മധ്യപ്രദേശിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ

ഭോപ്പാൽ- മധ്യപ്രദേശിലെ ധാർ ഗ്രാമത്തിൽ കാണാതായ യുവതിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെ തിർല പോലീസ് സ്റ്റേഷന് കീഴിലുള്ള ഖരയ്‌വാദി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. 

കുട്ടിയുമായി ഒരു സ്ത്രീയെ കാണാതായെന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഘം ഗ്രാമത്തിലെത്തിയതെന്ന് ധർ പോലീസ് സൂപ്രണ്ട് ആദിത്യ പ്രതാപ് സിംഗ് പറഞ്ഞു. പ്രതിയായ സുഗ ആദിവാസിയും കുടുംബാംഗങ്ങളും പോലീസ് സംഘത്തെ ആക്രമിക്കുകയും അവരിൽ നിന്ന് റൈഫിൾ തട്ടിയെടുക്കുകയും ചെയ്തതായി എസ്പി പറഞ്ഞു.

ഗ്രാമത്തിൽ അധിക പോലീസ് സേനയെ വിന്യസിച്ചതായും ഡ്യൂട്ടിയിലായിരുന്ന പോലീസുകാരെ ആക്രമിച്ച കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.കോൺസ്റ്റബിൾമാരായ പ്രകാശ് ഭവാർ, മഹേന്ദ്ര രാജ്പുത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനീഷ് ഭാഗോർ എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഗുണയിൽ മൂന്ന് പോലീസുകാരെ മൃഗവേട്ടക്കാർ കൊലപ്പെടുത്തിയിരുന്നു.സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് ഭരണകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു.

ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി നിയമിതനായ മുതിർന്ന കോൺഗ്രസ് നേതാവ് ഡോ ഗോവിന്ദ് സിംഗ് ആരോപിച്ചു.

Latest News