന്നുവെന്നും വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍വേക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ക്ക് വീഡിയോ ചിത്രീകരണം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി എതിര്‍ത്തതുമൂലം സര്‍വേ കഴിഞ്ഞയാഴ്ച സ്തംഭിച്ചിരുന്നു.
സര്‍വേ ചെയ്യാന്‍ കോടതി അഭിഭാഷകന് കമ്മീഷണറായി നിയമിച്ച അജയ് കുമാര്‍ മിശ്രയെ മാറ്റണമെന്ന് പള്ളി കമ്മിറ്റിയുടെ അപേക്ഷ
ജില്ലാ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകര്‍ തള്ളുകയും ചെയ്തിരുന്നു. സര്‍വേയില്‍ കോടതി കമ്മീഷണറെ സഹായിക്കാന്‍ രണ്ട് അഭിഭാഷകരെ കൂടി നിയമിച്ച ജഡ്ജി ചൊവ്വാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
സമുച്ചയത്തിന്റെ ചില ഭാഗങ്ങളില്‍ സര്‍വേ നടത്തുന്നതിന് താക്കോല്‍ ലഭ്യമല്ലെങ്കില്‍ പൂട്ട് പൊളിക്കണമെന്ന് ജില്ലാ കോടതി പറഞ്ഞിരുന്നു. സര്‍വേ അനുവദിച്ചില്ലെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.






