റിയാദ് - വിമാന കമ്പനികളിൽ സൗദിവൽക്കരണം നിർബന്ധമാക്കണമെന്ന് വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന സൗദികളും വിദഗ്ധരും ആവശ്യപ്പെടുന്നു. നിലവിൽ വിദേശികളെ ജോലിക്കു വെക്കുന്നതിനാണ് വിമാന കമ്പനികൾ താൽപര്യം കാണിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സൗദിവൽക്കരണം നിർബന്ധമാക്കുകയല്ലാതെ വഴിയില്ല.
ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിലെ കോഴ്‌സുകൾ പൂർത്തിയാക്കിയ നിരവധി സൗദികൾ തൊഴിൽരഹിതരായി കഴിയുന്നുണ്ട്. വിമാന കമ്പനികളിൽ ജോലി ലഭിക്കുന്നത് ഇവർ കാത്തിരിക്കുകയാണ്. എന്നാൽ കമ്പനികൾ വിദേശികൾക്ക് മുൻഗണന നൽകുന്നതിനാൽ ഇവർക്ക് തൊഴിലവസരങ്ങൾ കിട്ടാക്കനിയായി മാറുകയാണ്.
സൗദി ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യമാണ് വ്യോമയാന മേഖലയിലുള്ളത്. നിരവധി സൗദി ബിരുദധാരികളെ ഉൾക്കൊള്ളുന്നതിന് സാധിക്കുന്ന പ്രധാന മേഖലകളിൽ ഒന്നാണിത്. വ്യോമയാന മേഖലയിലെ നിരവധി തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് സാധിക്കും. ഈ ജോലികൾ നിർവഹിക്കുന്നതിന് മതിയായ യോഗ്യതയും കഴിവുകളുമുള്ള നിരവധി സൗദി യുവാക്കളെ കിട്ടാനുണ്ട്.
സൗദിയിൽ വാണിജ്യ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും അടക്കം 500 ലേറെ വിമാനങ്ങളുണ്ടെന്ന് വ്യോമയാന മേഖലാ വിദഗ്ധൻ താരിഖ് അൽഈദി പറഞ്ഞു. വിമാന ജീവനക്കാർ അടക്കം നേരിട്ട് ജോലി ചെയ്യുന്നവരും സുരക്ഷാ, മെയിന്റനൻസ്, എയർ ട്രാഫിക് കൺട്രോൾ, ഓപ്പറേഷൻസ് അടക്കമുള്ള പരോക്ഷ മേഖലകളിൽ ജോലി ചെയ്യുന്നവരും അടക്കം ചുരുങ്ങിയത് എഴുപതോളം പേർക്ക് ഓരോ വിമാനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും താരിഖ് പറഞ്ഞു.
വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഉയർന്ന വരുമാനമാണ് ലഭിക്കുന്നതെന്ന് ഏവിയേഷൻ എൻജിനീയറും സുരക്ഷാ വിദഗ്ധനുമായ സൗദി യുവാവ് നവാഫ് മുഹമ്മദ് പറഞ്ഞു. ഡാറ്റ എൻട്രി, സെക്രട്ടറി, പ്ലാനിംഗ്, മാർക്കറ്റിംഗ് അടക്കമുള്ള മേഖലകളിൽ വാണിജ്യ, സ്വകാര്യ വിമാന കമ്പനികളിലെ നിരവധി തൊഴിലവസരങ്ങളിൽ സൗദികളെ നിയമിക്കുന്നതിന് സാധിക്കുമെന്നും യുവാവ് പറഞ്ഞു. രണ്ടു സൗദി വിമാന കമ്പനികൾക്ക് താൻ 2016 ൽ തൊഴിൽ അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും രണ്ടു വർഷത്തിലധികമായി നിയമനം ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും പൈലറ്റ് ആയ റാകാൻ അൽഅനസി പറഞ്ഞു. വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ എല്ലാ ലൈസൻസുകളും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് തനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു വിമാന കമ്പനി നടത്തിയ അഭിമുഖ പരീക്ഷ പാസാവുകയും മെഡിക്കൽ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ നിരവധി കൂട്ടുകാർ തന്നെ പോലെ ദീർഘകാലമായി തൊഴിൽരഹിതരായി കഴിയുന്നുണ്ടെന്നും റാകാൻ അൽഅനസി പറഞ്ഞു.
സൗദിയിലെ സ്‌പെഷ്യൽ അക്കാദമിയിൽനിന്ന് കോഴ്‌സ് പൂർത്തിയാക്കുകയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് എയർ ട്രാൻസ്‌പോർട്ട് സ്‌പെഷ്യലിസ്റ്റ് ലൈസൻസ് നേടുകയും ചെയ്തിട്ടും തനിക്ക് ജോലി ലഭിച്ചിട്ടില്ലെന്ന് ബദ്ർ അൽഹാരിസി പറഞ്ഞു. മുപ്പതിനായിരം റിയാൽ ചെലവഴിച്ചാണ് താൻ കോഴ്‌സ് പൂർത്തിയാക്കിയത്. നിരവധി സ്വകാര്യ വിമാന കമ്പനികളിൽ ജോലിക്കായി കയറിയിറങ്ങിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. നിലവിൽ തൊഴിലവസരങ്ങൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് സി.വി സ്വീകരിക്കുന്നതിനു പോലും കമ്പനികൾ കൂട്ടാക്കിയില്ല. എന്നാൽ നിരവധി വിദേശികൾ എയർ ട്രാൻസ്‌പോർട്ട് സ്‌പെഷ്യലിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ടെന്ന് പ്രമുഖ സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും യുവാവ് പറഞ്ഞു.
വ്യോമയാന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കേണ്ടത് മുഴുവൻ സൗദി കമ്പനികളുടെയും ദേശീയ ബാധ്യതയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹകീം അൽതമീമി പറഞ്ഞു. സൗദിവൽക്കരണ ദിശയിലുള്ള ഏതു പദ്ധതികളെയും അതോറിറ്റി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.






