അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ ആനുകൂല്യം, യു.എ.ഇയില്‍ പുതിയ പദ്ധതി

ദുബായ്- സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ തൊഴിലാളികള്‍ക്കായി തൊഴിലില്ലായ്മ ആനുകൂല്യ പദ്ധതിയുമായി യു.എ.ഇ.  
സര്‍ക്കാര്‍ ആരംഭിച്ച തൊഴില്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്തേക്ക് പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള  നീക്കത്തിന്റെ ഭാഗമായാണ് മാറ്റങ്ങള്‍.
സ്വദേശികളെന്നോ വിദേശികളെന്നോ പരിഗണനയില്ലാതെ എല്ലാ ജീവനക്കാര്‍ക്കും നിയമം ബാധകമാണെന്നും അടുത്ത വര്‍ഷം ഇത് പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിക്ഷേപകര്‍, വീട്ടുജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന്‍ ലഭിക്കുന്ന വിരമിച്ചവര്‍, പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍, 18 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
ഇന്‍ഷുറന്‍സ് പാക്കേജ് പോലെ ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നും തുക പ്രതിമാസം പണമായി നല്‍കപ്പെടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  വിദേശികള്‍ എല്ലാ വര്‍ഷവും തൊഴിലില്ലായ്മ ഫണ്ടിലേക്ക്  നിശ്ചിത തുക നല്‍കണം.
അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കില്‍ പരിമിതമായ സമയത്തേക്ക് പ്രതിമാസം 20,000 ദിര്‍ഹം വരെ ലഭിക്കും.
ഇതിനായുള്ള ഇന്‍ഷുറന്‍സ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിനു പിന്നാലെ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു.

 

 

Latest News