Sorry, you need to enable JavaScript to visit this website.

കൊങ്കൺ ലാഭത്തിലാക്കിയത് റോറോ ട്രെയിൻ

ഇന്ത്യയിൽ ആദ്യമായി ട്രക്കുകൾ റോൾ ഓൺറോൾ ഓഫ് സംവിധാനത്തിലൂടെ കൊണ്ടുപോകുന്നത് കൊങ്കൺ റെയിൽവേയിലാണ്. സാധാരണ തീവണ്ടി ബോഗികൾക്ക് പകരം ഫ്ലാറ്റ് കാർ സംവിധാനമുപയോഗിച്ച് ട്രക്കുകൾ തീവണ്ടിയിലേക്ക് നേരിട്ട് കയറ്റുന്ന സംവിധാനമാണ് ഇത്. ഇതിലൂടെ വൻ വരുമാനം നേടാൻ കൊങ്കൺ റെയിൽവേക്കായി. റെയിൽവേ വാഗണുകളിൽ ട്രക്കുകൾ കയറ്റി നീക്കുന്ന ഇടപാടിനെയാണ് റോറോ അഥവാ റോൾ ഓൺ റോൾ ഓഫ് എന്നു വിളിക്കുന്നത്. 
ഇന്ത്യയിൽ ഇത്തരത്തിൽ പെട്ട ഏക സർവീസ് നടത്തുന്നത് കൊങ്കൺ റെയിൽവേയാണ്. കൊങ്കൺ മേഖലയിലെ ചുരപ്പാതകളിലൂടെ ചരക്കുനീക്കം നടത്താനുള്ള വിഷമതകൾ മനസ്സിലാക്കിയാണ് കൊങ്കൺ റെയിൽവേ ഈ സേവനം തുടങ്ങിയത്. കൊങ്കൺ റെയിൽവേക്ക് വലിയ വരുമാനമുണ്ടാക്കുക്കൊടുക്കുന്നുണ്ട് റോറോ സർവീസ്. ഇന്ധന ലാഭം, കുറഞ്ഞ റിസ്‌ക് തുടങ്ങിയ നിരവധി കാരണങ്ങളാൽ ഈ സർവീസ്  കാര്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 
1999 ജനുവരി 26 നാണ് കൊങ്കൺ റെയിൽവേയുടെ റോറോ സർവീസ് തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ സേവനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.  ഇക്കഴിഞ്ഞ ജനുവരിയിൽ കൊങ്കൺ റെയിൽവേ റോറോ സർവീസ് 15 വർഷം പൂർത്തിയാക്കി. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം സർവീസ് റെയിൽവേ നൽകുന്നില്ല. റോറോ സർവീസിന്റെ പതിനഞ്ചു വർഷക്കാലയളവിൽ 3.5 ലക്ഷം ഗുഡ്‌സ് ട്രക്കുകളുടെ നീക്കം നടന്നു. വൻതോതിലുള്ള പ്രചാരണങ്ങൾ നടത്തിയാണ് റെയിൽവേ ഈ പദ്ധതിയിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചത്. ദേശീയ പാതകളിലും മറ്റും പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. മറാത്തി, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം പരസ്യം നൽകിയിരുന്നു. സർവീസ് തുടങ്ങിയ ആദ്യ ദിനത്തിൽ വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് എത്തിച്ചേർന്നത്. എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം സ്ഥിതിയാകെ മാറി. 
ഇക്കാലയളവിൽ നിരവധി മാറ്റങ്ങൾക്ക് വിധേയമായി റോറോ സർവീസ്. സഞ്ചാര സമയം കുറയ്ക്കുന്നതിനുള്ള നടപടികളെടുത്തു. കൂടുതൽ റേക്കുകൾ കൂട്ടിച്ചേർത്തു. നിലവിൽ ദിവസം രണ്ടു വീതം സർവീസ് നടക്കുന്നു. ഒരു റേക്കിൽ 50 ട്രക്കുകൾ കൊണ്ടുപോകാൻ സാധിക്കും. നിരവധി ഗുണങ്ങളാണ് ഈ സർവീസിലൂടെ  ട്രക്കുടമകൾക്കു ലഭിക്കുന്നത്. ഡീസൽ ചെലവ് കുറച്ചു.  ട്രക്കുകളുടെ മെയിന്റനൻസ് ചെലവ് കുറച്ചു.  വേഗത്തിൽ ചരക്കുകൾ നീക്കാൻ സാധിക്കുന്നു. എല്ലാറ്റിനുമുപരി, റിസ്‌ക് കുറയ്ക്കുന്നു. മുംബൈക്കടുത്ത് കോലാടിനും വെർണയ്ക്കുമിടയിലാണ് റോറോ സർവീസുകളിലൊന്ന് നടക്കുന്നത്. മറ്റൊന്ന് കോലാടിനും മംഗലാപുരത്തിനടുത്ത  സുരത്കലിനുമിടയിൽ നടക്കുന്നു. 
കോലാട്  വെർണ റൂട്ടിൽ 12 മണിക്കൂർ കൊണ്ട് ട്രക്കുകൾ ഡെലിവറി ചെയ്തു കിട്ടും. കോലാട്  സുരത്കൽ സർവീസിൽ 22 മണിക്കൂർ കൊണ്ട് ഡെലിവറി നടക്കും. റോഡ് മാർഗം പോകുകയാണെങ്കിൽ കോലാട്  വെർണ റൂട്ടിൽ 22 മണിക്കൂറെടുക്കും ചരക്കുകളെത്താൻ. കോലാട്  സുരത്കൽ റൂട്ടിൽ ആവശ്യമായത് 40 മണിക്കൂറാണ്. മുമ്പൊക്കെ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ പതിവായി വൈകാറുണ്ടായിരുന്നു. മഴക്കാലത്ത് മണ്ണിടിച്ചിലാണ് പ്രധാന വില്ലൻ. ഇപ്പോൾ ആ സാഹചര്യത്തിൽ കാര്യമായ മാറ്റം വന്നു. പാത വൈദ്യുതീകരണം പൂർത്തിയായത് അനുഗ്രഹമായി. സാധ്യമാവുന്നിടത്തെല്ലാം പാത ഇരട്ടിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതർ.
 

Latest News