Sorry, you need to enable JavaScript to visit this website.

ദൽഹി അഗ്നിബാധ: തീ പടർന്നത് അഗീകാരമില്ലാത്ത ഫാക്ടറിയിൽനിന്ന്, ഉടമകൾ അറസ്റ്റിൽ

ന്യൂദൽഹി- ദൽഹി മുണ്ട്കയിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തീപിടുത്തത്തെ പ്രതിരോധിക്കുവാൻ ശേഷിയുണ്ടെന്നു വ്യക്തമാക്കി സംസ്ഥാന അഗ്നിശമനസേന നൽകുന്ന ഫയർ എൻഒസി ഇല്ലാതെ പ്രവർത്തിച്ച കെട്ടിടമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വൻ തീപിടിത്തം ആരംഭിച്ചത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിൽ നിന്നാണെന്നും ഈ ഫാക്ടറിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ‌ഒ‌സി) ഇല്ലെന്നും നഗരത്തിലെ ഫയർഫോഴ്സ് മേധാവി വെളിപ്പുടുത്തി.

ഫാക്ടറി ഉടമകൾ ഒരിക്കലും ഫയർ എൻഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ദൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻ‌ഒ‌സി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പല ഫാക്ടറികളും പ്രവർത്തിക്കുന്നത്. 

തീപിടുത്തമുണ്ടായ ഫാക്ടറിയുടെ ഉടമകളായ വരുൺ ഗോയൽ, സതീഷ് ഗോയൽ എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ദൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുണ്ട്കയിലെ നാല് നിലകളുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 27 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഒന്നാം നിലയിൽ നിന്ന് തുടങ്ങിയ തീ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.

ആറു മണിക്കൂർ നീണ്ട കഠിനശ്രമത്തിലൂടെയാണ്  അഗ്നിശമന സേനയ്ക്ക്  തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. പോലീസും അഗ്നിശമനസേനയും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. എഴുപതോളം പേരെ കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുത്തിയെങ്കിലും 19 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇവരെ  കണ്ടെത്താൻ  വേണ്ടിയുള്ള തിരച്ചിലും മറ്റു രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. 

 

Latest News