Sorry, you need to enable JavaScript to visit this website.

ചുവപ്പൻ

1998 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനെ ചരിത്രത്തിലാദ്യമായി ലോക കിരീടത്തിലേക്കു നയിച്ചാണ് സിനദിൻ യസീദ് സിദാൻ എന്ന അൾജീരിയൻ വംശജൻ ഫ്രഞ്ചുകാരുടെ ഹൃദയ സിംഹാസനം കീഴടക്കിയത്. എട്ടു വർഷത്തിനു ശേഷം മറ്റൊരു ലോക കിരീടം കൈപ്പാടകലെ എത്തി നിൽക്കെ സിദാൻ ചുവപ്പ് കാർഡ് വാങ്ങി, തലതാഴ്ത്തി തന്റെ ഫുട്‌ബോൾ കരിയറിന്റെ അവസാന കുമ്മായ വരയും കടന്നു. മിഷേൽ പ്ലാറ്റീനി ഒഴിച്ചിട്ടു പോയ മധ്യനിരയിലേക്കാണ് തലയെടുപ്പോടെ സിദാൻ കടന്നുവന്നത്. 1998 ലെ ബ്രസീലിനെതിരായ ഫൈനലിൽ സിദാന്റെ രണ്ട് ഹെഡർ ഗോളുകൾ ഫ്രാൻസിനെ ലോക ചാമ്പ്യന്മാരാക്കി. പ്ലാറ്റീനിക്കു പോലും സാധ്യമാവാത്ത നേട്ടം. 2006 ൽ കരിയറിലെ അവസാന മത്സരത്തിൽ ഇറ്റലിക്കെതിരായ ഫൈനലിലും സിദാൻ സ്‌കോർ ചെയ്തു. പക്ഷെ എക്‌സ്ട്രാ ടൈമിൽ മാർക്കൊ മാറ്റെരാസിയുടെ പ്രകോപനത്തിൽ ക്ഷിപ്രകോപിയായ സിദാൻ വീണു. എതിരാളിയെ ഇടിച്ചിട്ട് ചുവപ്പ് കാർഡ് വാങ്ങി ലോകകപ്പിന് സമീപത്തു കൂടെ സിദാൻ മടങ്ങിയത് ആ ലോകകപ്പിന്റെ ഓർമച്ചിത്രമായി. അനുഗൃഹീതനായ ഈ കളിക്കാരനെ അവസാന മത്സരം പൂർത്തിയാക്കാൻ വിധി അനുവദിച്ചില്ല. സിദാൻ കളത്തിലുണ്ടായിരുന്നുവെങ്കിൽ ഷൂട്ടൗട്ടിൽ ഫ്രാൻസ് ജയിച്ചേനേ എന്നു വിശ്വസിക്കുന്നവരേറെ. ചുവപ്പ് കാർഡിന്റെ കറയുണ്ടായിട്ടും ആ ലോകകപ്പിലെ മികച്ച കളിക്കാരനായി ഈ കഷണ്ടിക്കാരൻ. 
ഫ്രാൻസ് ഏറ്റവും നേട്ടമുണ്ടാക്കിയ കാലത്ത് അവരുടെ മികച്ച കളിക്കാരനായിരുന്നു സിദാൻ. 1998 ലെ ലോകകപ്പിന് പിന്നാലെ 2000 ൽ അവരെ യൂറോ കപ്പ് ജയത്തിലേക്കു നയിച്ചു. ആ യൂറോ കപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. 
മൂന്നു തവണ ഫിഫ ലോക ഫുട്‌ബോളർ ഓഫ് ദ ഇയറായി. പ്രകോപനങ്ങൾക്ക് തുല്യനാണയത്തിൽ മറുപടി കൊടുക്കുന്ന ശീലം സിദാനെ നിരവധി ശിക്ഷകളിലേക്ക് നയിച്ചു. ലോകകപ്പിൽ രണ്ടു തവണ ചുവപ്പ് കാർഡ് കണ്ട രണ്ടു കളിക്കാരിലൊരാളാണ് സിദാൻ. 1998 ൽ സൗദി അറേബ്യക്കെതിരെയായിരുന്നു ആദ്യത്തേത്. 1998 ൽ യൂറോപ്പിലെ മികച്ച കളിക്കാരനായി. 
