ചെന്നൈ- നിക്കി ഗൽറാണിയും നടൻ ആദിയും തമ്മിലുള്ള വിവാഹം ഈ മാസം 18 ന് ആണ്. ചെന്നൈയിലാണ് ചടങ്ങുകൾ. സിനിമ ഇൻഡസ്ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂർത്തം.വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ രണ്ട് ദിവസം മുമ്പ് അവരുടെ വീടുകളിൽ വെച്ച് നടത്തുന്നുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മാർച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം.നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് സിനിമ സംവിധായകൻ രവി രാജ പെനിസെട്ടിയുടെ മകൻ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആദി ഇപ്പോൾ സജീവമാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവസാന്നിധ്യമാണ് നിക്കി.
'1983' എന്ന സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിക്കുകയും പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത നടിയാണ് നിക്കി ഗൽറാണി. നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ തുടക്കം കുറിച്ച നിക്കി വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറി.






