അമ്മയോടൊപ്പം ഉറങ്ങിയ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടുപോയി

ഭുവനേശവര്‍- വീട്ടില്‍ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന 16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിക്കൊണ്ടു പോയി. ഒഡീഷയിലെ കട്ടക്കില്‍ ശനിയാഴ്ചയാണ് സംഭവം. കുഞ്ഞിനെ കണ്ടെത്താന്‍ വന്‍ സന്നാഹത്തോടെ വനം വകുപ്പ് തിരച്ചില്‍ നടത്തി വരികയാണ്. കുഞ്ഞിനെ റാഞ്ചിയെടുത്ത് കുരങ്ങ് ഓടിപ്പോകുന്നതാണ് അമ്മ കണ്ടത്. ഉടന്‍ തന്നെ ബഹളം വച്ച് സമീപ വാസികളെ വിവരമറിയിച്ചെങ്കിലും പിടിക്കാനായില്ല.

സംഭവം നടന്ന തലബസ്ത ഗ്രാമത്തിനു സമീപമുള്ള കാടുകളില്‍ മൂന്ന് സംഘങ്ങളായാണ് വനം വകുപ്പ് ജീവനക്കാര്‍ തിരച്ചില്‍ നടത്തി വരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് കുരങ്ങുകള്‍ വ്യാപക ആക്രമം നടത്തുകയും നിരവധി പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതു പരാതിപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

Latest News