ചിന്തൻ ശിബിരത്തിലൂടെ  കോൺഗ്രസ് രക്ഷപ്പെടുമോ?


സംഘടനാ കാര്യം, രാഷ്ട്രീയം, കൃഷിയും കർഷകരും, യുവജനകാര്യം, സാമൂഹ്യ നീതി, സാമ്പത്തികം എന്നീ ആറ് വിഷയങ്ങളിലൂന്നിയാണ് ചിന്തൻ ശിബിരത്തിൽ ചർച്ചകൾ നടക്കുന്നത്. ഇതിൽ സംഘടനാ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും ഒരു വലിയ പൊളിച്ചെഴുത്തിന് പാർട്ടി തയാറായാൽ മാത്രമേ ചിന്തൻ ശിബിരത്തിന്റെ എന്തെങ്കിലും ഗുണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. സംഘടനയിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കണം. അല്ലാതെയുള്ള തൊലിപ്പുറ ശസ്ത്രക്രിയകൾ കൊണ്ട് യാതൊരു ഗുണവും പാർട്ടിക്ക് ലഭിക്കില്ല.
 

തുടർച്ചയായ തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള മാർഗങ്ങൾ ആലോചിക്കാനും 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ ഒരുക്കാനുമായി കോൺഗ്രസിന്റെ മൂന്ന് ദിവസത്തെ ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ചിരിക്കുകയാണ്. കോൺഗ്രസിനെ അടിമുടി മാറ്റാനുള്ള ചർച്ചകളാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചിന്തൻ ശിബിരത്തിൽ നടക്കുകയെന്നും പുതിയ നയപരിപാടികളുമായാണ് കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുകയെന്നും പാർട്ടി ദേശീയ നേതൃത്വം അവകാശപ്പെടുന്നുണ്ട്. 
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാന്നൂറിലേറെ പ്രതിനിധികളാണ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 50 ശതമാനവും അൻപത് വയസ്സിന് താഴെയുള്ളവരാണ്. സോണിയാ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന പാർട്ടിയുടെ നാലാമത്തെ ചിന്തൻ ശിബിരമാണിത്. ഇതിന് മുമ്പ് 1998 ലും 2003 ലും 2013 ലുമാണ് പാർട്ടിയുടെ ചിന്തൻ ശിബിരം നടന്നത്. 2003 ൽ ഷിംലയിൽ നടന്ന ചിന്തൻ ശിബിരത്തിൽ എടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോയതിന്റെ അടിസ്ഥാനത്തിലാണ് 2004 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വന്നത്. 
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്ക് നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്. വളരെ പരിതാപകരമാണ് രാജ്യത്ത് കോൺഗ്രസിന്റെ സ്ഥിതിയെന്ന് പാർട്ടി നേതൃത്വം തുറന്ന് സമ്മതിക്കില്ലെങ്കിലും ചില നേതാക്കളെങ്കിലും ഈ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. നെഹ്‌റു കുടുംബത്തെ പാടിപ്പുകഴ്ത്തി സോണിയ ഗന്ധിയുടെയും രാഹുലിന്റെയും പിന്നാലെ നടന്നതുകൊണ്ട് ഇനി കാര്യമില്ലെന്നും പാർട്ടിയെ മുന്നോട്ട് നയിക്കാൻ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് കരുത്തുറ്റ നേതൃത്വമാണ് വേണ്ടതെന്നും തിരിച്ചറിഞ്ഞ സീനിയർ നേതാക്കളിൽ പലരും ജി 23 എന്ന കൂട്ടയായ്മക്ക് രൂപം നൽകിക്കൊണ്ട് പാർട്ടിക്കകത്ത് നിലകൊള്ളുന്നുണ്ട്. ആ സാഹചര്യത്തിൽ നേതൃമാറ്റമെന്ന അജണ്ട ചിന്തൻ ശിബിരത്തിൽ ഉയർന്നു വരുമെന്ന കാര്യം ഉറപ്പാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ള പാർട്ടി പ്രസിഡന്റ് എന്ന ആവശ്യത്തെ സോണിയയും രാഹുലും അവരുടെ ഭക്തൻമാരും എത്രത്തോളം ഉൾക്കൊള്ളാൻ തയാറാകും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചിന്തൻ ശിബിരത്തിന്റെ പ്രസക്തി.
