Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 40 ദിവസത്തെ ദുഃഖാചരണം; സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് മൂന്നു ദിവസത്തെ അവധി

അബുദാബി -  യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ വേര്‍പാടില്‍  യു.എ.ഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.  ണ്ടു ദശകത്തോളം കാലം യു.എ.ഇയുടെ സര്‍വതോന്മുഖ പുരോഗതിക്കും വികസനത്തിനും വളര്‍ച്ചക്കും നായകത്വം വഹിച്ച ശൈഖ് ഖലീഫ അസുഖബാധിതനായതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി പൊതുമണ്ഡലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. 73 വയസ് ആയിരുന്നു.
ദുഃഖാചരണ ദിവസങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്നു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.  രാജ്യത്തെ മുഴുവന്‍ മസ്ജിദുകളിലും ശൈഖ് ഖലീഫക്കു വേണ്ടി മയ്യിത്ത് നമസ്‌കാരങ്ങള്‍ നടന്നു.
2004 നവംബര്‍ രണ്ടിന് പിതാവ് ശൈഖ് സായിദ് അന്തരിച്ചതിനെ തുടര്‍ന്ന് ശൈഖ് ഖലീഫ അബുദാബി ഭരണാധികാരിയായി മാറി. 2004 നവംബര്‍ മൂന്നിന് ശൈഖ് മക്തൂം ബിന്‍ റാശിദ് അല്‍മക് തൂമിന്റെ അധ്യക്ഷതയിലുള്ള ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ ശൈഖ് ഖലീഫയെ യു.എ.ഇ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. 2009 ല്‍ വീണ്ടും യു.എ.ഇ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
1971 ഡിസംബര്‍ രണ്ടിന് സ്ഥാപിതമായ യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയി 18 വര്‍ഷമാണ് ശൈഖ് ഖലീഫ അധികാരം കൈയാളിയത്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ ശൈഖ് ഖലീഫയുടെ ഭരണത്തിനു കീഴില്‍ വലിയ വികസനങ്ങള്‍ക്കാണ് യു.എ.ഇ സാക്ഷ്യം വഹിച്ചത്. എണ്ണ, ഗ്യാസ് മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തെ എമിറേറ്റുകളെ അത്യാധുനിക റോഡുകളില്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും തുറമുഖങ്ങളും ഫാക്ടറികളും സ്ഥാപിക്കുന്നതിനും പശ്ചാത്തല മേഖലയുടെ വന്‍ വികസനത്തിനും ഇക്കാലം സാക്ഷ്യംവഹിച്ചു. 2014 ജനുവരി അവസാനത്തില്‍ സ്‌ട്രോക്കിനെ തുടര്‍ന്ന് രോഗബാധിതനാവുകയായിരുന്നു.
ആധുനിക യു.എ.ഇയുടെ സ്ഥാപകന്‍ ശൈഖ് സായിദ് അല്‍നഹ്‌യാന്റെ മൂത്ത പുത്രനായി 1948 സെപ്റ്റംബര്‍ ഏഴിന് അല്‍ഐനിലെ അല്‍മുവൈജിഇ കോട്ടയിലാണ് ശൈഖ് ഖലീഫയുടെ ജനനം. ശൈഖ ഹിസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആണ് മാതാവ്. അല്‍ഐനില്‍ സ്വന്തം പിതാവ് സ്ഥാപിച്ച അല്‍നഹ്‌യാനിയ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അക്കാലത്ത് അല്‍ഐന്‍ പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദിനൊപ്പം അല്‍ഐനിലെയും അല്‍ബുറൈമിയിലെയും മരുപ്പച്ചകളിലാണ് കുട്ടിക്കാലത്തില്‍ ഭൂരിഭാഗം സമയവും ചെലവഴിച്ചത്. തന്റെ ഭൂരിഭാഗം ഔദ്യോഗിക പരിപാടികളിലും സന്ദര്‍ശനങ്ങളിലും മകന്‍ ഖലീഫയെ ഒപ്പംകൂട്ടാന്‍ ശൈഖ് സായിദ് പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. മേഖലയില്‍ ഗോത്രങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും രാഷ്ട്രം സ്ഥാപിക്കാനുമുള്ള ദൗത്യത്തില്‍ പിതാവിനൊപ്പം ചേര്‍ന്ന് ശൈഖ് ഖലീഫ പ്രവര്‍ത്തിച്ചു.
