ഇന്ത്യന്‍ വിമാന ജീവനക്കാരുടെ പാസ്‌പോര്‍ട്ട് ഇനി സൗദി അധികൃതര്‍ പിടിച്ചുവെക്കില്ല

ന്യൂദല്‍ഹി- സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് എന്നീ ഇന്ത്യന്‍ വിമാന കമ്പനികളിലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുന്ന നടപടി സൗദി സര്‍ക്കാര്‍ അവസാനിപ്പിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. സൗദിയില്‍ വിമാനം ഇറങ്ങി ഉടന്‍ ജീവനക്കാരുടെ പാസ്‌പോര്‍ട്ട് സൗദി അധികൃതര്‍ പിടിച്ചുവെക്കുന്ന നടപടിയില്‍ ഇളവു വേണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്നതിന് പകരം ഒരു ബാര്‍ കോഡാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ഇതിന് പരിമിത കാലാവധി മാത്രമെ ഉണ്ടാകൂ. ഫെബ്രുവരി മധ്യത്തോടെയാണ് സൗദി ഇതു നടപ്പിലാക്കിയതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. 

വിമാനം ഇറങ്ങിയ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍  തിരിച്ചു പോകുമ്പോള്‍ മടക്കി നല്‍കുന്ന രീതിയാണ് സൗദിയില്‍ നിലവിലുണ്ടായിരുന്നത്. ഇതു മൂലം സൗദിയില്‍ തങ്ങുന്ന വിമാന ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ജിദ്ദയില്‍ ഇറങ്ങിയ ശേഷം എല്ലാ വിമാന ജീവനക്കാരും പാസ്‌പോര്‍ട്ട് ഇമിഗ്രേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. പകരം ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് വിമാന ജീവനക്കാര്‍ തങ്ങുന്ന ഹോട്ടലില്‍ നല്‍കി ഒരു പകര്‍പ്പ് കയ്യില്‍ സൂക്ഷിക്കാറാണു പതിവ്. സൗദിയില്‍ തങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഈ ഒരു പകര്‍പ്പ് മാത്രമാണ് യാത്രാ, താമസ രേഖയായി കൈവശമുണ്ടാകുക. ഇതു മൂലം പല സമയങ്ങളിലും ജീവനക്കാര്‍ പ്രശനം നേരിടേണ്ടി വന്നിട്ടുണ്ട്. 

മുംബൈയില്‍ നിന്നും ജിദ്ദയിലെത്തിയ എയര്‍ ഇന്ത്യ വിമാന ജീവനക്കാര്‍ തൊട്ടടുത്ത ദിവസം രാത്രി ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ ഈയിടെ സൗദി പോലീസിന്റെ പിടിയിലായിരുന്നു. കയ്യിലുള്ള ഇമിഗ്രേഷന്‍ ഓഫീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് കോപ്പി കാണിച്ചെങ്കിലും പോലീസ് യഥാര്‍ത്ഥ യാത്രാ രേഖകളാണ് ചോദിച്ചത്. ജീവനക്കാര്‍ക്ക് ഇതു നല്‍കാന്‍ കഴിയാതെ വന്നതോടെ ഇവരെ പിടികൂടുകയും ഫോണുകള്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. പിന്നീട് എയര്‍ ഇന്ത്യ ഇടപെട്ടാണ് ഇവര്‍ മോചിതരായത്. ഈ സംഭവത്തിനു ശേഷം ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു.
 

Latest News