Sorry, you need to enable JavaScript to visit this website.

എച്ച് ആന്റ് ഇ ലൈവ്:   പെരുന്നാൾ നിലാവിൽ ഗാനസംഗമം

എച്ച് ആന്റ് ഇ ചാനലിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്ന 'പെരുന്നാൾ നിലാവ്' എന്ന സാംസ്‌കാരിക പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ    

കോവിഡ് കാലത്ത് പ്രവാസികളെ ബോധവൽക്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ ജിദ്ദാ നാഷനൽ ആശുപത്രിയിലെ ഡോ. ഇന്ദുചന്ദ്രയുടെ മനസ്സിലുദിച്ച ആശയമായിരുന്നു ഹെൽത്ത് ആന്റ് എന്റർടെയിൻമെന്റ് എന്ന പേരിലുള്ള തൽസമയ സംപ്രേഷണത്തിനായി ജിദ്ദ കേന്ദ്രമായി ആരംഭിച്ച ചാനൽ. കോവിഡ് പ്രതിരോധ രംഗത്ത് ഈ ചാനൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി മികച്ച സേവനമാണ് അനുഷ്ഠിച്ചു പോരുന്നത്. പരിമിതമായ സാങ്കേതിക സംവിധാനത്തിലും എച്ച് ആന്റ് ഇ ചാനലിനെ വളരെപ്പെട്ടെന്ന് സ്വീകാര്യമാക്കുന്നതിൽ നൗഷാദ് ചാത്തല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘം അക്ഷീണം യത്‌നിക്കുകയും ചുരുങ്ങിയ നാൾക്കകം ചാനൽ, പ്രവാസ ലോകത്തിന്റെ ആരോഗ്യ- വിജ്ഞാന- വിനോദരംഗങ്ങളിലെ അടയാളമായി മാറുകയും ചെയ്തു.
കോവിഡ് സംബന്ധിച്ച സംശയനിവാരണം തൽസമയം നൽകുകയും രോഗികളെ പരിചരിക്കുന്ന കാര്യത്തിലുള്ള സമയോചിതമായ മാർഗനിർദേശത്തിൽ ജാഗ്രതയോടെ താൽപര്യമെടുക്കുകയും ചെയ്തതോടെ, ആതുര മേഖലയിൽ എച്ച് ആന്റ് ഇ ചാനൽ മികച്ച സേവനമനുഷ്ഠിച്ചു.
പ്രവാസ ലോകത്ത് മാത്രമല്ല, നാട്ടിലും ചാനൽ ശ്രദ്ധേയമായി. കോവിഡാനന്തരം സാംസ്‌കാരിക - രാഷ്ട്രീയ രംഗങ്ങളിലും വനിതാ പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിക്കുന്ന പ്രതിഭകളെ അണിനിരത്തിയുള്ള കോഫിചാറ്റുകളും അക്കാദമിക രംഗത്തെ ബോധവൽക്കരണവും ചാനലിനെ വേറിട്ടതാക്കി. സംഗീതജ്ഞരേയും ചലച്ചിത്ര - നാടക പ്രതിഭകളേയും പരിചയപ്പെടുത്തുന്ന പരിപാടിയും ജിദ്ദയ്ക്കകത്തും പുറത്തുമുള്ള കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തിയുള്ള പരിപാടികളും ആഴ്ച തോറും എച്ച് ആന്റ് ഇ ചാനൽ അവതരിപ്പിച്ച് പ്രശംസ നേടി. ഉക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ കീവിലേയും കാർകിവിലേയും ബങ്കറുകളിൽ നിന്ന് തൽസമയം പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാനും ആ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അധികൃതരിലേക്കെത്തിക്കാനും ചാനലിന് സാധിച്ചു. റാഫി ബീമാപള്ളിയാണ് ഉക്രൈൻ യുദ്ധരംഗത്തെ വിദ്യാർഥികളെ എച്ച് ആന്റ് ഇ ചാനലിലൂടെ അവതരിപ്പിക്കാൻ മുൻകൈയെടുത്തതും അവരുമായി അഭിമുഖം നടത്തിയതും.
ഇതാദ്യമായി സ്റ്റുഡിയോക്ക് പുറത്ത് എച്ച് ആന്റ് ഇ ചാനൽ ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ നടത്തിയ സാംസ്‌കാരിക പരിപാടിയും ഏറെ ശ്രദ്ധേയമായി. പെരുന്നാൾ നിലാവ് എന്ന പേരിൽ ജിദ്ദാ നാഷനൽ ഹോസ്പിറ്റലിന്റേയും അൽഅബീർ മെഡിക്കൽ ഗ്രൂപ്പിന്റേയും സംയുക്ത സഹകരണത്തോടെ ബനിമാലിക് എലൈറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സാംസ്‌കാരിക നിശയിൽ നാട്ടിൽ നിന്നെത്തിയ പ്രസിദ്ധ ഗായകരായ നസീർ (മിന്നലേ..), സത്യജിത് സീബുൾ എന്നിവരോടൊപ്പം ജിദ്ദയിലെ ഗായകരായ കലാഭവൻ ധന്യാപ്രശാന്ത്, മുംതാസ് അബ്ദുറഹ്മാൻ, ബൈജു ദാസ്, ഡോ. ആലിയ, ചന്ദ്രു തുടങ്ങിയവരും ഗാനങ്ങളാലപിച്ചു. അബ്ദുൽ ലത്തീഫിന്റെ സൂഫി ഗാനവും പുതിയ അനുഭവമായി. സോഫിയാ സുനിൽ സംവിധാനം ചെയ്ത ഒപ്പന, സലീനാ മുസാഫിർ സംവിധാനം ചെയ്ത രാജസ്ഥാനി നൃത്തം എന്നിവ പെരുന്നാൾ നിലാവിനെ വേറിട്ടതാക്കി. 
ജെ.എൻ.എച്ച് ചെയർമാൻ വി.പി. മുഹമ്മദലി, അൽഅബീർ മാർക്കറ്റിംഗ് മാനേജർ ഇംറാൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ചന്ദ്രു, റാഫി ബീമാപള്ളി, ഡോ. ഇന്ദുചന്ദ്ര, ഡോ. ആലിയ എന്നിവർ അവതാരകരായിരുന്നു. 


 

Latest News