Sorry, you need to enable JavaScript to visit this website.

വക്ക വക്കയുടെ ആഹ്ലാദം

2010 ദക്ഷിണാഫ്രിക്ക, 11 ജൂൺ-11 ജൂലൈ

അതിർത്തികൾ കടന്നുള്ള ലോകകപ്പിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ആഫ്രിക്കയിൽ നടന്ന 2010 ലെ ടൂർണമെന്റ്. വൻകരകളിൽ മാറി മാറി ലോകകപ്പ് നടത്താൻ ഫിഫ തീരുമാനമെടുത്തതിന്റെ ഗുണഭോക്താക്കളായിരുന്നു ദക്ഷിണാഫ്രിക്ക. ഈ തീരുമാനം ഉടനെ തന്നെ പിൻവലിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയും മൊറോക്കോയും ഈജിപ്തുമായിരുന്നു ആഫ്രിക്കയിലെ ആദ്യ ലോകകപ്പിനായി മുന്നോട്ടുവന്നത്. യൂറോപ്പിലേതു പോലെ സൗകര്യങ്ങൾ ആഫ്രിക്കയിലില്ല. അതിനാൽ ഏതു രാജ്യത്തു നടത്തിയാലും അത് വലിയ വെല്ലുവിളിയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വലിയ റഗ്ബി ഗ്രൗണ്ടുകളുണ്ടായിരുന്നു. എന്നാൽ ഫുട്‌ബോളിന് കൂടുതൽ പ്രചാരം മൊറോക്കോയിലായിരുന്നു. ഈജിപ്ത് പിന്മാറിയില്ലെങ്കിലും അവർ ലോകകപ്പ് വേദിക്കായി വലിയ ശ്രമമൊന്നും നടത്തിയില്ല. പത്തിനെതിരെ 14 വോട്ടിന് മൊറോക്കോയെ മറികടന്ന് ദക്ഷിണാഫ്രിക്ക തെരഞ്ഞെടുക്കപ്പെട്ടു. 
32 ടീമുകൾക്ക് ഫൈനൽ റൗണ്ടിൽ സ്ഥാനം ലഭിച്ചതോടെ പ്രമുഖ ടീമുകൾക്ക് ബെർത്ത് നഷ്ടപ്പെടാനുള്ള സാധ്യത കുറഞ്ഞു. ആഫ്രിക്കയിലെ ആദ്യ നാലു റാങ്കുകാരും യോഗ്യത നേടി. ഘാനയും ഐവറികോസ്റ്റും കാമറൂണും അനായാസം മുന്നേറി. തുനീഷ്യയെ കഷ്ടിച്ചാണ് നൈജീരിയ മറികടന്നത്. എന്നാൽ അൾജീരിയയും ഈജിപ്തും തമ്മിലുള്ള പോരാട്ടം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയതായി. കലാപങ്ങളാണ് ഇരു രാജ്യത്തും അരങ്ങേറിയത്. നയതന്ത്രപ്രതിനിധികൾക്ക് ഇടപെടേണ്ടി വന്നു. ഒടുവിൽ പ്ലേഓഫിൽ അൾജീരിയ യോഗ്യത നേടി. 
ഏഷ്യയിൽ തെക്കും വടക്കും കൊറിയകൾ യോഗ്യത നേടി. ഒപ്പം ജപ്പാനും ഓസ്‌ട്രേലിയയും. സൗദി അറേബ്യക്ക് നിർഭാഗ്യമായിരുന്നു. ഗോൾവ്യത്യാസത്തിൽ അവരെ വടക്കൻ കൊറിയ മറികടന്നു. പിന്നീട് പ്ലേഓഫ് സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ബഹ്‌റൈനോട് തോറ്റു. ബഹ്‌റൈനെ പ്ലേഓഫിൽ തോൽപിച്ച് ന്യൂസിലാന്റ് ബെർത്ത് നേടി. 
