Sorry, you need to enable JavaScript to visit this website.

വിരട്ടൽ വേണ്ടെന്ന് പിണറായി, ഇതൊന്നും കണ്ട് പിൻമാറില്ലെന്നും ആർ.എസ്.എസിനോട്

മംഗളൂരു- വിരട്ടൽ വേണ്ടെന്നും ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയ തന്നെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരുവിൽ മതസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ മംഗളൂരുവിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് സംഘ്പരിവാർ ശക്തികൾ ഭീഷണി മുഴക്കിയിരുന്നു. കനത്ത സുരക്ഷയിൽ നടന്ന സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. 

പിണറായി എന്ന ഞാൻ ഒരു ദിവസം പെട്ടെന്ന് ആകാശത്ത്‌നിന്ന് പൊട്ടിവീണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ആളൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെ നേരിട്ട് അറിയാത്ത ആളുമല്ല. നിങ്ങളെ കണ്ടും അറിഞ്ഞുകൊണ്ടുമാണ് ഞാൻ ഇതേവരെയുള്ള രാഷ്ട്രീയപ്രവർത്തനം നടത്തിയത്. പോലീസിന്റെ കയ്യിലുള്ള ആയുധങ്ങളുടെ നടുവിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത് എന്ന് പറയുമ്പോൾ ഒരു കാലം ഓർക്കണം. ബ്രണ്ണൻ കോളെജിലെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കാലം, ആ കാലം ഈ പറയുന്ന ആർ.എസ്.എസ്‌കാർക്ക് അറിയില്ലെങ്കിൽ പഴയ ആർ.എസ്.എസ്‌കാരോട് ചോദിക്കണം. അന്ന് നിങ്ങളുടെ കയ്യിലുള്ള ഊരിപ്പിടിച്ച കത്തിയുടെയും ഉയർത്തിപ്പിടിച്ച വടിവാളിന്റെയും നടുവിലൂടെ തന്നെ ഞാൻ നടന്നുപോയിട്ടുണ്ട്. അന്ന് ഒന്നും ചെയ്യാൻ കഴിയാത്തവർ ഇപ്പോൾ എന്ത് ചെയ്തുകളയുമെന്നാണ്. 
മധ്യപ്രദേശിലെ പരിപാടി ഒഴിവാക്കിയതിനെ പറ്റി നിങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളെന്ന നിലക്ക് മറ്റൊരു സംസ്ഥാനത്ത് ചെല്ലുമ്പോൾ അവിടുത്തെ സർക്കാർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നതാണ് മര്യാദ.  ആ സർക്കാർ അങ്ങോട്ട് പോകാൻ പാടില്ലെന്ന് പറഞ്ഞത് ഞാൻ അനുസരിച്ചു. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയൻ ആയിരുന്നുവെങ്കിൽ ഇന്ദ്രനും ചന്ദ്രനും പോലും എന്നെ തടയാൻ കഴിയുമായിരുന്നില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. അതുകൊണ്ട് ആ വിരട്ടൽ ഒന്നും ഇങ്ങോട്ട് വേണ്ട.ഒരാൾക്ക് ഇവിടെ വന്ന് സംസാരിക്കാൻ കഴിയില്ലെന്ന ധാർഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരെ പ്രതികരിക്കാൻ എല്ലാവരും തയ്യാറായിട്ടുണ്ടെന്നും പിണറായി പറഞ്ഞു. 

മതസ്പർധ വളർത്താൻ ശ്രമിക്കുന്ന ആർ.എസ്.എസ് അസഹിഷ്ണുതയുടെ മൂർത്തീകരണമായി മാറിയെന്നും പിണറായി പറഞ്ഞു. മതസൗഹാർദത്തിന് എതിരായ കാര്യങ്ങളാണ് എല്ലാക്കാലവും ആർ.എസ്.എസ് പ്രചരിപ്പിച്ചത്. മതസ്പർധയും വർഗീയവിദ്വേഷവും വളർത്തി നാടിനെ തകർക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ പൊതുവായ നയത്തിനൊപ്പം നിൽക്കുന്ന നിലപാട് ആർ.എസ്.എസ് സ്വീകരിച്ചിട്ടേയില്ല. ദൗർഭാഗ്യവശാൽ ആ സംഘടനയ്ക്കാണ് രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ള ഭരണനേതൃത്വം ആർ.എസ്.എസ്സിന്റെ ആജ്ഞകൾ അനുസരിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രൂപമാണ് ആർഎസ്എസ് പിന്തുടർന്ന് പോരുന്നത്. ആർഎസ്എസ്സിന്റ പ്രത്യയശാസ്ത്രം സ്വീകരിച്ചത് ഹിറ്റ്‌ലറുടെ ജർമ്മനിയിൽ നിന്നാണ്. ഹിറ്റ്‌ലർ ജർമ്മനിയിൽ നടപ്പാക്കിയ ന്യൂനപക്ഷ വേട്ടകൾ മതിമറന്ന് സന്തോഷിച്ച ഒരൊറ്റ സംഘടനയേ ലോകത്തുള്ളൂ. അത് ആർഎസ്എസ് ആണ്. മുസ്ലീമും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുക്കാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്ന നയമാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. മതനിരപേക്ഷ രാജ്യമെന്ന നിലപാടിന് ആർഎസ്എസിന് യോജിപ്പില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
 

Tags

Latest News