അപരവൽക്കരണത്തിന്റെ രാഷ്ട്രീയവും മുസ്‌ലിം വിദ്വേഷവും

നവോത്ഥാന പോരാട്ടങ്ങളിൽ നിന്നാരംഭിച്ച് കേരളത്തെ ഒരു പരിധി വരെയെങ്കിലും മാറ്റിമറിച്ച സാമൂഹിക മുന്നേറ്റങ്ങൾക്കെല്ലാം വിട പറഞ്ഞ ഒന്നായി കേരളീയ സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂരിൽ കണ്ടത്. കേരളത്തിന്റെ ദേശീയ ഉത്സവമെന്നും മതേതര ആഘോഷമെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന തൃശൂർ പൂരത്തിനായി തയാറാക്കിയ വർണക്കുടകളിൽ ഗാന്ധിജിക്കും ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനുമൊക്കെ ഒപ്പം സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത സംഭവമാണ് സൂചിപ്പിക്കുന്നത്. മതരാഷ്ട്രത്തിനായി നിലകൊള്ളുകയും ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് ജയിലിൽ നിന്നിറങ്ങുകയും ഒരു ഘട്ടത്തിൽ ഗാന്ധിവധത്തിൽ പ്രതി ചേർക്കപ്പെടുകയും ചെയ്ത വ്യക്തിയുടെ ചിത്രം മതേതരമെന്നു ഘോഷിക്കപ്പെടുന്ന പൂരാഘോഷത്തിൽ ഉൾപ്പെടുത്താനുള്ള ധൈര്യം ഉണ്ടായതിനു പിറകിലെ രാഷ്ട്രീയം പ്രകടമാണ്. 

 


'ഇസ്‌ലാമോഫോബിയ' കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന് ഒരു യുവജനസംഘടന ആവശ്യപ്പെട്ടതായി വാർത്ത കണ്ടു. തീർച്ചയായും വളരെ പ്രസക്തമായ രാഷ്ട്രീയ ആവശ്യമാണത് എന്നു പറയാതിരിക്കാനാവില്ല. ആഗോള തലത്തിലും അഖിലേന്ത്യാ തലത്തിലും കേരളത്തിലും ഇന്നു അതിശക്തമായി നിലനിൽക്കുന്ന ഒന്നാണ് ഒരു വിഭാഗം ജനങ്ങളെ അപരവൽക്കരിക്കുകയും എന്നും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്ന ഈ രാഷ്ട്രീയം. 
ചില മുസ്‌ലിം തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇങ്ങനെയാരു  പ്രതിഭാസം ഉടലെടുത്തതും വളർന്നതുമെന്ന വാദത്തിൽ ശരിയുണ്ടാകാം. സത്യത്തിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാൽ ഈ തീവ്രവാദി സംഘടനകളെ പാലൂട്ടി വളർത്തിയത് അമേരിക്കയായിരുന്നു. എന്നാൽ 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം  അമേരിക്ക കളം മാറ്റി ചവിട്ടുകയും ലോകത്തെ മുസ്‌ലിം തീവ്രവാദത്തിൽ നിന്നു രക്ഷപ്പെടുത്താമെന്ന 'കടമ' ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഫലത്തിൽ സംഭവിച്ചത്, മുസ്‌ലിം വിഭാഗങ്ങളെ ഒന്നടങ്കം സംശയത്തിന്റെ മുൾനിലയിൽ നിർത്തുകയായിരുന്നു. മുസ്‌ലിം  പേരുള്ളതിന്റെ പേരിൽ വ്യക്തികൾക്കും സമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കുമെല്ലാം സാമാന്യ നീതി നിഷേധിക്കപ്പെടുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്തു. ലോകത്തെവിടെ എന്തു സംഭവിച്ചാലും മറുപടി പറയാൻ അവർ ബാധ്യസ്ഥരായി. തങ്ങൾ ഭീകരരോ കുറ്റവാളികളോ അല്ലെന്ന് നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തവും അവർക്കായി. 

