Sorry, you need to enable JavaScript to visit this website.

'നടിയുടേത് വ്യാജ പരാതി'; മുഖ്യമന്ത്രിക്കും  ഡിജിപിക്കും വിജയ് ബാബുവിന്റെ അമ്മ പരാതി നല്‍കി 

കൊച്ചി- നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ പറയുന്നു.
അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പോലീസ്. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്റാണ് യുഎഇ പോലീസിന് കൈമാറിയിട്ടുണ്ട്. വിജയ് ബാബു യു എ ഇയില്‍ എവിടെയുണ്ടന്ന് നിലവില്‍ കൊച്ചി പോലീസിന് അറിയില്ല. അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ യുഇഎ പോലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റര്‍പോള്‍ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം.
താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇത്രയും ദിവസം വിജയ് ബാബുവിന് വേണ്ടി കാത്തിരിക്കാനാകില്ല എന്ന നിലപാടിലാണ് പോലീസ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ വഴി നീക്കങ്ങള്‍ ശക്തമാക്കിയത്.
വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്. എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്. വിജയ് ബാബുവിന്റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പോലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയില്‍ നടനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കള്‍ നല്‍കി അര്‍ദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്‌തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്‌ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടര്‍ന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.
 

Latest News