കോൺകകാഫിൽ നിന്ന് അമേരിക്കക്കും മെക്‌സിക്കോക്കുമൊപ്പം കോസ്റ്ററീക്ക യോഗ്യത നേടേണ്ടതായിരുന്നു. നാലു മിനിറ്റ് ശേഷിക്കെ അമേരിക്കക്കെതിരെ വഴങ്ങിയ ഗോൾ അവർക്ക് തിരിച്ചടിയായി. ഹോണ്ടൂറാസ് ഗോൾവ്യത്യാസത്തിൽ മുന്നേറി. കോസ്റ്ററീക്കയെ പ്ലേഓഫിൽ തോൽപിച്ച് ഉറുഗ്വായും ബെർത്തുറപ്പിച്ചു. 
ഡിയേഗൊ മറഡോണയായിരുന്നു അർജന്റീനാ കോച്ച്. ലാറ്റിനമേരിക്കയിലെ യോഗ്യതാ റൗണ്ട് പാതിവഴി പിന്നിട്ടപ്പോൾ അർജന്റീന പ്രതീക്ഷ കൈവിട്ടതായിരുന്നു. ബൊളീവിയയോട് അവർ 1-6 ന് തോറ്റു. തുടർച്ചയായി നാലു കളികൾ കൈവിട്ടു. ഒടുവിൽ മുപ്പത്താറുകാരൻ മാർടിൻ പാലെർമോയുടെ ഗോളാണ് കഷ്ടിച്ചു കടന്നുകൂടാൻ അവരെ സഹായിച്ചത്. 

ആതിഥേയർ -ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാർ - സ്‌പെയിൻ
ടീമുകൾ - 32, കളികൾ 64
യോഗ്യതാ റൗണ്ടിൽ മത്സരിച്ച ടീമുകൾ: 197
ടോപ്‌സ്‌കോറർ - തോമസ് മുള്ളർ (ജർമനി, 5 ഗോൾ)
മികച്ച കളിക്കാരൻ - ഡിയേഗൊ ഫോർലാൻ (ഉറുഗ്വായ്)
മികച്ച ഗോളി - ഇകർ കസിയാസ് (സ്‌പെയിൻ)
പ്രധാന അസാന്നിധ്യം: നൈജീരിയ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: വടക്കൻ കൊറിയ, 
സ്ലൊവാക്യ, ന്യൂസിലാന്റ്
ആകെ ഗോൾ 145 (ശരാശരി 2.27), കൂടുതൽ ഗോളടിച്ച ടീം -ജർമനി (16)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും 
ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ. 

യൂറോപ്പിൽ സ്‌പെയിനും നെതർലാന്റ്‌സും എല്ലാ കളികളും ജയിച്ചു. ഇറ്റലിയും ജർമനിയും അപരാജിതരായി. 2008 ലെ യൂറോ കപ്പിന് യോഗ്യത നേടാനാവാതിരുന്ന ഇംഗ്ലണ്ട് പത്തു കളികളിൽ ഒമ്പതും ജയിച്ചു, ഉക്രൈനോട് മാത്രമാണ് തോറ്റത്. ഇംഗ്ലണ്ടിനു വേണ്ടി വെയ്ൻ റൂണിയും തിയൊ വാൽകോട്ടും ഉജ്വല ഫോമിലായിരുന്നു. പോർചുഗലിനും ഫ്രാൻസിനും പ്ലേഓഫിന്റെ വഴി തേടേണ്ടി വന്നു. പോർചുഗൽ അനായാസം ജയിച്ചു. അയർലന്റിനെതിരെ എക്‌സ്ട്രാ ടൈമിൽ തിയറി ഓൺറി കൈ കൊണ്ട് നിയന്ത്രിച്ച ശേഷം നൽകിയ പാസിലാണ് ഫ്രാൻസ് വിജയ ഗോളടിച്ചത്. 
സ്‌പെയിനിനായിരുന്നു കിരീടസാധ്യത കൽപിക്കപ്പെട്ടത്. നെതർലാന്റ്‌സും ഫോമിലായിരുന്നു. മറഡോണയുടെ അർജന്റീന അദ്ഭുതം കാട്ടുമെന്ന് ആരാധകർ വിശ്വസിച്ചു. ഘാനയും ഐവറികോസ്റ്റും കറുത്ത കുതിരകളാവുമെന്ന് പ്രവചിക്കപ്പെട്ടു.
