സ്ത്രീ ശാക്തീകരണത്തെ പറ്റി വലിയ വർത്തമാനങ്ങളും വിപുലമായ ചർച്ചകളും ഒരുപാട് നാം കേട്ടതാണ്. എന്നാൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ തുല്യ നീതിയല്ല ഇന്നത്തെ സാഹചര്യത്തിൽ അവൾക്ക് വേണ്ടത്, വില മതിക്കാനാവാത്ത സ്വന്തം ജീവൻ തന്നെയാണ്. ഈ ജീവന്റെ ആവശ്യം അവളുടേത് മാത്രമല്ല, കഷ്ടപ്പെട്ട് അതുവരേയും സംരക്ഷിച്ച മാതാപിതാക്കളുടേത് കൂടിയാണ്. നിയന്ത്രണം വിട്ട മനസ്സും നിറഞ്ഞ കണ്ണുകളുമായി മകൾക്ക് നീതി കിട്ടാനായി നെട്ടോട്ടമോടുന്ന എത്രയെത്ര രക്ഷിതാക്കളെയാണ് നാം കണ്ടത്. ഇതിനൊരു അറുതി വരുത്താൻ ജുഡീഷ്യറിക്ക് ഇനിയെങ്കിലും കഴിയണം.530
പെൺകുട്ടികൾ പങ്കാളികളാൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്നു. നല്ല നിയമ വ്യവസ്ഥകൾ നമുക്കുണ്ടെങ്കിലും ഒന്നും ഫലവത്തല്ല. എന്തുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയാത്തതെന്ന ചോദ്യം സമൂഹത്തിൽനിന്നും ഉയർന്നുവരുമ്പോൾ അത് പരിഹരിക്കാനുള്ള വലിയ ഉത്തരവാദിത്തം കോടതിയും പോലീസും അടങ്ങുന്ന നമ്മുടെ നിയമ സംവിധാനത്തിനുണ്ട്. കോടതിയും തെളിവെടുപ്പും അന്വേഷണങ്ങളും നന്നായി നടക്കുന്നു എന്നൊക്കെ വലിയ പ്രതീക്ഷയോടെ പറയുമെങ്കിലും പലപ്പോഴും അർഹിക്കുന്ന ശിക്ഷ കിട്ടാതെ രക്ഷപ്പെടുന്ന വേട്ടക്കാരനെ നോക്കി നിലവിളിക്കുന്ന ഇരയെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എത്ര ആധികാരിക തെളിവുകൾ കിട്ടിയാലും ദൃക്സാക്ഷി ഇല്ലാതായിപ്പോയതിനാൽ രക്ഷപ്പെട്ടവർ എത്രയോ. അങ്ങനെ എത്രയെത്ര സംഭവങ്ങളിലേക്കാണ് നമുക്കു ചുറ്റും നിത്യവും സംഭവിക്കുന്നത്. പെൺകുട്ടികളുള്ള അച്ഛനമ്മമാരുടെ നെഞ്ചിൽ അവ തീ കോരിയിടുകയാണ്.
ശിക്ഷ ഭയന്ന് കുറ്റകൃത്യങ്ങളിൽ നിന്ന് മാറിനിൽക്കുന്നവരാണ് പൊതുവെ മനുഷ്യർ. എന്നാൽ ആ പൊതുബോധത്തിനു പോലും ഇപ്പോൾ മാറ്റം വന്നു. എത്ര വലിയ കൊടുംക്രൂരത ചെയ്താലും കേസും കോടതിയും വിചാരണയും നേരിടുന്നവർ പോലും നിസ്സാരമായി രക്ഷപ്പെടുന്ന അവസ്ഥകളാണ് സമൂഹം കാണുന്നത്.
