Sorry, you need to enable JavaScript to visit this website.

ഭര്‍തൃ ബലാത്സംഗം: ജസ്റ്റിസ് ഹരിശങ്കറിന്റെ പരാമര്‍ശം വിവാദത്തില്‍

ന്യൂദല്‍ഹി- ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നിനിടെ മലയാളിയായ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിധി പ്രസ്താവത്തിനിടെ അദ്ദേഹം നടത്തിയ നിരീക്ഷണമാണ് വിവാദത്തിന് വഴിവെച്ചത്.

'ചില സന്ദര്‍ഭങ്ങളില്‍ ഭാര്യ താത്പര്യം കാണിക്കാതിരിക്കുമ്പോള്‍ ഭര്‍ത്താവ് ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചേക്കാം. ഇതേ അനുഭവമാണോ അപരിചിതനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്കുണ്ടാവുന്നത്? ഒരല്‍പം ഔചിത്യമുണ്ടെങ്കില്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പറയാന്‍ സാധിക്കുമോ?' - എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ജസ്റ്റിസ് ഹരിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. ബഹുമാനപ്പെട്ട ജസ്റ്റിസ്, നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവോ അപരിചിതനോ ആയിക്കൊള്ളട്ടെ, അതിന്റെ അനുഭവം, പുറത്ത് വരുന്ന രോഷം, അനാദരവ് എല്ലാം ഒരു പോലെ ആയിരിക്കും. അത് ഭാര്യയായാലും ഏതു സ്ത്രീയായാലും . നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിക്കൂ. നന്ദി.'' എന്നാണ് ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് ജയ്വീര്‍ ഷെര്‍ഗിലും ജഡ്ജിയുടെ നിരീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.'ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് ഹരിശങ്കറിന്റെ ഭിന്നവിധിയോട് വിയോജിക്കുന്നു. 'ഇല്ല' എന്ന് പറയാനുള്ള അവകാശം, സ്വന്തം ശരീരത്തിന്‍മേലുള്ള സ്ത്രീകളുടെ അവകാശം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ 'വിവാഹം' എന്ന സ്ഥാപനവല്‍ക്കരണത്തിനും മുകളിലാണ്. സുപ്രീം കോടതി നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- അദ്ദേഹം ട്വീറ്റ് ചെയ്തു

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹരജിയില്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഭിന്നവിധി വന്നത് കഴിഞ്ഞ ദിവസമാണ്.

 

Latest News