Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

അശുഭ വാർത്തകൾ അരങ്ങ് വാഴുമ്പോൾ..

വിവിധ പ്രതിസന്ധികളുടെ ഫലമായി നാം  ഇടപെടേണ്ടി വരുന്ന പുതിയ  ബന്ധങ്ങൾ, യാത്രകൾ, നേടുന്ന  തിരിച്ചറിവുകൾ, ആത്മപരിശോധനകൾ, പുത്തൻ അവസരങ്ങൾ, വായനകൾ  എന്നിവ കൊണ്ടുവരുന്ന വിസ്മയകരങ്ങളായ ഫലങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാൽ വിപരീത വാർത്തകളുടെ ആഘാതങ്ങളിൽ നിന്നും പ്രതിസന്ധികളുടെ നീരാളിപ്പിടിത്തങ്ങളിൽ നിന്നും നികൃഷ്ട മനസ്‌കരുടെ ദുഃസ്വാധീനങ്ങളിൽ നിന്നും സ്വന്തത്തെയും കുടുംബത്തെയും സമൂഹത്തെയും  എളുപ്പത്തിൽ മുക്തമാക്കിയെടുക്കാൻ  കഴിയുമെന്നതിൽ സംശയമില്ല.

 

ജീവിതത്തിൽ   പലപ്പോഴായി   പല തരത്തിലുള്ള മോശം വാർത്തകളും   കേൾക്കേണ്ടി വരുന്നത് സ്വാഭാവികമാണ്.  മോശം വാർത്തകൾ എന്തു തന്നെയായാലും ചിലപ്പോൾ അവ   വേദനാജനകവും ഏറെ  നിരാശ ജനിപ്പിക്കുന്നതുമായിരിക്കും. ചില വാർത്തകൾ  വിനാശകരവും ഭയപ്പെടുത്തുന്നതും ചിലപ്പോൾ ജീവിതത്തെ തന്നെ പാടെ മാറ്റി മറിക്കുന്നതും ആയേക്കാം.
ഏതെങ്കിലും തരത്തിലുള്ള മോശം വാർത്തകൾ കാണുകയോ  കേൾക്കുകയോ  വായിക്കുകയോ  ചെയ്യേണ്ടിവരുമ്പോൾ  മനുഷ്യ ശരീരത്തിൽ ചെറുതല്ലാത്ത  സ്വാധീനം അവ ചെലുത്തുന്നുണ്ട്.  അതിന്റെ ഫലമായി  അഡ്രിനാലിൻ  ക്രമാതീതമായി പമ്പ് ചെയ്യാൻ തുടങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ  മനസ്സ് ഏറ്റവും അസ്വസ്ഥഭരിതമായ അവസ്ഥയിലക്ക്  നീങ്ങുകയും ചെയ്‌തേക്കാം. ശരീരം ക്ഷീണിച്ച് അവശമായിത്തീരാം.

പ്രിയപ്പെട്ടവരുടെ ആകസ്മിക വേർപാട്, സ്വശരീരത്തിലോ പ്രിയപ്പെട്ടവരിലോ മാരകമായ ചില രോഗങ്ങൾ  നിർണയിക്കപ്പെട്ടതിന്റെ അറിയിപ്പ്, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നുമുണ്ടാകുന്ന ചില അപ്രതീക്ഷിത പ്രതികരണങ്ങൾ,  പെരുമാറ്റ രീതികൾ, തൊഴിൽ സംബന്ധമായ പ്രതിസന്ധികൾ തുടങ്ങി പല രീതിയിൽ അശുഭ വാർത്തകൾ നമ്മെ അടിക്കടി തേടിയെത്തും.
ഇതിനൊക്കെ പുറമേയാണ് സാമൂഹിക രാഷ്ട്രീയ മത രംഗങ്ങളിലെ താന്തോന്നികളും നെറികെട്ടവരും ബോധപൂർവം  പടച്ച് വിടുന്ന മനുഷ്യത്വത്തിനും മാന്യതക്കും നിരക്കാത്ത  നാറുന്ന വാർത്തകളുടെ  ഇടതടവില്ലാത്ത പ്രവാഹവും പ്രസരണവും.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഈയിടെയായി   ഇത്തരം മോശം വാർത്തകളുടെ ജീർണിച്ചളുങ്ങി ദുർഗന്ധം വമിക്കുന്ന  ജഡങ്ങൾ  തളം കെട്ടിയ മലിന സ്ഥലികളായി പരിണമിച്ചിരിക്കുന്നു.
അത്തരം വിദ്വേഷാശയ പ്രചാരകരെ കണ്ണെത്താ ദൂരത്ത്  അകറ്റി നിർത്തി സാമൂഹ്യാന്തരീക്ഷം ശുചീകരിക്കുന്നതിന് പകരം അവരെ
ബിംബവൽക്കരിച്ച് മാന്യതയുടെയും അന്തസ്സിന്റെയും സമസ്ത സീമകളും ലംഘിച്ച് ആഘോഷപൂർവം കെട്ടിയെഴുന്നള്ളിച്ച് കൊണ്ടാടുന്നതിന്റെ  അഭിശപ്തമായ കാഴ്ചകളാണ് ചുറ്റിലും എന്ന്  ആനുഷംഗികമായി പറയാതെ വയ്യ.

ഒരു പുതിയ ജോലി അന്വേഷിക്കുമ്പോഴും തൊഴിലിടം മാറുമ്പോഴും     അപ്രതീക്ഷിതമായ ബില്ലുകൾ അടയ്‌ക്കേണ്ടി വരുമ്പോഴുമെല്ലാം അനുഭവിക്കുന്നതിനേക്കാളും ഏറെയാണ്  ഇടതടവില്ലാതെ ജനങ്ങളിൽ  വർഗീയതയും അപര വിദ്വേഷവും  വളർത്തി സൈ്വരജീവിതം താറുമാറാക്കുന്ന അത്തരം  വാർത്തകളും വൃത്താന്തങ്ങളുമെല്ലാം.  അവ നമ്മുടെ ശാരീരികവും  മാനസികവുമായ ക്ഷേമങ്ങളിൽ വരുത്തുന്ന ക്ഷതങ്ങൾ  ചെറുതല്ല.  
ഇത്തരം മോശം വാർത്തകൾ സൃഷ്ടിക്കുന്ന പിരിമുറുക്കത്തോടും ആഘാതങ്ങളോടും പലരും  വ്യത്യസ്തമായി പ്രതികരിക്കുന്നതായി കാണാം. ചിലർ വളരെ സംയമനത്തോടെ ഇത്തരം വാർത്തകളെ അഭിമുഖീകരിക്കുമ്പോൾ മറ്റു ചിലർ വികാര വിക്ഷുബ്ധരായി സ്വയം മറന്ന് പ്രതികരിച്ച് കൂടുതൽ കടുത്ത  അപകടങ്ങളിലേക്കും സംഘർഷങ്ങളിലേക്കും  എടുത്തു ചാടുന്നതായി കാണാം.
മോശം വാർത്തകൾ വന്നെത്തുമ്പോൾ  എങ്ങനെ നേരിടാം എന്നതിനുള്ള  ചില വിദ്യകൾ  മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ  തയാറാക്കിയതായി കാണാവുന്നതാണ്. നെഗറ്റീവ് വികാരങ്ങൾ സ്വാഭാവികമാണെന്ന കാര്യം ആദ്യമായി സ്വയം അംഗീകരിക്കുക.
നിരന്തരം വന്നുകൊണ്ടിരിക്കുന്ന അത്തരം വാർത്തകളിലൂടെ വിവേകത്തോടെ  കടന്നു പോവുന്നവർ പൊതുവെ   നിഷേധാത്മക വികാരങ്ങളുടെ വേലിയേറ്റിറക്കങ്ങളാൽ പൊതുവെ കുലുങ്ങാറില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. 

കൂടാതെ, നെഗറ്റീവ് വികാരങ്ങളെ അഭിമുഖീകരിക്കുമ്പോൾ സ്വയം പരിരക്ഷിക്കുന്നതിന് വേണ്ടി ഒളിച്ചോടുകയല്ല വേണ്ടത്.
മിക്കവാറും എല്ലാവരും ഒരു സമയത്തല്ലെങ്കിൽ മറ്റൊരിക്കൽ ഇത്തരം  തിരിച്ചടികൾ അനുഭവിക്കുമെങ്കിലും ചില ആളുകൾ ജീവിതത്തിലുടനീളം പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മറ്റുള്ളവരേക്കാൾ മികച്ചവരായി കാണപ്പെടുന്നത് പ്രശ്‌നങ്ങളോടും   വാർത്തകളോടും അവർ സ്വീകരിക്കുന്ന മനോഭാവത്തിലെ സവിശേഷതകളാണ്. ചില ലോലമനസ്‌കർ  ആദ്യ വാർത്തയിൽ തന്നെ   ആടിയുലഞ്ഞ്  തകർന്നു പോവുന്നത് കാണാം.

