രഹസ്യഭാഗങ്ങളില്‍ പരിശോധന; പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍ 

ചെന്നൈ എയര്‍പോര്‍ട്ടില്‍ സ്‌പൈസ്‌ജെറ്റ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കുന്നു- എന്‍.ഡി.ടി.വി ചിത്രം 

ചെന്നൈ- വിമാനത്തിലെ മോഷ്ടാക്കളെ കണ്ടെത്താനെന്ന പേരില്‍ നഗ്നരാക്കി പരിശോധിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍.  യാത്രക്കാരില്‍നിന്ന് ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം വിമാനജോലിക്കാര്‍  മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്‌പൈസ്‌ജെറ്റ് സുരക്ഷാ ജീവനക്കാര്‍ എയര്‍ഹോസ്റ്റസുമാരെ പരിശോധിച്ചത്. സ്‌പൈസ്‌ജെറ്റ് മാനേജ്‌മെന്റിനാണ് എയര്‍ഹോസ്റ്റസുമാര്‍ പരാതി നല്‍കിയത്. 
പ്രതിഷേധത്തെത്തുടര്‍ന്ന് ചെന്നൈയില്‍നിന്നുള്ള സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ഇന്നലെ വൈകി. പരാതി പരിഹരിക്കാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ഉറപ്പുലഭിച്ചതിനെതുടര്‍ന്നാണ് ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഏതാനും ദിവസമായി തങ്ങളെ നഗ്‌നരാക്കി പരിശോധിക്കുന്നത് തുടരുകയാണെന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. ഹാന്‍ഡ് ബാഗില്‍നിന്ന് സാനിറ്ററി പാഡുകള്‍ പോലും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാണ് പരിശോധനയെന്നും പരാതിയില്‍ പറയുന്നു.  വനിതാ ജീവനക്കാരാണ് പരിശോധിക്കുന്നതെങ്കിലും യാതൊരു മര്യാദയും കാണിക്കുന്നില്ല. ആര്‍ത്തവമാണെന്നു പറഞ്ഞിട്ടു പോലും സ്വകാര്യ ഭാഗങ്ങളില്‍ പരിശോധന നടത്തിയെന്നും പരാതിക്കാരിലൊരാള്‍ പറയുന്നു. 
വിമാനത്തില്‍ നടക്കുന്ന മോഷണം തടയാനാണ് പരിശോധനയെന്നും ഇതിലൂടെ മാത്രമേ, എല്ലാ ജോലിക്കാരേയും സംശയനിഴലിലാക്കാതിരിക്കാന്‍ സാധിക്കൂയെന്നും സ്‌പൈസ്‌ജെറ്റ് അധികൃതര്‍ പറയുന്നു. ഇത്തരം പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അവര്‍ വിശദീകരിക്കുന്നു. 

 


 

Latest News