ഗ്രൂപ്പ് ഘട്ടം കടക്കാത്ത ആദ്യ ആതിഥേയ ടീമായി ദക്ഷിണാഫ്രിക്ക. പക്ഷെ ഫ്രാൻസിനെ അട്ടിമറിച്ച അവർ തലയുയർത്തിയാണ് മടങ്ങിയത്. ഒപ്പം ഫ്രാൻസും പുറത്തായി. ഉറുഗ്വായും മെക്‌സിക്കോയും രണ്ടാം റൗണ്ടിലെത്തി. 
മിന്നുന്ന ആക്രമണനിരയുമായി അർജന്റീന ഗ്രൂപ്പ് ബി-യിൽ മൂന്നു കളികളും ജയിച്ചു. ഒപ്പം മുന്നേറിയത് തെക്കൻ കൊറിയയാണ്. ഗ്രീസും നൈജീരിയയും നിരാശപ്പെടുത്തി. വിരസമായിരുന്നു ഗ്രൂപ്പ് സി. അമേരിക്ക ഒന്നാം സ്ഥാനത്തെത്തി. ഒപ്പം ഇംഗ്ലണ്ടും മുന്നേറി. അൾജീരിയയും സ്ലൊവേനിയയും പുറത്തായി. ഓസ്‌ട്രേലിയയെ 4-0 ന് തകർത്താണ് ഗ്രൂപ്പ് ഡി-യിൽ ജർമനി തുടങ്ങിയത്. എന്നാൽ സെർബിയയോട് തോറ്റു. പക്ഷെ ഓസ്‌ട്രേലിയയോടും ഘാനയോടും സെർബിയ കീഴടങ്ങി. ഘാനയെ 1-0 ന് തോൽപിച്ച് ജർമനി പ്രി ക്വാർട്ടറിലെത്തി. ഗോൾവ്യത്യാസത്തിൽ ഓസ്‌ട്രേലിയയെ മറികടന്ന് ഘാനയും. ഗ്രൂപ്പ് ഇ-യിൽ നെതർലാന്റ്‌സ് മൂന്നു കളിയും ജയിച്ചു. ജപ്പാൻ രണ്ടു കളിയും. ഡെന്മാർക്കും ഒരു പോയന്റുമില്ലാതെ കാമറൂണും പുറത്തായി. ജപ്പാൻ 3-1 ന് ഡെന്മാർക്കിനെ കീഴടക്കി. 
ഗ്രൂപ്പ് എഫിൽ ചാമ്പ്യന്മാരായ ഇറ്റലി വിരസ സമനിലകളുമായാണ് തുടങ്ങിയത്. പാരഗ്വായുമായും ന്യൂസിലാന്റുമായും. അവസാന കളിയിൽ സ്ലൊവാക്യയോട് 2-3 ന് തോറ്റു. ലോകകപ്പിൽ ഇറ്റലിയുടെ ദുരന്തങ്ങളുടെ തുടക്കമായിരുന്നു അത്. പാരഗ്വായും സ്ലൊവാക്യയുമാണ് രണ്ടാം റൗണ്ടിലെത്തിയത്. 
ഗ്രൂപ്പ് ജി-യിൽ ബ്രസീലും പോർചുഗലും തമ്മിലുള്ള പോരാട്ടത്തിനായാണ് കായികലോകം കാത്തിരുന്നത്. വിരസ ഗോൾരഹിത സമനിലയായിരുന്നു അത്. അതിനു മുമ്പ് ഇരു ടീമുകളും പ്രി ക്വാർട്ടറിലെത്തിയിരുന്നു. പോർചുഗലിനെ തളച്ചെങ്കിലും ഐവറികോസ്റ്റ് പുറത്തായി. പോർചുഗലിനോട് 0-7 ന് തോറ്റ് വടക്കൻ കൊറിയ നാണം കെട്ടു മടങ്ങി. കിരീടസാധ്യതകളായ സ്‌പെയിൻ ഗ്രൂപ്പ് ജി-യിൽ സ്വിറ്റ്‌സർലന്റിനോട് തോറ്റാണ് തുടങ്ങിയത്. അവശേഷിച്ച രണ്ടു കളി ജയിച്ച് മുന്നേറി. സ്വിറ്റ്‌സർലന്റിനെയും ഹോണ്ടൂറാസിനെയും കീഴടക്കി ചിലെയും പ്രി ക്വാർട്ടറിലെത്തി. 
