Sorry, you need to enable JavaScript to visit this website.

ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് സല്‍മാന്‍ രാജാവും കിരീടാവകാശിയും; ലോക നേതാക്കളുടെ അനുശോചന പ്രവാഹം

അബുദാബി - ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ വിയോഗത്തില്‍ ലോക നേതാക്കള്‍ അനുശോചനം അറിയിക്കുകയും നിരവധി രാജ്യങ്ങള്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. യു.എ.ഇ ഭരണാധികാരികളുടെയും ജനങ്ങളുടെയും ദുഃഖം തങ്ങളും പങ്കുവെക്കുന്നതായി സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് കരുത്തും പിന്തുണയും നല്‍കുന്നതില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ച ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ ഒരു ഗള്‍ഫ്, അറബ്, അന്തര്‍ദേശീയ നേതാവിനെയും മുന്‍നിര നായകനെയുമാണ് നഷ്ടമായതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് പറഞ്ഞു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഒമാന്‍ സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ്, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജാവ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹ തുടങ്ങി നിരവധി ലോക നേതാക്കള്‍ ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ലെബനോന്‍, കുവൈത്ത്, ബഹ്‌റൈന്‍, മൗറിത്താനിയ, ഫലസ്തീന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ദാന്‍ നാല്‍പതു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചത്.  

 

Latest News