Sorry, you need to enable JavaScript to visit this website.

അക്ബറുദ്ദീൻ ഉവൈസി ഔറംഗസീബിന്റെ മഖ്ബറ സന്ദർശിച്ചത് വിവാദമാക്കി ബി.ജെ.പിയും ശിവസേനയും

മുംബൈ- മഹാരാഷ്ട്രയിൽ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ച എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഉവൈസിയുടെ നടപടി വിവാദമാക്കി ബി.ജെ.പിയും ശിവസേനയും. 

കഴിഞ്ഞ ദിവസമാണ് ഓറംഗാബാദ് ജില്ലയിലെ ഖുൽദാബാദിലുള്ള ഔറംഗസീബിന്റെ ശവകുടീരം അക്ബറുദ്ദീൻ ഉവൈസി സന്ദർശിച്ചത്.  എഐഎംഐഎം എംഎൽഎ ആയ അക്ബറുദ്ദീൻ ഉവൈസി ഔറംഗസീബിനെ മഹത്വവത്കരിക്കാൻ ശ്രമിച്ചതിലൂടെ രാജ്യത്തെ ‘ദേശീയ മുസ്ലീങ്ങളെ’ അപമാനിച്ചെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ച

ഉവൈസി ഔറംഗസീബിനെ മഹത്വവത്കരിക്കാൻ ശ്രമിച്ചു, അങ്ങനെ രാജ്യത്തെ ദേശീയവാദികളായ മുസ്ലീങ്ങളെ അപമാനിച്ചു. ഔറംഗസീബിന് ഒരിക്കലും ഈ രാജ്യത്തെ മുസ്ലീങ്ങളുടെ ആരാധനാപാത്രമാകാൻ കഴിയില്ല. സാംഭാജിരാജിനെ കൊല്ലുന്നതിന് മുമ്പ് അദ്ദേഹം ക്രൂരമായി പീഡിപ്പിച്ചിരുന്നു- ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ഔറംഗസീബിനെ മഹത്വപ്പെടുത്തുന്ന ഒന്നും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. അതിനു ശ്രമിക്കുന്നവർ എന്തെങ്കിലും നടപടി നേരിടണം. ലീലാവതി ആശുപത്രിയിൽ ആരെങ്കിലും ഫോട്ടോ ക്ലിക്ക് ചെയ്താൽ സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ തിരക്കുകൂട്ടുന്നു, പക്ഷേ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല- മുൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലീലാവതി ആശുപത്രിയിലെ എംആർഐ മുറിയിൽ സ്വതന്ത്ര എംപി നവനീത് റാണയുടെ ചിത്രങ്ങളെടുത്തതിനെയാണ് ഫഡ്നാവിസ്  പരാമർശിച്ചത്.

മുഗൾ ചക്രവർത്തിയുടെ ശവകുടീരം സന്ദർശിച്ച അക്ബറുദ്ദീൻ ഉവൈസിക്കെതിരെ ശിവസേന ആഞ്ഞടിച്ചു. ഛത്രപതി ശിവാജി മഹാരാജിനെതിരെയും അദ്ദേഹത്തിന്റെ മരണശേഷം 25 വർഷത്തോളം മറാഠികൾക്കെതിരെയുമാണ് ഔറംഗസീബ് പോരാടിയതെന്ന് ശിവസേന എംപിയും പാർട്ടി വക്താവുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഔറംഗസീബിന്റെ ശവകുടീരത്തിൽ നമസ്‌കരിച്ചതിലൂടെ ഉവൈസി സഹോദരന്മാർ (അക്ബറുദ്ദീനും അസദുദ്ദീനും) മഹാരാഷ്ട്രയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. 

മഹാരാഷ്ട്രയുടെ സമാധാന അന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉവൈസി സഹോദരന്മാർ രാഷ്ട്രീയം കളിക്കുന്നത്. ഞങ്ങൾ ഈ വെല്ലുവിളി സ്വീകരിക്കുന്നു.  ഞങ്ങൾ ഔറംഗസീബിനെ ഈ മണ്ണിൽ കുഴിച്ചുമൂടി. രാഷ്ട്രീയം കളിക്കുന്ന അദ്ദേഹത്തിന്റെ അനുയായികൾക്കും മഹാരാഷ്ട്രയിൽ  ഇതേ ഗതി നേരിടേണ്ടിവരും- സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, അക്ബറുദ്ദീൻ ഉവൈസി ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ചതിന് വേറിട്ട അർഥം നൽകേണ്ടതില്ലെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ  ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ലോക്‌സഭാ എംപി ഇംതിയാസ് ജലീൽ പറഞ്ഞു.

ഖുൽദാബാദിൽ വരുന്നവർ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിക്കാറുണ്ട്. ഇതിന് മറ്റൊരു അർത്ഥം നൽകേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

അക്ബറുദ്ദീൻ ഉവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട ബി.ജെ.പിയെ  മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ചോദ്യം ചെയ്തു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ശവകുടീരം സന്ദർശിച്ച  ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയുകയെന്ന് ബിജെപി നേതാക്കൾ വിശദീകരിക്കണം- സാവന്ത് പറഞ്ഞു.

പാക്കിസ്ഥാനിലെ ജിന്നയുടെ ശവകുടീരം സന്ദർശിച്ച ബിജെപി നേതാവ് എൽ കെ അദ്വാനിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ, ജിന്നയുടെ ശവകുടീരം സന്ദർശിച്ചതിന് നിതീഷ് കുമാറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്- കോൺഗ്രസ് നേതാവ് ആരാഞ്ഞു. 

അഫ്‌സൽ ഖാനെ കൊന്നതിന് ശേഷമാണ് ശിവാജി മഹാരാജാവ് അദ്ദേഹത്തിന്റെ ശവകുടീരം നിർമ്മിച്ചതെന്നും ഇതാണ് മഹാരാഷ്ട്രയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

Latest News