പ്രി ക്വാർട്ടറിൽ പാരഗ്വായ് ഷൂട്ടൗട്ടിൽ ജപ്പാനെ മറികടന്നു. സ്‌പെയിൻ ഡേവിഡ് വിയയുടെ ഗോളിൽ പോർചുഗലിനെ മുട്ടുകുത്തിച്ചു. എന്നാൽ ജർമനി 4-1 ന് ഇംഗ്ലണ്ടിനെ തകർത്തു. അർജന്റീന 3-1 ന് മെക്‌സിക്കോയെയും ബ്രസീൽ 3-0 ന് ചിലെയെയും കീഴടക്കി. ഉറുഗ്വായ് 2-1 ന് തെക്കൻ കൊറിയയെയും ഘാന അതേ മാർജിന് അമേരിക്കയെയും തോൽപിച്ചു. നെതർലാന്റ്‌സിനും 2-1 വിജയമായിരുന്നു. സ്ലൊവാക്യക്കെതിരെ. ജർമനിയുടെയും അർജന്റീനയുടയും ജയങ്ങളുടെ പൊലിമ മോശം റഫറിയിംഗ് കാരണം മങ്ങി. ചിലെക്കെതിരെ ലൂയിസ് ഫാബിയാനൊ സ്‌കോർ ചെയ്ത ബ്രസീലിന്റെ ടീം ഗോൾ മനോഹരമായിരുന്നു. 
ക്വാർട്ടറിൽ ബ്രസീലിന്റെ കുതിപ്പ് നെതർലാന്റ്‌സിനു മുന്നിൽ അവസാനിച്ചു. അർജന്റീനയെ 4-0 ന് ജർമനി തരിപ്പണമാക്കി. വിയ വീണ്ടും സ്‌കോർ ചെയ്തതോടെ സ്‌പെയിൻ 1-0 ന് പാരഗ്വായെ തോൽപിച്ചു. ഘാന-ഉറുഗ്വായ് മത്സരമാണ് ആവേശകരമായത്. ഷൂട്ടൗട്ടിൽ ഉറുഗ്വായ് സെമിയിലെത്തി. സെമിയിൽ ഉറുഗ്വായ്‌ക്കെതിരെ നെതർലാന്റ്‌സിന്റെ 3-2 വിജയം സ്‌കോർ സൂചിപ്പിക്കുന്നതിനെക്കാൾ അനായാസമായിരുന്നു. സ്‌പെയിൻ വീണ്ടും ഒരു ഗോൾ മാർജിനിൽ കടന്നുകൂടി. മനോഹരമായി കളിച്ച ജർമനിയുടെ മുന്നേറ്റമാണ് അവർ അവസാനിപ്പിച്ചത്. ഫൈനലിൽ സ്‌പെയിനിന്റെ ആ ഒരു വിജയഗോളിന്  എക്‌സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ആന്ദ്രെ ഇനിയെസ്റ്റയുടെ ഗോളിൽ ഡച്ച് പടയെ തോൽപിച്ച് അവർ കിരീടത്തിൽ മുത്തമിട്ടു. ഓറഞ്ച് പട മൂന്നാം തവണ ഫൈനലിൽ തോറ്റു. 
