Sorry, you need to enable JavaScript to visit this website.

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 100ലേറെ സ്ത്രീകള്‍ക്ക്  വിവാഹ വാഗ്ദാനം നല്‍കി കോടി തട്ടിയ യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി-വിവാഹവാഗ്ദാനം നല്‍കി നൂറിലധികം സ്ത്രീകളില്‍ നിന്ന് കോടി  തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒറീസ  സ്വദേശിയായ ഫര്‍ഖാന്‍ തസീര്‍ ഖാന്‍ ആണ് ദല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍ നിന്നും പിടിയിലായത്.  പഹര്‍ഗഞ്ചിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ ഒമ്പത് സംസ്ഥാനങ്ങളിലാണ് തട്ടിപ്പ് നടത്തിയത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് 35കാരനായ ഫര്‍ഖാനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വച്ചാണ് യുവാവിനെ പരിചയപ്പെടുന്നതെന്നാണ് വനിതാ ഡോക്ടര്‍ പോലീസിനെ അറിയിച്ചത്. എഞ്ചിനീയറിംഗും എംബിഎയും പൂര്‍ത്തിയാക്കിയ ശേഷം സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് യുവാവ് അറിയിച്ചത്. അനാഥനാണെന്ന് വിശ്വസിപ്പിച്ച ശേഷം ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് ഫര്‍ഖാന്‍ ബന്ധം സ്ഥാപിച്ചതെന്നും പരാതിക്കാരി പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ ഫര്‍ഖാന്‍ നിരവധി പ്രൊഫൈലുകള്‍ ഉള്ളതായി കണ്ടെത്തി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദല്‍ഹി, പഞ്ചാബ്, മുംബൈ, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളുമായി യുവാവ് ബന്ധം സ്ഥാപിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. വര്‍ഷത്തില്‍ 30 മുതല്‍ 40 ലക്ഷം രൂപയോളം വരുമാനമുണ്ടെന്നാണ് ഇയാള്‍ സ്ത്രീകളെ അറിയിച്ചത്. ബന്ധുവിന്റെ ആഡംബര കാറില്‍ സഞ്ചരിക്കുകയും ചിത്രങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയച്ച് നല്‍കുകയും ചെയ്തു. വിലകൂടിയ ആഡംബരകാറിലുള്ള യാത്ര ചെയ്യുകയും നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതുമെല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഉയര്‍ന്ന രീതിയിലുള്ള ജീവിതമാണ് നയിക്കുന്നതെന്ന് വിശ്വസിപ്പിക്കാന്‍ പല നഗരങ്ങളിലും പ്രതി മാറിമാറി താമസിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വീഡിയോ കോളിലൂടെയാണ് സ്ത്രീകളുമായി ബന്ധം തുടര്‍ന്നിരുന്നതെന്നും കണ്ടെത്തി.
വാഹനാപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചെന്നാണ് ഫര്‍ഖാന്‍ സ്ത്രീകളെ അറിയിച്ചത്. എന്നാല്‍ പ്രതിയുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. മൂന്ന് വയസുള്ള മകളും പിതാവും സഹോദരിയും ഇയാള്‍ക്കുണ്ട്. യുവാവിന്റെ പക്കല്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍, നാല് സിം കാര്‍ഡുകള്‍, കാര്‍, ഒമ്പത് എടിഎം കാര്‍ഡുകള്‍, ഒരു റിസ്റ്റ് വാച്ച് എന്നിവ പോലീസ് കണ്ടെടുത്തു.

Latest News