സോളാർ ലൈംഗിക പീഡനക്കേസ് :ഗണേഷ് കുമാറിൽനിന്ന് സി.ബി.ഐ മൊഴിയെടുത്തു

തിരുവനന്തപുരം- സോളാര്‍ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എൽ.എയിൽ നിന്ന് സിബിഐ മൊഴിയെടുത്തു. പത്തനാപുരത്ത് വെച്ചാണ് പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച്  സിബിഐ ഗണേഷ് കുമാറിൽനിന്ന് വിവരങ്ങൾ തേടിയത്. 

സാക്ഷി എന്ന നിലയിലായിരുന്നു മൊഴിയെടുക്കൽ. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേഷ് കുമാറിനെ ചോദ്യം ചെയ്തത്.  

നേരത്തെ സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ  സിബിഐ ചോദ്യം ചെയ്തിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍  തെളിവെടുപ്പും നടത്തി.

എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി ഈഡന്‍ താമസിച്ചിരുന്ന നിളയിലെ 34-ാം നമ്പര്‍ മുറിയില്‍ പരാതിക്കാരിയുമായി എത്തിയാണ് സിബിഐ പരിശോധന നടത്തിയിരുന്നത്.  ഈ മുറിയില്‍ വെച്ച് പീഡനത്തിന് ഇരയായെന്നാണ് പരാതി. മറ്റ് ഏജന്‍സികള്‍ അന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. അഞ്ചംഗ സിബിഐ സംഘമാണ് അന്വേഷണം നടത്തുന്നത്. 

പീഡന പരാതിയില്‍ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി നേതാവായ അബ്ദുല്ലക്കുട്ടിക്കെതിരെയുമാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് വിവാദമായ സോളാര്‍ കേസിന്റെ ഉത്ഭവം. 

Latest News