2006 ൽ തന്നെ ആഫ്രിക്കയിൽ ലോകകപ്പ് നടക്കേണ്ടതായിരുന്നു, എന്നാൽ ദക്ഷിണാഫ്രിക്കനുകൂലമായി വോട്ട് ചെയ്യേണ്ട ഓഷ്യാന പ്രതിനിധി വോട്ടെടുപ്പ് തലേന്ന് മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി പിന്മാറി. ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ജർമനി വേദി നേടി. സംഭവം വൻ വിവാദമായതോടെ 2010 ലെ വേദി ആഫ്രിക്കക്കായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. വൂവുസേല എന്ന ആഫ്രിക്കൻ സംഗീത ഉപകരണം ലോകകപ്പ് വേദികളിൽ ആഹ്ലാദത്തിന്റെ കുഴൽ നാദമായി. കൊളംബിയൻ ഗായിക ഷാക്കിറയുടെ വക്ക വക്ക ലോകകപ്പ് ഗാനവും വൻ ഹിറ്റായി. വർണവിവേചനത്തിനെതിരായ പോരാളി നെൽസൺ മണ്ടേല ഫൈനലിന് മുമ്പ് സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത് വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചു. സ്‌പെയിൻ ലോകകപ്പ് ഉയർത്തുന്ന എട്ടാമത്തെ ടീമായി. സ്വ്ന്തം വൻകരക്കു പുറത്ത് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ ടീമുമായി അവർ. എന്നാൽ യൂറോപ്പിലെ 13 ടീമുകളിൽ ആറെണ്ണത്തിന് മാത്രമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാനായത്. എക്കാലത്തെയും മോശം. കളിക്കളത്തിൽ മാത്രമല്ല കളത്തിനു പുറത്തും ഈ ലോകകപ്പ് ശ്രദ്ധേയമായി. ഡിയേഗൊ മറഡോണയായിരുന്നു അർജന്റീനയുടെ പരിശീലകൻ. കാർലോസ് ആൽബർടൊ പെരേര ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചു. ടൂർണമെന്റിൽ പരാജയമറിയാത്ത ഏക ടീം  ന്യൂസിലാന്റായിരുന്നു, അവർ പക്ഷെ ആദ്യ റൗണ്ടിൽ പുറത്തായി. 
നിലവിലെ റണ്ണേഴ്‌സ്അപ്പായ ഫ്രാൻസ് യോഗ്യത നേടിയത് വൻ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. അയർലന്റിനെതിരായ പ്ലേഓഫിലെ ഫ്രാൻസിന്റെ ഗോൾ തിയറി ഓൺറി നേടിയത് പന്ത് കൈ കൊണ്ട് തടുത്തിട്ട ശേഷമായിരുന്നു. മുപ്പത്തിമൂന്നാം ടീമായി തങ്ങളെ കളിപ്പിക്കണമെന്ന് അയർലന്റ് ആവശ്യപ്പെട്ടു.  ജർമനിക്കെതിരായ ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ ഒരു ഗോൾ നിഷേധിക്കപ്പെടുക കൂടി ചെയ്തതോടെ ഗോൾ ലൈൻ സാങ്കേതിക വിദ്യ വേണമെന്ന ആവശ്യം ശക്തമായി. എന്തായാലും ചാമ്പ്യന്മാരായ ഇറ്റലിയും റണ്ണേഴ്‌സ്അപ് ഫ്രാൻസും ആദ്യ റൗണ്ട് കടക്കാതെ മടങ്ങി. കളിക്കാരും കോച്ചും തമ്മിലുള്ള കലഹം കാരണം ഫ്രഞ്ച് ടീം അമ്പേ നാണം കെട്ടു. ഫ്രാൻസിനെ തോൽപിച്ചെങ്കിലും ദക്ഷിണാഫ്രിക്ക ആദ്യ റൗണ്ട് കടക്കാത്ത പ്രഥമ ആതിഥേയ ടീമായി. യോഗ്യതാ റൗണ്ടിൽ എല്ലാ കളികളും ജയിച്ച സ്‌പെയിനിനെ ആദ്യ റൗണ്ടിൽ സ്വിറ്റ്‌സർലാന്റ് വകവരുത്തി.