നേതൃമാറ്റം ഒരു പ്രധാന അജണ്ടയായി ചിന്തൻ ശിബിരത്തിൽ വരാതിരിക്കുന്നതിനുള്ള നീക്കങ്ങൾ നെഹ്‌റു കുടുംബ ഭക്തൻമാർ നടത്തുന്നുണ്ട്. അഥവാ വന്നാൽ തന്നെ രാഹുൽ വീണ്ടും പ്രസിഡന്റ് പദവിയിലെത്തണമെന്ന ആവശ്യമായിരിക്കും അവർ ഉന്നയിക്കുക. കാരണം സോണിയയുടെയും രാഹുലിന്റെയും പ്രീതിക്കനുസരിച്ചാണ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലരുടെയും ദൽഹിയിലെ കസേര ഉറപ്പിക്കപ്പെടുന്നുത്. അതുകൊണ്ട് തന്നെ സ്വയം കസേര തെറിപ്പിക്കാൻ ഇവരാരും മുതിരില്ല.
സംഘടനാ കാര്യം, രാഷ്ട്രീയം, കൃഷിയും കർഷകരും, യുവജനകാര്യം, സാമൂഹ്യ നീതി, സാമ്പത്തികം എന്നീ ആറ് വിഷയങ്ങളിലൂന്നിയാണ് ചിന്തൻ ശിബിരത്തിൽ ചർച്ചകൾ നടക്കുന്നത്. ഇതിൽ സംഘടനാ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും ഒരു വലിയ പൊളിച്ചെഴുത്തിന് പാർട്ടി തയാറായാൽ മാത്രമേ ചിന്തൻ ശിബിരത്തിന്റെ എന്തെങ്കിലും ഗുണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുകയുള്ളൂ. സംഘടനയിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കണം. അല്ലാതെയുള്ള തൊലിപ്പുറ ശസ്ത്രക്രിയകൾ കൊണ്ട് യാതൊരു ഗുണവും പാർട്ടിക്ക് ലഭിക്കില്ല.
കോൺഗ്രസിന് ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നും ചിന്തൻ ശിബിരം കഴിയുമ്പോഴേക്കും ചിന്തകളിലും പ്രവൃത്തിയിലും സമൂല മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ഒരു പാർട്ടിയായി കോൺഗ്രസ് മാറുമെന്നുമാണ് പാർട്ടി താൽക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിട്ടുള്ളത്. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സ്ഥിരം അധ്യക്ഷ പദവിയിലേക്ക് ഒരാളെ കണ്ടെത്തുകയും സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ എടുക്കുകയും ചെയ്താൽ തന്നെ ചിന്തൻ ശിബിരത്തിന്റെ ലക്ഷ്യങ്ങളിൽ പകുതിയോളം പൂർത്തീകരിച്ചുവെന്ന് പറയാനാകും. ഇനിയും സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ പടു കുഴിയിലേക്കായിരിക്കും കോൺഗ്രസിന്റെ പതനം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ചിന്തൻ ശിബിരത്തിന്റെ പ്രധാന ചർച്ചാ വിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിഛായക്ക് പകരം വെക്കാവുന്ന ഒരു നേതാവില്ലായെന്നതാണ്  കോൺഗ്രസ് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഒരു ദേശീയ നേതാവായി ഉയർത്തിക്കാട്ടാവുന്ന രാഷ്ട്രീയ പക്വത ഇനിയും രാഹുൽ ഗാന്ധി ആർജിച്ചിട്ടില്ല. സീസണൽ രാഷ്ട്രീയക്കാരൻ എന്നതിനപ്പുറമുള്ള തലത്തിലേക്ക് അദ്ദേഹത്തിന്റെ നേതൃശേഷി ഇപ്പോഴും വളർന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയമായ പ്രതിസന്ധികൾ വരുമ്പോൾ അതിൽ നിന്ന് പലപ്പോഴും ഒളിച്ചോടുന്ന അദ്ദേഹത്തിന്റെ ശീലത്തെ ന്യായീകരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസിലെ മറ്റു നേതാക്കൾ. ഒരു ക്രൗഡ് പുള്ളർ പോലും ആകാൻ കഴിയാത്ത നിലയിലേക്ക് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി മാറിപ്പോകുകയാണ്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിൽ പ്രാദേശിക കക്ഷികൾ പോലും വിശ്വാസം രേഖപ്പെടുത്താൻ തയാറാകാത്തത്. 