അബുദാബി എമിറേറ്റ് ഭരണാധികാരിയായി 1966 ഓഗസ്റ്റില്‍ ശൈഖ് സായിദ് അബുദാബിയിലേക്ക് താമസം മാറിയപ്പോള്‍ അക്കാലത്ത് പതിനെട്ടു വയസ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ ശൈഖ് ഖലീഫയെ കിഴക്കന്‍ പ്രവിശ്യയില്‍ തന്റെ പ്രതിനിധിയായും ചീഫ് ഓഫ് കോര്‍ട്ട്‌സ് ആയും നിയമിച്ചു. 1969 ഫെബ്രുവരി ഒന്നിനാണ് അബുദാബി കിരീടാവകാശിയായി ശൈഖ് ഖലീഫയെ നാമനിര്‍ദേശം ചെയ്തത്. തൊട്ടടുത്ത ദിവസം അബുദാബി പ്രതിരോധ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു. 1971 ജൂലൈ ഒന്നിന് അബുദാബി എമിറ്റേറ്റ് പ്രധാനമന്ത്രി പദവി ഏറ്റെടുത്തു. മന്ത്രിസഭയില്‍ പ്രതിരോധ, ധധ വകുപ്പ് ചുമതലകള്‍ക്ക് പുറമെയായിരുന്നു ഇത്. 1974 ജനുവരി 20 ന് യു.എ.ഇ ഉപപ്രധാനമന്ത്രിയായി മാറി.
1976 മെയ് മാസത്തില്‍ യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറായും നിയമിതനായി. പെട്രോളിയം സുപ്രീം കൗണ്‍സില്‍ പ്രസിഡന്റ് പദവി വഹിച്ച ശൈഖ് ഖലീഫ അബുദാബിയുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്ന അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുകയും ഇതിന്റെ പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്തു.
ശൈഖ് ഖലീഫയുടെ ഭരണത്തിനു കീഴില്‍ സര്‍വ മേഖലകളിലും വലിയ നേട്ടങ്ങള്‍ക്കാണ് യു.എ.ഇ സാക്ഷ്യംവഹിച്ചത്. 2004 നവംബര്‍ മൂന്നിന് പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കാനും യു.എ.ഇയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാനും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള അടിത്തറ പാകാനും തന്ത്രപരമായ പദ്ധതി ശൈഖ് ഖലീഫ പ്രഖ്യാപിച്ചു. അബുദാബിയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതികളും തന്ത്രങ്ങളും വികസിപ്പിക്കാന്‍ 2005 ല്‍ അബുദാബി ഭരണാധികാരിയെന്നോണം അബുദാബി സ്വദേശിവല്‍ക്കരണ കൗണ്‍സില്‍ സ്ഥാപിച്ചതും യു.എ.ഇയില്‍ മുഴുവന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി (ദമാന്‍) സ്ഥാപിച്ചതും 2006 ല്‍ ദേശീയ സുരക്ഷാ സുപ്രീം കൗണ്‍സില്‍ സ്ഥാപിച്ചതും 2007 ല്‍ ഖലീഫ ഫൗണ്ടേഷന്‍ സ്ഥാപിച്ചതും 2008 ല്‍ യു.എ.ഇയിലെ ആദ്യ വനിതാ ജഡ്ജിയെ നിയമിച്ചതും 2009 ല്‍ എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ സ്ഥാപിച്ചതും 2011 ല്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന് ഖലീഫ ഫണ്ട് സ്ഥാപിച്ചതും 2013 ല്‍ അബുദാബിയിലെ അല്‍ദഫ്‌റയില്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്തതും 2014 ല്‍ എമിറേറ്റ്‌സ് സ്‌പേസ് ഏജന്‍സി സ്ഥാപിച്ചതും മറ്റും ശൈഖ് ഖലീഫയുടെ പ്രധാന നേട്ടങ്ങളില്‍ ചിലതാണ്.

 

 

Tags

Latest News