കരിനിയമങ്ങൾക്കെതിരെ നീതിയുടെ വെളിച്ചം

രാജ്യത്തെ ആകെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭീതിയുടെയും മൂല്യച്യുതിയുടെയും അന്തരീക്ഷത്തിലും ഭരണഘടനാ മൂല്യങ്ങൾ നിർഭയം ഉയർത്തിപ്പിടിക്കാൻ പരമോന്നത നീതിപീഠത്തിന് കഴിയുന്നു എന്നത് ആശ്വാസവും ആത്മവിശ്വസവും പകർന്നു നൽകുന്നു. നീതിയുടെ പ്രകാശം ഇന്ത്യയിലെ മനുഷ്യർക്കാകെ ആശ്വാസം പകരുന്നു. 

 


രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവാദ 124 എ വകുപ്പിന്റെ ഭാവിയെ സംബന്ധിച്ച് യൂനിയൻ ഗവൺമെന്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് പുനഃപരിശോധിക്കും വരെ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നരേന്ദ്ര മോഡി സർക്കാരിന്, പ്രതീക്ഷിക്കപ്പെട്ടതെങ്കിലും കനത്ത രാഷ്ട്രീയ- ധാർമിക ആഘാതമാണ് വരുത്തിയത്.
ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് അവരുടെ നിക്ഷിപ്ത താൽപര്യ സംരക്ഷണാർത്ഥവും കോളനിവിരുദ്ധ സ്വാതന്ത്ര്യ സമരത്തെ തകർക്കാനുമായി രൂപം നൽകിയതാണ് ഈ നിയമം. 1862 ൽ ബ്രിട്ടീഷുകാർ നടപ്പാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെട്ടിരുന്നില്ല. പിന്നീട് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ശക്തിപ്പെട്ട മുറയ്ക്കാണ് 1870 ൽ രാജ്യദ്രോഹക്കുറ്റം ഐ.പി.സിയിൽ കൂട്ടിച്ചേർക്കപ്പെട്ടത്. 1898 ൽ അത് പൂർണ അടിച്ചമർത്തൽ നിയമമായി രൂപാന്തരം പ്രാപിച്ചു. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ തുടങ്ങിയ സമുന്നത ദേശീയ സ്വാതന്ത്ര്യ സമര നായകരെ തുറുങ്കിലടക്കാൻ കോളനി മേധാവികൾ ഈ നിയമമാണ് ഉപയോഗിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് കൊല്ലങ്ങൾ പിന്നിടുമ്പോഴും ഇന്നത്തെ ഭരണാധികാരികൾ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ അതേ നിയമം സ്വന്തം ജനതയ്‌ക്കെതിരെ നിർബാധം ഉപയോഗിക്കുന്നു. കാലഹരണപ്പെട്ട ഈ നിയമത്തിന്റെ ദുരുപയോഗവും പരമോന്നത കോടതിയിൽ അതിന് അവർ നിരത്താൻ ശ്രമിച്ച സമസ്ത ന്യായീകരണവും അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നു. അത് വിമർശനങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്തി അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള ഭരണകൂടത്തിന്റെ വജ്രായുധമാണ്.