ഇന്ത്യനവസ്ഥ പരിശോധിച്ചാൽ നൂറു വർഷം മുമ്പെ ആർ. എസ്. എസ് രൂപീകരണത്തോടെ ഇസ്‌ലാമോഫോബിയയും ആരംഭിച്ചിരുന്നു. വിഭജനകാലത്തും മറ്റും അതേറെ ശക്തമായി. പിന്നീട് അതു രൂക്ഷമാകുന്നത് ബിജെപി രൂപീകരണത്തിനു ശേഷമാണ്. അധികാരം പിടിച്ചെടുക്കാൻ ബിജെപി ഏറ്റവും ശക്തമായി ഉപയോഗിച്ചത് ഇസ്‌ലാമോഫോബിയ തന്നെയായിരുന്നു എന്ന് ഇന്ന് ഏവർക്കുമറിയാം. അതിപ്പോഴും അതിശക്തമായി തുടരുകയാണ്.  കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സമകാലികാവസ്ഥയിൽ മുസ്‌ലിംപേടി പരത്തുന്നതിൽ ഇന്ത്യയിൽ മുൻനിരയിലാണ് കേരളം. ടിപ്പുവിന്റെ പടയോട്ടത്തെയും അധിനിവേശ ശക്തികൾക്കെതിരെ കുഞ്ഞാലി മരയ്ക്കാർ നടത്തിയ ചെറുത്തുനിൽപുകളെയും  മലബാർ കലാപത്തെയും  മലപ്പുറം ജില്ലാ രൂപീകരണത്തെയുമെല്ലാം ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതും നാം കാണുന്നു. മറ്റു സംസ്ഥാനങ്ങളിൽ സംഘപരിവാരമാണ് ഇസ്ലാമോഫോബിയ പരത്തുന്നതിൽ മുന്നിലെങ്കിൽ ഇവിടെ അവർക്കൊപ്പം മറ്റു പലരുമുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇടതുപക്ഷ കക്ഷികൾ മുതൽ ഒരു വിഭാഗം  ക്രിസ്ത്യൻ സംഘടനകളും പുരോഹിതരുമെല്ലാം ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇത്തരമൊരു ആവശ്യം പ്രധാനമാകുന്നത്. 

കേരളീയ സമൂഹത്തിൽ മുസ്‌ലിംപേടി പ്രചരിപ്പിക്കാൻ, കേന്ദ്ര സർക്കാരും എൻ.ഐ.എയും സുപ്രീം കോടതിയുമൊക്കെ തള്ളിക്കളഞ്ഞ  ലൗ ജിഹാദ്, പിന്നീട് നാർകോട്ടിക് ജിഹാദ് പോലുള്ള  പദങ്ങളൊക്കെ ഉപയോഗിക്കുന്ന കാഴ്ച ഏറെക്കാലമായി നമ്മൾ കാണുന്നു. അത്തരം വിഭാഗങ്ങൾക്ക് കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും ലഭിക്കുന്ന സ്വീകരണത്തിനു ഇപ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പു തന്നെ സാക്ഷി. ഒരു സ്ഥാനർത്ഥി മാധ്യമക്കാരെ കണ്ടത് ഒരു വികാരിക്കൊപ്പമെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നൽകിയത് മറ്റൊരു വികാരി. മുന്നണികൾക്ക് ഇതെല്ലാം വിജയിക്കാനുളള തന്ത്രമാകാം. എന്നാലിതിന്റെയെല്ലാം യഥാർത്ഥ അടിയൊഴുക്ക് മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം മാത്രം മതി. പ്രത്യേകിച്ച് അത്തരമൊരു ദൗത്യത്തിന്റെ പ്രതീകമായി പി.സി. ജോർജ് എന്ന രാഷ്ട്രീയ നേതാവ് കേരള സമൂഹത്തിനു മുന്നിൽ നിൽക്കുമ്പോൾ. വർഗീയ വിദ്വേഷ പ്രസ്താവന നടത്തിയ വികാരിക്കെതിരെ  പരാതിയുണ്ടായിട്ടും നടപടിയെടുക്കാതെ അരമനയിൽ പോയി ആശീർവാദം വാങ്ങിയ മന്ത്രിയെ പോലും കേരളം കണ്ടു. 