പീഡനത്തിന്റെ പൊറുതിമുട്ടലിൽ നിന്ന് അവൾ സ്വയം ഒടുങ്ങുന്നു. അല്ലെങ്കിൽ അവളെ ഇല്ലാതാക്കുന്നു. അതുമല്ലെങ്കിൽ നെഞ്ച് പൊട്ടി ഉരുകിത്തീരുന്നു. നിർഭയം മീഡിയക്ക് മുന്നിൽ ഭാവാഭിനയം കൊണ്ട് തകർത്ത് മുന്നേറുന്ന വേട്ടക്കാരനെയാണ് കാണാൻ കഴിയുന്നത്. അവരെ താങ്ങാൻ ഉളുപ്പില്ലാത്ത കുറെ മനുഷ്യരും. ഇത്തരക്കാരുടെ ഇടപെടലുകൾ കൊണ്ടുള്ള കേസ് അട്ടിമറിക്കലുകൾ അനുസ്യൂതം തുടരുന്നു. അതിനായി ഒത്താശ ചെയ്യുന്നവരെ മാറ്റി വിശ്വസിക്കാൻ കൊള്ളുന്നവരെ നോക്കി സേവകരാക്കുക. സമാധാനാന്തരീക്ഷം ഉണ്ടാവാൻ ഒരു അഴിച്ചുപണി ഇനിയെങ്കിലും ഉറപ്പായും വേണം. കൗശലവും വാഗ്ധോരണിയും കൊണ്ട് എല്ലാ തെളിവുകളും അപ്രസക്തമാക്കാൻ കഴിവുള്ള അതിവിദഗ്ധരായ നിയമജ്ഞരെയും നീതിപീഠത്തിനു മുന്നിൽ കാണാൻ കഴിയും. അതുകൊണ്ടാണല്ലോ ജസ്റ്റിസ് കൃഷ്ണയ്യർ പറഞ്ഞത്, എത്രയോ നിരപരാധികളുടെ പാപക്കറ ജുഡീഷ്യറിയുടെ കൈകളിൽ പുരണ്ടിട്ടുണ്ടെന്ന്.
സ്ത്രീ ശാക്തീകരണത്തെപ്പറ്റി വലിയ വർത്തമാനങ്ങളും വിപുലമായ ചർച്ചകളും ഒരുപാട് നാം കേട്ടതാണ്. എന്നാൽ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ തുല്യ നീതിയല്ല ഇന്നത്തെ സാഹചര്യത്തിൽ അവൾക്ക് വേണ്ടത്, വില മതിക്കാനാവാത്ത സ്വന്തം ജീവൻ തന്നെയാണ്. ഈ ജീവന്റെ ആവശ്യം അവളുടേത് മാത്രമല്ല, കഷ്ടപ്പെട്ട് അതുവരേയും സംരക്ഷിച്ച മാതാപിതാക്കളുടേത് കൂടിയാണ്. നിയന്ത്രണം വിട്ട മനസ്സും നിറഞ്ഞ കണ്ണുകളുമായി മകൾക്ക് നീതി കിട്ടാനായി നെട്ടോട്ടമോടുന്ന എത്രയെത്ര രക്ഷിതാക്കളെയാണ് നാം കണ്ടത്. ഇതിനൊരു അറുതി വരുത്താൻ ജുഡീഷ്യറിക്ക് ഇനിയെങ്കിലും കഴിയണം.
ഒരു ദേശത്തിന്റെ പുരോഗതി സ്ത്രീയിലൂടെയാണെന്ന് പഠിപ്പിച്ച മഹാത്മാ ഗാന്ധിയുടെ ചോര വീണ ഭാരതത്തിന്റെ മണ്ണിൽ നിന്നു കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളും കോപ്രായങ്ങളും പെണ്ണിന് നേരെ ചെയ്തു കൂട്ടുന്നതെന്നോർക്കണം. വിവാഹ ശേഷം മറ്റിടങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി തനിക്ക് മുന്നിൽ സ്വയം അതിർത്തി വെച്ച് പങ്കാളിയിലേക്കൊതുങ്ങുന്നവരാണ് സ്ത്രീകൾ. വാസ്തവത്തിൽ
പരിധി വിട്ട് ഒരു പുരുഷന്റെ മുന്നിൽ തല കുനിക്കേണ്ടവളല്ലല്ലോ സ്ത്രീ? അനുസരിച്ച് പോയതിന് അടി വാങ്ങുന്ന വർഗം. വേദനകൾ നിരന്തരം ഏറ്റുവാങ്ങിയിട്ടും നന്നാവുമെന്ന പ്രതീക്ഷയിൽ ഒപ്പം നടക്കും. ഈ ഒതുങ്ങലും പൊറുക്കലും മറക്കലും തൊഴുതു നിൽക്കലും ഒക്കെയാണ് അവളുടെ ജീവൻ വരെ ഇല്ലാതാക്കുന്നത് എന്നോർക്കണം.