എന്നാൽ വിവേകപൂർവം കാര്യങ്ങളെ സമീപിക്കുന്നവർ   സമ്മർദത്തിലായിരിക്കുമ്പോഴും  ശാന്തത പാലിക്കാൻ അവരെ പ്രാപ്തരാക്കുന്ന മനോദാർഢ്യവും തന്റേടവും  സ്വായത്തമാക്കിയവരാണ്.
അവർ കൂടുതൽ സഹിഷ്ണുതയോടെ  പ്രതികരിക്കുകയും മറ്റുള്ളവരെ കൂടി ശാന്തതയിലേക്ക് നയിക്കുകയും ചെയ്യും.  അതിനാൽ തന്നെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് അവർക്ക് കൂടുതൽ എളുപ്പത്തിൽ കഴിയുന്നു.  അവരുടെ ചിന്തകളിലും പെരുമാറ്റങ്ങളിലും  വാക്കുകളിലും പ്രവർത്തനങ്ങളിലും പ്രസാദാത്മകത്വം വെളിച്ചം വീശിക്കൊണ്ടിരിക്കും.

പല കാരണങ്ങൾ കൊണ്ടും മൽസര പരീക്ഷകളിൽ മികച്ച  പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിനാൽ  ഇഷ്ടപ്പെട്ട കോഴ്‌സുകളിലേക്ക് പ്രവേശനം കിട്ടാതെ വന്ന  വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, അവർക്ക് ആത്മനിയന്ത്രണ നൈപുണ്യങ്ങൾ പഠിപ്പിച്ച് തന്റേടത്തോടെ   പ്രതിസന്ധികളിൽ നിന്ന് കരകയറാൻ പരിശീലിപ്പിച്ചാൽ ജീവിതത്തിൽ കൂടുതൽ  നന്നായി പ്രവർത്തിക്കാനും ഏത് പ്രതികൂല സാഹചര്യങ്ങളെയും ക്രിയാത്മകമായി നേരിടാനും  അവർ കൂടുതൽ സജ്ജരാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 
എല്ലാ സാഹചര്യങ്ങളെയും നിയന്ത്രിക്കാനും പൊതുനന്മയ്ക്കനുകൂലമായ രീതിയിൽ മാറ്റിയെടുക്കാനും  എപ്പോഴും കഴിയണമെന്നില്ല.  എന്നാൽ കൊഗ്‌നിറ്റീവ് റി ഫ്രേമിംഗ് എന്ന തന്ത്രത്തിലൂടെ പ്രതികൂല യാഥാർത്ഥ്യത്തെ അനുകൂല അനുഭവമാക്കി മാറ്റാവുന്നതാണ്. വിവിധ പ്രതിസന്ധികളുടെ ഫലമായി നാം  ഇടപെടേണ്ടി വരുന്ന പുതിയ  ബന്ധങ്ങൾ, യാത്രകൾ, നേടുന്ന  തിരിച്ചറിവുകൾ, ആത്മപരിശോധനകൾ, പുത്തൻ അവസരങ്ങൾ, വായനകൾ  എന്നിവ കൊണ്ടുവരുന്ന വിസ്മയകരങ്ങളായ ഫലങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാൽ വിപരീത വാർത്തകളുടെ ആഘാതങ്ങളിൽ നിന്നും പ്രതിസന്ധികളുടെ നീരാളിപ്പിടിത്തങ്ങളിൽ നിന്നും നികൃഷ്ട മനസ്‌കരുടെ ദുഃസ്വാധീനങ്ങളിൽ നിന്നും സ്വന്തത്തെയും കുടുംബത്തെയും സമൂഹത്തെയും  എളുപ്പത്തിൽ മുക്തമാക്കിയെടുക്കാൻ  കഴിയുമെന്നതിൽ സംശയമില്ല.

Latest News