ലണ്ടനില്‍ ഗള്‍ഫുകാരുടെ കാറുകള്‍ കവര്‍ച്ചക്കാരും അക്രമികളും ലക്ഷ്യമിടുന്നു

ദുബായ്- യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ ബ്രിട്ടനില്‍ പഠിക്കുന്ന യു.എ.ഇക്കാരായ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. കവര്‍ച്ചക്കാരും മറ്റും ഗള്‍ഫ് കാറുകള്‍ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണിത്. കാറുകള്‍ യു.എ.ഇയിലേക്ക് മടക്കുകയോ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ യു.കെ രജിസ്‌ട്രേഷനിലേക്ക് മാറ്റുകയോ വേണമെന്നാണ് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് യു.എ.ഇ അംബാസഡര്‍ സുലൈമന്‍ അല്‍ മസ്‌റൂയി പറഞ്ഞു. 3000 -ലേറെ യു.എ.ഇ വിദ്യാര്‍ഥികള്‍ യു.കെയില്‍ പഠിക്കുന്നുണ്ട്. 
കഴിഞ്ഞ ഞായറാഴ്ച ലണ്ടനില്‍ 31 കാരനായ യു.എ.ഇ വിദ്യാര്‍ഥി അബ്ദുല്ല അല്‍ ഹൊസാനിക്കുനേരെ നടന്ന ആക്രമണമാണ് പുതിയ തീരുമാനത്തിനു കാരണം. ഒരാഴ്ചക്കകം ഏതെങ്കിലും മാര്‍ഗം സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അബ്ദുല്ലയെ അക്രമിച്ചവര്‍ കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. 
ഗള്‍ഫ് രാജ്യക്കാരായ വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് അവരുടെ കാറുകള്‍ കൊണ്ടുപോകുന്നത് സാധാരണമാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റുകളുടെ സവിശേഷത കാരണം ഗള്‍ഫുകാരുടെ കാറാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. അബ്ദുല്ല എല്‍ ഹൊസാനിയുടെ മെര്‍സിഡസ് എസ് യുവിയാണ് അക്രമികള്‍ തകര്‍ത്തത്. ഗള്‍ഫ് വിദ്യാര്‍ഥികളുടെ ആഢംബര കാറുകള്‍ ഇതിനു മുമ്പും സ്േ്രപ പെയിന്റും മറ്റും ഉപയോഗിച്ച് കേടുവരുത്തിയിട്ടുണ്ട്. 

Latest News