ബാലികയെ ബലാല്‍സംഗം ചെയ്തയാളെ ആളുകള്‍ അടിച്ചു കൊന്നു

ഗാസിയാബാദ്- ഗാസിയാബാദിലെ ലോണിയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 24-കാരനെ സമീപ വാസികള്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ പ്രതി ജിതേന്ദ്രയെ പോലീസെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മതചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യയോടൊപ്പം പോയതായിരുന്നു ഇയാള്‍. എന്നാല്‍ ഭാര്യയെ അവിടെ വിട്ട ശേഷം പെണ്‍കുട്ടിയെ കൂട്ടി വീട്ടില്‍ തിരിച്ചെത്തിയ ജിതേന്ദ്ര ബലാസംഗം ചെയ്യുകയായിരുന്നു. 

ജിതേന്ദ്രയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് ഓടിപ്പോകുന്നത് കണ്ട അയല്‍ക്കാരാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റതായി തെളിഞ്ഞതോടെ അവിടെ കൂടിയ ആള്‍കൂട്ടം ജിതേന്ദ്രയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവ സമയത്ത് ജിതേന്ദ്ര മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.


 

Latest News