കാലഹരണപ്പെട്ട രാജ്യദ്രോഹക്കുറ്റം റദ്ദാക്കുന്നതിനെപ്പറ്റി സുപ്രീം കോടതിയിൽ വിചിത്രവും പരസ്പര വിരുദ്ധവുമായ വാദഗതികളാണ് യൂനിയൻ ഗവണ്മെന്റ് ഉടനീളം അവലംബിച്ചത്. രാജ്യസുരക്ഷയുടെ പേരിൽ ഈ കിരാത നിയമം റദ്ദാക്കുന്നതിനെ തുടക്കത്തിൽ എതിർത്തവർ കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ കൂട്ടത്തോടെ റദ്ദാക്കാൻ മോഡി ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പ്രകീർത്തിക്കുകയും അക്കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ 'കാഴ്ചപ്പാടിനെ' ഉയർത്തിക്കാട്ടുകയുമുണ്ടായി. ഒരു ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നിയമ നിർമാണം പാർലമെന്റിന്റെയും നിയമസഭകളുടെയും മാത്രം നിക്ഷിപ്ത ഉത്തരവാദിത്തം ആണെന്നുള്ള വസ്തുത പോലും വിസ്മരിച്ചുകൊണ്ടുള്ള വ്യക്തിപൂജാ മനോഭാവമാണ് സർക്കാർ അഭിഭാഷകർ കോടതിയിൽ കാഴ്ചവെച്ചത്. മാറിമാറി അധികാരത്തിൽ വന്ന ഇന്ത്യൻ ഭരണാധികാരികൾക്ക് ജനാധിപത്യത്തോടും ജനാധിപത്യ പ്രക്രിയകളോടും സ്ഥാപനങ്ങളോടുമുള്ള സമീപനത്തെ കൂടിയാണ് അത് തുറന്നുകാട്ടുന്നത്. രാജ്യദ്രോഹക്കുറ്റത്തിനെതിരെ പാർലമെന്റടക്കം ജനാധിപത്യ വേദികളിൽ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഉന്നയിച്ചുപോന്ന വിമർശനങ്ങളും നിയമ നിർമാണ ശ്രമങ്ങളും നിരന്തരം അവഗണിക്കപ്പെട്ടതാണ് അവസാന ആശ്രയം നീതിപീഠം എന്നതിലേക്ക് എത്തിച്ചേരാൻ ഇടയാക്കിയത്. 2011 ൽ ഇപ്പോഴത്തെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ രാജ്യസഭയിലും 2015 ൽ കോൺഗ്രസ് എം.പി ശശി തരൂർ ലോക്സഭയിലും കൊണ്ടുവന്ന സ്വകാര്യ ബില്ലുകൾ ഐ.പി.സി 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. കോൺഗ്രസും ബി.ജെ.പിയും അക്കാര്യത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണെന്ന് ആ ബില്ലുകളുടെ ഗതി തുറന്നുകാട്ടുന്നു.

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ശിക്ഷാനിയമത്തിലെ വകുപ്പ് മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോടുള്ള കേന്ദ്ര നിയമ, നീതിന്യായ വകുപ്പു മന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള മോഡി ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും സമീപനത്തെ തുറന്നുകാട്ടുന്നു. രാജ്യത്തെ ഭരണഘടനയടക്കം നിയമങ്ങളെ വ്യാഖ്യാനിക്കാനും നിർവചിക്കാനും ഭരണഘടനാപരമായി അധികാരവും ചുമതലയുമുള്ള സുപ്രീം കോടതിയെ 'ലക്ഷ്മണരേഖ'യെപ്പറ്റി അനുസ്മരിപ്പിക്കാനാണ് അദ്ദേഹം മുതിർന്നത്. രാജ്യദ്രോഹക്കുറ്റം, നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം തുടങ്ങിയ കിരാത നിയമങ്ങൾ കൂടാതെ വിമർശനങ്ങളെയും വിയോജിപ്പുകളെയും പ്രതിരോധങ്ങളെയും ജനാധിപത്യപരമായി അഭിമുഖീകരിച്ച് അധികാരത്തിൽ തുടരാൻ ആവില്ലെന്ന അങ്കലാപ്പ് റിജിജുവിന്റെ വാക്കുകളിൽ പ്രകടമാണ്. അത് സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകരുടെ വാദങ്ങളിൽ ഉടനീളം മുഴച്ചുനിന്നിരുന്നു. രാജ്യത്തെ ആകെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭീതിയുടെയും മൂല്യച്യുതിയുടെയും അന്തരീക്ഷത്തിലും ഭരണഘടനാ മൂല്യങ്ങൾ നിർഭയം ഉയർത്തിപ്പിടിക്കാൻ പരമോന്നത നീതിപീഠത്തിന് കഴിയുന്നു എന്നത് ആശ്വാസവും ആത്മവിശ്വസവും പകർന്നു നൽകുന്നു. നീതിയുടെ പ്രകാശം ഇന്ത്യയിലെ മനുഷ്യർക്കാകെ ആശ്വാസം പകരുന്നു. 

 

Latest News