പ്രശ്നപരിഹാരത്തിനായി പെൺകുട്ടികൾ മാനസികമായി ശക്തരാകണം. ദാമ്പത്യം വീണുടയുമ്പോൾ ആത്മഹത്യയിൽ അവസാനിപ്പിക്കേണ്ടതല്ല എന്റെ ജീവിതമെന്നും വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്നും ഓരോ സ്ത്രീയും മനസ്സിലാക്കണം. വിവാഹജീവിതത്തിൽ പല പ്രതിസന്ധികളെയും നേരിടേണ്ടിവരും. അതിനെയൊക്കെ മറികടക്കാനുള്ള മനക്കരുത്തുണ്ടാക്കിയെടുക്കണം. സ്വന്തം കഴിവു കൊണ്ടു തന്നെ ശക്തമായി പ്രതിരോധിക്കാൻ മനസ്സിനെ പാകപ്പെടുത്തണം. ദാമ്പത്യം ദുഃസ്സഹമാകുന്ന ഘട്ടം വരുമ്പോൾ വേർപെടുത്തി തിരിഞ്ഞു നടക്കാനുള്ള തീരുമാനത്തിലേക്കാണ് സ്ത്രീകൾ എത്തേണ്ടത്. അല്ലെങ്കിലും ഇനിയുള്ള കാലം ഒരു സ്ത്രീക്ക് അവസരോചിതമായി എന്ത് പ്രശ്നങ്ങളിലും തീരുമാനമെടുക്കാനുള്ള മിടുക്ക് വേണം. ഇല്ലെങ്കിൽ എരിഞ്ഞു തീരും. പുറംലോകമറിഞ്ഞാൽ നാണക്കേടാകുമെന്ന ധാരണ ഒട്ടും ശരിയല്ല. ആ തെറ്റിദ്ധാരണയുടെ പുറത്താണ് സ്വന്തം രക്ഷിതാക്കളെ പോലും മറച്ചുവെച്ച് അവസാനം ജീവൻ വരെ നഷ്ടമാകുന്നതിൽ എത്തിച്ചേരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ വേണ്ടപ്പെട്ടവരോട് തുറന്നുപറഞ്ഞ് ഉചിതമായ തീരുമാനമെടുക്കാൻ പെൺകുട്ടികൾ പ്രാപ്തരാകണം. മുന്നിൽ ഒരു ജീവിതം പരന്നു കിടക്കുന്നുണ്ടെന്ന് തിരിച്ചറിയുക. എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലും പോറലേൽക്കാതെ ജീവിക്കാൻ പഠിക്കണം. അതിന്റെയൊക്കെ കുറവിലാണ് തടഞ്ഞു വീഴുന്നതും അവസാനം വിസ്മയയും റിഫയും ഒക്കെയായിത്തീരുന്നതും.
ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയയിലൂടെ സ്ത്രീപീഡന പരമ്പര അവസാനിക്കുമെന്ന് ആശ്വസിച്ചിരുന്നതാണ്. അത്രയേറെ പ്രതിഷേധമുയർന്ന സംഭവമായിരുന്നു അത്. എന്നിട്ടും സമൂഹത്തിൽ മാറ്റമൊന്നുമില്ല.
റിഫാ മെഹ്നു മരണം വീണ്ടും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഏറെ ദുരൂഹത നിറഞ്ഞ ഈ മരണം പല ചോദ്യങ്ങളും ഉയർത്തുന്നു. മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരിക്കുന്നു.
ഇതിനു കാരണം മരണത്തിൽ ആരോപണ വിധേയനായ ഭർത്താവ് തന്നെയാണ്. പോസ്റ്റ്മോർട്ടം നടത്തിയെന്ന് കള്ളം പറഞ്ഞു. സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ മൃതദേഹം കുഴിയിൽനിന്ന് എടുക്കേണ്ടിവരുമായിരുന്നില്ല. ഇതൊക്കെയായിട്ടും മാധ്യമങ്ങൾ ഈ വിഷയം വേണ്ട ഗൗരവത്തിൽ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല, തെളിവ് പുറത്തു കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയ യൂട്യൂബർക്ക് നേരെ വലിയ സൈബർ ആക്രമണം വരെ നടന്നുകൊണ്ടിരിക്കുന്നു. അതായത് സത്യം പുറത്തുവരുന്നത് ഇഷ്ടപ്പെടാത്ത പ്രബലരായ ഒരു വിഭാഗം ഉണ്ടെന്നർഥം.
ഒരിക്കൽ സ്നേഹിച്ചു പോയതിന്റെ പേരിൽ ഒപ്പം ജീവിക്കണമെന്ന് നിർബന്ധം പിടിച്ച ഒരു വ്യക്തി കൂടിയാണ് റിഫ. കല്ലുകടി തുടങ്ങിയാൽ വന്ന വഴിയേ തിരിഞ്ഞു നടക്കുക. സാഹചര്യത്തിനനുസരിച്ച് ജീവിതത്തെ ഗതിമാറ്റി ഒഴുക്കണം. ഒരു കാര്യം സ്ത്രീ സമൂഹം ഇനിയെങ്കിലും ഓർക്കുക, നമ്മെ തട്ടി മാറ്റുന്ന ഒരാൾക്കൊപ്പം വലിഞ്ഞു കേറി നടക്കുന്നത് എന്തിനാണ്. കാലത്തിന്റെ ശീലങ്ങളിൽ നിന്ന് മാറിച്ചിന്തിക്കാനും തീരുമാനമെടുക്കാനും സമയമായിരിക്കുന്നു.