ഘാന ഒഴികെയുള്ള ആഫ്രിക്കൻ ടീമുകളെല്ലാം നിരാശപ്പെടുത്തി. അൾജീരിയയും കാമറൂണും നൈജീരിയയും ഗ്രൂപ്പുകളിൽ അവസാനമായി. എന്നാൽ അഞ്ച് ലാറ്റിനമേരിക്കൻ പ്രതിനിധികളും രണ്ടാം റൗണ്ടിലെത്തി. അതിൽ നാലും ഗ്രൂപ്പ് ചാമ്പ്യന്മാരുമായിരുന്നു. ബ്രസീലിനോട് തോറ്റ ചിലെ ഒഴികെ നാലു ടീമുകളും ക്വാർട്ടറിലേക്കും മുന്നേറി. 
13 യൂറോപ്യൻ ടീമുകളിൽ ആറെണ്ണത്തിനേ ഗ്രൂപ്പ് കടക്കാനായുള്ളൂ എങ്കിലും ക്വാർട്ടറിൽ യൂറോപ്പും ലാറ്റിനമേരിക്കയും മുഖാമുഖം വന്ന മൂന്നു മത്സരങ്ങളിലും യൂറോപ്പിനായി ജയം. ആദ്യം ഗോളടിച്ച ശേഷം നെതർലാന്റ്‌സിനു മുന്നിൽ ബ്രസീൽ മുട്ടുമടക്കി. ഫെലിപ്പെ മെലൊ ചുവപ്പ് കാർഡ് കണ്ടത് ബ്രസീലിന് തിരിച്ചുവരാനുള്ള അവസരം നിഷേധിച്ചു. ഓഷ്യാന പ്രതിനിധികളായ ന്യൂസിലാന്റ് മൂന്നു സമനിലകളുമായി ആദ്യ റൗണ്ടിൽ പുറത്തായി. ഏഷ്യൻ പ്രതിനിധികളായ ജപ്പാനും തെക്കൻ കൊറിയയും സ്വന്തം വൻകരക്കു പുറത്ത് ആദ്യമായി രണ്ടാം റൗണ്ടിലെത്തി. ഒന്നാന്തരം ആക്രമണ ഫുട്‌ബോളിലൂടെ മെക്‌സിക്കോയുടെ യുവനിര തുടർച്ചയായ അഞ്ചാം ലോകകപ്പിലും പ്രി ക്വാർട്ടറിലേക്ക് മുന്നേറി. 
ജർമനി 2006 ലേതു പോലെ ആക്രമണ ഫുട്‌ബോളിന്റെ നിറവിരുന്ന് കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെ പ്രി ക്വാർട്ടറിൽ 4-1 നും അർജന്റീനയെ ക്വാർട്ടറിൽ 4-0 നും അവർ തകർത്തു. തോമസ് മുള്ളർ ടോപ്‌സ്‌കോററും മികച്ച യുവതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയെ തോൽപിച്ച ഘാന ലോകകപ്പ് ക്വാർട്ടറിലെത്തുന്ന മൂന്നാമത്തെ ആഫ്രിക്കൻ ടീമായി. പാരഗ്വായ്ക്കും ഇത് പ്രഥമ ക്വാർട്ടറായിരുന്നു. ഉറുഗ്വായ്‌ക്കെതിരായ ക്വാർട്ടറിൽ ഘാന തലനാരിഴക്കാണ് എക്‌സ്ട്രാ ടൈമിൽ തോറ്റത്. എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളിൽ ഡൊമിനിക് അദിയയുടെ ഷോട്ട് വലയിലേക്ക് പോകവെ ലൂയിസ് സോറസ് കൈ കൊണ്ട് തടുത്തിട്ടു. സോറസിന്  ചുവപ്പ് കാർഡ് കിട്ടിയെങ്കിലും പെനാൽട്ടി അസമോവ ജ്യാൻ ക്രോസ് ബാറിന് ഇടിച്ചു തെറിപ്പിച്ചു. ഷൂട്ടൗട്ടിൽ ജ്യാൻ എടുത്ത ആദ്യ പെനാൽട്ടി ലക്ഷ്യം കണ്ടെങ്കിലും ഘാന തോറ്റു. തട്ടിമുട്ടി മുന്നേറിയ സ്‌പെയിൻ എൺപത്തിമൂന്നാം മിനിറ്റിൽ ഡാവിഡ് വിയ നേടിയ ഗോളിൽ പാരഗ്വായ്‌യെ മറികടന്നു. എന്നാൽ ആർത്തലച്ചു വന്ന ജർമനിയെ സെമിയിൽ അവർ 1-0 ന് മുട്ടുകുത്തിച്ചു. ടൂർണമെന്റിന്റെ താരം ഡിയേഗൊ ഫോർലാന്റെ ചുമലിലേറി മുന്നേറിയ ഉറുഗ്വായ്‌യെ 3-2 ന് നെതർലാന്റ്‌സ് കീഴടക്കി. ഫൈനൽ തീർത്തും വിരസമായിരുന്നു. 14 മഞ്ഞക്കാർഡുകൾ കണ്ട കലാശപ്പോരാട്ടത്തിൽ എക്‌സ്ട്രാ ടൈം തീരാൻ നാല് മിനിറ്റ് ശേഷിക്കെ ആന്ദ്രെസ് ഇനിയെസ്റ്റയാണ് സ്‌പെയിനിന്റെ വിജയ ഗോളടിച്ചത്. ആര്യൻ റോബന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ രക്ഷിച്ച് ഗോളി ഇകർ കസിയാസും സ്‌പെയിനിന്റെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചു. നെതർലാന്റ്‌സ് മൂന്നാം തവണ ഫൈനലിൽ പരാജയം ഏറ്റുവാങ്ങി. 

അറിയാമോ?

 ആദ്യ മത്സരം തോറ്റ ശേഷം ലോകകപ്പ് ഉയർത്തിയ ഒരേയൊരു ടീമാണ് സ്‌പെയിൻ. ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്‌സർലന്റിനോടാണ് സ്‌പെയിൻ 0-1 ന് തോറ്റത്.
 എട്ട് ഗോൾ മാത്രമടിച്ച് ഏറ്റവും കുറവ് ഗോളോടെ ലോകകപ്പ് ചാമ്പ്യന്മാരാവുന്ന ടീമായി സ്‌പെയിൻ. 
 2010 ന് മുമ്പ് ഒരിക്കലും സ്‌പെയിൻ ക്വാർട്ടർ ഫൈനലിനപ്പുറം കടന്നിരുന്നില്ല. അതേസമയം നെതർലാന്റ്‌സ് 2010 ന് മുമ്പ് രണ്ടു തവണ ഫൈനലിൽ തോറ്റിരുന്നു. 
 ലാറ്റിനമേരിക്കയുടെ ഒമ്പത് ലോകകപ്പ് കിരീടങ്ങൾ മറികടന്ന് യൂറോപ്പ് പത്താമത്തെ കിരീടം സ്വന്തമാക്കി. 
 ലോകകപ്പിന് കളിക്കാരെ വിട്ടുകൊടുത്തതിന് ക്ലബ്ബുകൾക്ക് ഫിഫ നഷ്ടപരിഹാരം നൽകാൻ ആരംഭിച്ചത് 2010 ലായിരുന്നു.
 ഡിയേഗൊ ഫോർലാന്റെ അച്ഛൻ പാബ്ലൊ ഫോർലാൻ രണ്ടു ലോകകപ്പുകളിൽ ഉറുഗ്വായ്ക്കു കളിച്ചിട്ടുണ്ട് -1966 ലും 1970 ലും. 
മുത്തച്ഛൻ യുവാൻ കാർലോസ് കൊറാസൊ 1962 ലെ ലോകകപ്പിൽ ഉറുഗ്വായ് ടീമിന്റെ കോച്ചായിരുന്നു. ഡിയേഗൊ ഫോർലാൻ ഐ.എസ്.എല്ലിൽ മുംബൈ സിറ്റിക്കു കളിച്ചിരുന്നു.

Latest News