Sorry, you need to enable JavaScript to visit this website.

മുടി ക്രോപ്പ് ചെയ്തു, ഷര്‍ട്ടും ലുങ്കിയും ധരിച്ചു; മകളെ പോറ്റാന്‍ പുരുഷവേഷം കെട്ടിയത് 30 വര്‍ഷം

തൂത്തുക്കുടി-തമിഴ്‌നാട്ടില്‍ മകളെ പോറ്റാന്‍ ഒരു വിധവ പുരുഷവേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം. തൂത്തുക്കുടി ജില്ലയിലാണ് സംഭവം.
കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ക്ക്  വിവാഹത്തിന് 15 ദിവസത്തിന് ശേഷമാണ് ഭര്‍ത്താവിനെ നഷ്ടമായത്.  ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിക്കുമ്പോള്‍ ചേച്ചിയമ്മാള്‍ക്ക് പ്രായം 20.  
ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം പേച്ചിയമ്മാള്‍ ജോലി ചെയ്യാന്‍ തുടങ്ങിയെങ്കിലും പലവിധ പീഡനങ്ങള്‍ നേരിട്ടു.

തുടര്‍ന്നാണ്  പുനര്‍വിവാഹം കഴിക്കാതെ തന്നെ ഏകമകളെ വളര്‍ത്താന്‍ അവര്‍   പുരുഷവേഷം കെട്ടി മുത്തുവായി മാറിയത്. മുടി ക്രോപ്പ് ചെയ്ത ശേഷം പുരുഷനെപ്പോലെ തോന്നിപ്പിക്കാന്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ചു തുടങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, ചായക്കടകള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മുത്തു ജോലി ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നിടത്തെല്ലാം  'അണ്ണാച്ചി'  എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. മുത്തു പിന്നീട് 'മുത്തു മാസ്റ്റര്‍' എന്നറിയപ്പെട്ടു.

പെയിന്റര്‍, ടീ മാസ്റ്റര്‍, പൊറോട്ട മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ മുതല്‍ എല്ലാത്തരം ജോലികളും ചെയ്തുവെന്ന് പേച്ചിയമ്മാള്‍ പറയുന്നു. മകള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കാന്‍ ഞാന്‍ ഓരോ പൈസയും സൂക്ഷിച്ചു തുടങ്ങി.  ദിവസങ്ങള്‍ക്ക് ശേഷം മുത്തു എന്റെ ഐഡന്റിറ്റിയായി മാറി. ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവയുള്‍പ്പെടെ എല്ലാ രേഖകളിലും അങ്ങനെ തന്നെ ആയിരുന്നു- അവര്‍ പറഞ്ഞു.
തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടായിരുന്നു.  മകളുടെ സുരക്ഷ മനസ്സില്‍ വെച്ചുകൊണ്ട്, പ്രശ്‌നങ്ങളൊക്കെ നേരിട്ടു.  ഉപജീവനമാര്‍ഗത്തിനായി കൂടുതല്‍ യാത്രകള്‍ നടത്തിയിരുന്ന കാലത്ത് പുരുഷവേഷം ജോലിസ്ഥലത്ത് കൂടുതല്‍ സുരക്ഷിതമാക്കി. ബസുകളില്‍ എപ്പോഴും പുരുഷന്മാരുടെ വശത്ത് മാത്രമാണ് ഇരുന്നിരുന്നത്. പുരുഷന്മാരുടെ ടോയ്‌ലറ്റ് ഉപയോഗിച്ചു. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചെങ്കിലും അതുവേണ്ടെന്നുവെച്ച്  യാത്രാക്കൂലി നല്‍കിയായിരുന്നു യാത്ര.
57കാരിയായ പേച്ചിയമ്മാള്‍ ഇപ്പോള്‍ തൃപ്തിയിലാണ്. മകള്‍ വിവാഹിതയാണ്,  എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയെന്നും മരണത്തിനു ശേഷവും ഇതുപോലെ ഓര്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ കിട്ടിയാലും ഇല്ലെങ്കിലും ശിഷ്ടകാലം പുരുഷനെ പോലെ തന്നെ ചെലവഴിക്കും. പല പദ്ധതികള്‍ക്കും എനിക്ക് യോഗ്യതയില്ല-അവര്‍ പറഞ്ഞു.

പേച്ചയമ്മാള്‍ സഹിച്ച കഷ്ടപ്പാടുകള്‍ ഒന്നുരണ്ടുപേര്‍ക്കും മകള്‍ ഷണ്‍മുഖസുന്ദരിക്കും മാത്രമേ അറിയൂ. അവര്‍ ജീവിതം എനിക്കുവേണ്ടി സമര്‍പ്പിച്ചു. അവര്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷണ്‍മുഖസുന്ദരി പറഞ്ഞു.

 

 

Latest News