ഇന്നവളുടെ പിറന്നാളാണ്, ഒന്നിലേറെ പേര്‍  ചേര്‍ന്നാണ് ഷഹാനയെ കൊന്നത്- ഉമ്മ 

കോഴിക്കോട് - മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍. ഭര്‍ത്താവ് സജാദ് നിരവധി തവണ സ്ത്രീധനത്തിന്റെ പേരില്‍ ഷഹാനയെ മര്‍ദിച്ചിട്ടുണ്ടെന്ന് ഉമ്മ ഉമൈബ പറഞ്ഞു. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് ഷഹാനയെ കൊന്നതെന്നും മാതാവ് പറഞ്ഞു. പെരുന്നാളിന്റെ പിന്നേറ്റ് പൈസയും ഡ്രസുമൊക്കെയായി വരുമെന്ന് പറഞ്ഞതാണ് അവള്‍. അവന്‍ ഉപദ്രവിച്ചപ്പോഴൊക്കെ കരഞ്ഞുകൊണ്ട് എന്നെ വിളിക്കുമായിരുന്നു. ഇന്നവളുടെ പിറന്നാളാണ്..'. മാതാവ് ഉമൈബ പറഞ്ഞു.
സജാദ് ജോലിക്ക് പോകാറില്ലെന്നും ഷഹാന മോഡലിങ് ചെയ്തും പരസ്യത്തില്‍ അഭിനയിച്ചും കിട്ടുന്ന തുക കൊണ്ടാണ് വാടക വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മറ്റൊരു ബന്ധു പറഞ്ഞു. അവസാനമായി അഭിനയിച്ച പരസ്യത്തില്‍ നിന്ന് അവള്‍ക്കൊരു ചെക്ക് കിട്ടി. അത് കൊടുക്കണമെന്നാവശ്യപ്പെട്ട് സജാദ് നിരന്തരം മര്‍ദിക്കുന്നുണ്ടായിരുന്നെന്ന് ഷഹാന പറഞ്ഞതായി ബന്ധു വെളിപ്പെടുത്തി. പക്ഷേ ചെക്ക് മാറി പണം ഉമ്മയ്ക്ക് നല്‍കാന്‍ അവളിങ്ങോട്ട് വരാനിരിക്കുവായിരുന്നു.
കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയാണ് മരിച്ചത്. 20 വയസ്സായിരുന്നു.പറമ്പില്‍ ബസാറില്‍ ഇന്ന് രാവിലെയാണ് സംഭവം. ഷഹനയെ ജനലഴിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.മരണത്തില്‍ ദുരൂഹത സംശയിച്ച് പോലീസ് ഭര്‍ത്താവ് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചേവായൂര്‍ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തിടെ ഒരു തമിഴ് പടത്തില്‍ അഭിനയിച്ചതിന് വന്‍ തുക പ്രതിഫലമായി ലഭിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതു പങ്കു വെക്കുന്നത് സംബന്ധിച്ച് ഇരുവരും കലഹിച്ചതായും ശ്രുതിയുണ്ട്. 
 

Latest News