ബി.ജെ.പിക്ക് പകരം വെക്കാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് തന്നെയാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും. പ്രതിപക്ഷ കക്ഷികൾക്ക് നേതൃത്വം കൊടുക്കാനുള്ള കോൺഗ്രസിന്റെ ശേഷിയെപ്പോലും പ്രതിപക്ഷ നിരയിലെ പാർട്ടികൾ ചോദ്യം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടാൽ അതിൽ ഒരു കക്ഷിയായി മാത്രമേ ഇപ്പോഴത്തെ നിലയിൽ കോൺഗ്രസിനെ പരിഗണിക്കാൻ പ്രതിപക്ഷ കക്ഷികൾ തയാറാകുകയുള്ളൂ. 
പ്രതിപക്ഷ കക്ഷികളുടെ വിശ്വാസം ആർജിച്ചെടുക്കുകയും പ്രതിപക്ഷ മുന്നണിയെ നയിക്കാനുള്ള കെൽപുണ്ടെന്ന് തെളിയിക്കുകയുമാണ് ചിന്തൻ ശിബിരത്തിലൂടെ കോൺഗ്രസിന് ചെയ്യാനുള്ളത്. അതിന് ആദ്യം ശക്തമായ നേതൃത്വമുണ്ടാകണം, ബി.ജെ.പിയെ നേരിടുന്നതിനുള്ള കർമ പദ്ധതികളുണ്ടാകണം, അടിത്തറ മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഇതൊന്നും അത്രയ്ക്ക് എളുപ്പത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങളല്ല. കാരണം, പാർട്ടിയുടെ അടിത്തറ പോലും ഇളകിപ്പോയിരിക്കുന്നു. കോൺഗ്രസിന് മുൻതൂക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികൾ അധികാരത്തിലെത്തുകയോ അല്ലെങ്കിൽ അവർ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയോ ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായിരിക്കുന്നു. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണ്. അത്തരത്തിലുള്ള ചിന്തകളാണ് ചിന്തൻ ശിബിരത്തിൽ ചർച്ചകൾക്ക് വിധേയമാക്കേണ്ടത്.
കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളെയും ജനവിരുദ്ധ നയങ്ങളെയും ഫലപ്രദമായി ചെറുക്കുന്നതിനോ ഏറ്റവും ചുരുങ്ങിയത് അത് ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനോ ഉള്ള യാതൊരു നടപടികളും കഴിഞ്ഞ കുറെ കാലമായി കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ദേശീയ പാർട്ടിയെന്നത് ലേബലിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണുള്ളത്. പരിമിതികൾ ഒരുപാടുണ്ടെങ്കിലും ഇത്തരം വിഷയങ്ങളെ പ്രാദേശിക പാർട്ടികളാണ് ശരിയായ രീതിയിൽ അഡ്രസ് ചെയ്യുന്നത്. അതിന്റെ ഗുണം പ്രാദേശിക തലത്തിൽ അവർക്ക് ലഭിക്കുന്നുണ്ട്. 
പ്രാദേശിക പാർട്ടികൾ സ്വന്തം സംസ്ഥാനങ്ങളിൽ ഒതുങ്ങിക്കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും അധികാരത്തിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടി ഭരണം പിടിച്ചെടുത്തത് കാര്യങ്ങൾ മാറുന്നതിന്റെ ദിശാസൂചകമാണ്. ഇവിടെ ഭരണത്തിലിരുന്ന കോൺഗ്രസിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇത്തരം തിരിച്ചറിവുകളിലായിരിക്കണം ചിന്തൻ ശിബിരത്തിൽ ചർച്ചകൾ നടക്കേണ്ടത്. അല്ലാത്ത പക്ഷം യാതൊരു ചിന്തയുമില്ലാതെ മൂന്ന് ദിവസം സുഖിച്ചു കഴിയാനുള്ള വേദിയായി മാത്രം ചിന്തൻ ശിബിരം മാറിപ്പോകും.

 

Latest News