1953 ൽ ഫ്രാൻസിൽ കുടിയേറിയ കുടുംബത്തിൽ 1972 ൽ ജനിച്ച സിദാൻ 1992 ൽ ബോർദോയിൽ ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബിസന്റ് ലിസറസുവും ക്രിസ്റ്റഫ് ദുഗാരിയുമൊത്ത് അവിടെയുണ്ടായ കൂട്ടുകെട്ട് ഫ്രഞ്ച് ദേശീയ ടീമിലേക്കും വളർന്നു. 1996 ൽ ഇറ്റലിയിൽ യുവന്റസിൽ ചേരുകയും പിറ്റേ വർഷം അവരെ ലീഗ് ചാമ്പ്യന്മാരാക്കുകയും ചെയ്തു. യുവന്റസിലും പ്ലാറ്റീനിയുടെ പിൻഗാമിയായിരുന്നു സിദാൻ.
1998 ൽ മധ്യനിരയിൽ സിദാന്റെ മായാജാലമാണ് ഫ്രാൻസിനെ കിരീടത്തിലേക്കു നയിച്ചത്. സിദാൻ ദേശീയ ഹീറോ ആയി. 2000 ൽ യൂറോ കപ്പ് നേടിയപ്പോൾ ഒരേസമയം ലോക, യൂറോപ്യൻ ചാമ്പ്യന്മാരാവുന്ന രണ്ടാമത്തെ മാത്രം ടീമായി ഫ്രാൻസ്. പരിക്കു കാരണം 2002 ലെ ലോകകപ്പിൽ ഒരു കളിയിലേ സിദാന് ഇറങ്ങാനായുള്ളൂ, ആദ്യ റൗണ്ടിൽ പുറത്താവുന്ന ആദ്യ നിലവിലെ ചാമ്പ്യന്മാരായി ഫ്രാൻസ് നാണം കെട്ടു. 2004 ലെ യൂറോ കപ്പ് ക്വാർട്ടറിൽ ഫ്രാൻസ് പുറത്തായ ശേഷം വിരമിച്ചെങ്കിലും 2006 ലെ ലോകകപ്പിന് യോഗ്യത നേടാൻ ഫ്രാൻസ് ബുദ്ധിമുട്ടിയതോടെ സിദാൻ തിരിച്ചുവന്നു. 100 മത്സരം പൂർത്തിയാക്കി. രണ്ട് ലോകകപ്പ് ഫൈനലുകളിൽ ഗോളടിച്ച നാലു കളിക്കാരിലൊരാളാണ് സിദാൻ. വാവ, പെലെ (ബ്രസീൽ), പോൾ ബ്രയ്റ്റ്‌നർ (ജർമനി) എന്നിവരാണ് മറ്റുള്ളവർ. വാവയും പെലെയും ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റും മാത്രമേ ലോകകപ്പ് ഫൈനലുകളിൽ മൂന്നു ഗോളടിച്ചിട്ടുള്ളൂ.
2001 ൽ ലോക റെക്കോർഡ് തുകക്കാണ് സിദാൻ റയൽ മഡ്രീഡിൽ ചേർന്നത്. 2002 ൽ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു. അടുത്ത വർഷം റയൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായി. വിരമിച്ച ശേഷം റയൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവായി. പിന്നീട് റയലിന്റെ കോച്ചായി പേരെടുത്തു.
'സിദാൻ' എന്ന 2009 ലെ പ്രശസ്ത ഡോക്കുമെന്ററി ഒരു സ്പാനിഷ് ലീഗ് മത്സരത്തിൽ 17 ക്യാമറകളുപയോഗിച്ച് സിദാന്റെ നീക്കങ്ങൾ മാത്രം ഒപ്പിയെടുത്തതാണ്. ആ കളിയിലും സിദാൻ ചുവപ്പ് കാർഡ് കണ്ടു.

Latest News