വാസ്തവത്തിൽ നവോത്ഥാന പോരാട്ടങ്ങളിൽ നിന്നാരംഭിച്ച് കേരളത്തെ ഒരു പരിധി വരെയെങ്കിലും മാറ്റിമറിച്ച സാമൂഹിക മുന്നേറ്റങ്ങൾക്കെല്ലാം വിട പറഞ്ഞ ഒന്നായി കേരളീയ സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂരിൽ കണ്ടത്. കേരളത്തിന്റെ ദേശീയ ഉത്സവമെന്നും മതേതര ആഘോഷമെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന തൃശൂർ പൂരത്തിനായി തയാറാക്കിയ വർണക്കുടകളിൽ ഗാന്ധിക്കും ഭഗത് സിംഗിനും സുഭാഷ് ചന്ദ്രബോസിനുമൊക്കെ ഒപ്പം സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത സംഭവമാണ് സൂചിപ്പിക്കുന്നത്. മതരാഷ്ട്രത്തിനായി നിലകൊള്ളുകയും ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് ജയിലിൽ നിന്നിറങ്ങുകയും ഒരു ഘട്ടത്തിൽ ഗാന്ധിവധത്തിൽ പ്രതി ചേർക്കപ്പെടുകയും ചെയ്ത വ്യക്തിയുടെ ചിത്രം മതേതരമെന്നു ഘോഷിക്കപ്പെടുന്ന പൂരോഘോഷത്തിൽ ഉൾപ്പെടുത്താനുള്ള ധൈര്യം ഉണ്ടായതിനു പിറകിലെ രാഷ്ട്രീയം പ്രകടമാണ്. ആ രാഷ്ട്രീയം ഇന്നു കേരളത്തിൽ വളരെ ശക്തമാണ്. തെരഞ്ഞെടുപ്പുകളിൽ ഈ രാഷ്ട്രീയത്തിനു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയുന്നില്ലായിരിക്കാം. എന്നാൽ സാംസ്‌കാരികമായി കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് അതു മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിൽ ഒരു സംശയവും വേണ്ട. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഇസ്‌ലാമോഫോബിയയുടെ വ്യാപനം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  പേരിൽ മുസ്‌ലിം ഉള്ളതിന്റെ പേരിൽ ജനാധിപത്യ പ്രക്രിയയിൽ ഇരുമുന്നണികളിലും ഭാഗഭാക്കായി പങ്കെടുക്കുന്ന മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് കേരളം കണ്ടതാണ്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മഅ്ദനിയുടെ തടങ്കൽ ഇസ്‌ലാമോഫോബിയയുടെ വളർച്ചയുടെ മറ്റൊരു ഉദാഹരണം. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യുഎപിഎ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്‌ലിം വിഭാഗങ്ങൾക്കെതിരെയാണ്. വിരലിലെണ്ണാവുന്നവർ ഐഎസിൽ ചേർന്നെന്ന പ്രചാരണത്തിന്റെ പേരിൽ മുസ്‌ലിം സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ലോകത്തെവിടെ എന്തു സംഭവിച്ചാലും തങ്ങൾ നിരപരാധികളാണെന്നു തെളിയിക്കേണ്ട ബാധ്യത എല്ലാ മുസ്‌ലിംകൾക്കുമാകുന്നു. മറ്റൊരു വിഭാഗത്തിനും ഈ ഉത്തരവാദിത്തമില്ല. ഇക്കാര്യത്തിൽ മുസ്‌ലിം വിഭാഗങ്ങളിലെ  വൈജാത്യങ്ങളെ പോലും അവഗണിക്കുന്നു. ഇസ്‌ലാമോഫോബിയ വളർത്താൻ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോഴും പല പുരോഗമനവാദികളും ഫെമിനിസ്റ്റുകളും അവർക്കൊപ്പമായിരുന്നു. ഏകീകൃത സിവിൽ നിയമവും മുത്തലാക്കുമൊക്കെ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനായി ഉപയോഗിക്കപ്പെട്ടു.  ജനാധിപത്യ സംവിധാനത്തിൽ ഒരു ക്രിമിനൽ കേസുമില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളെ പോലും തീവ്രവാദ പ്രസ്ഥാനങ്ങളായി ചിത്രീകരിച്ചു. വർഷങ്ങൾക്കു മുമ്പ്  സിറാജുന്നിസ എന്ന പെൺകുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിനുപോലും വാർത്താപ്രാധാന്യം ലഭിച്ചില്ല. ബീമാപള്ളിയിലും മറ്റും നടന്ന കിരാതമായ പോലീസ് വെടിവെപ്പു് വാർത്ത പോലുമായില്ല. അതു ചർച്ചയാകാൻ വർഷങ്ങൾക്കു ശേഷം ഒരു സിനിമ വരേണ്ടിവന്നു.  സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനവകാശമുള്ള നാട്ടിൽ നിലവിളക്ക് കൊളുത്താത്തവർ ദേശദ്രോഹികളായി. ഭരണഘടന അംഗീകരിക്കുന്നതും കേരള ചരിത്രം പരിശോധിച്ചാൽ വ്യാപകവുമായ മതംമാറ്റത്തിന്റെ പേരിൽ കൊലകൾ വരെ നടന്നു. ബീഫ് ഉപയോഗിച്ചതിന്റെ പേരിൽ രാജ്യത്ത് കൊലകൾ അരങ്ങേറിയതിൽ പ്രതിഷേധിച്ച് ബീഫ് ഫെസ#്റ്റിവലുകൾ നടന്നതിനെതിരെ യാതൊരു പ്രകോപനമോ കാരണമോ ഇല്ലാതെ പുരോഗമനവാദികളടക്കം പോർക്ക് ഫെസ്റ്റിവലുകൾ നടത്തി. ഇതേ സമയത്തു തന്നെ സാംസ്‌കാരിക മേഖലയിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ഒരു വിഭാഗത്തെ അപരവൽക്കരിക്കാനും എന്നും സംശയത്തിന്റെ നിഴലിൽ നിർത്താനുമുള്ള നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇസ്‌ലാമോഫോബിയ വളർത്തുന്നത് കുറ്റകരമാക്കുന്ന രീതിയിൽ നിയമനിർമാണം നടത്തണമെന്ന ആവശ്യം പ്രസക്തമാകുന്നത്. 

Latest News