Sorry, you need to enable JavaScript to visit this website.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏഴര ശതമാനം വളർച്ച

ഈ വർഷം - 2022 - ദക്ഷിണേഷ്യൻ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം വളർച്ച നേടുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രവചനം. ഉപമേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ നടപ്പു സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം വളർച്ച നേടുകയും അടുത്ത വർഷം എട്ട് ശതമാനത്തിലേക്ക് ഉയരുകയും ചെയ്യും.
എ.ഡി.ബിയുടെ ഏഷ്യൻ ഡെവലപ്‌മെന്റ് ഔട്ട്ലുക്ക് (എ.ഡി.ഒ) 2022 ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദക്ഷിണേഷ്യയിലെ സമ്പദ്വ്യവസ്ഥയുടെ വളർച്ച 2022 ൽ ഏഴ് ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും 2023 ൽ 7.4 ശതമാനമായി ഉയരുമെന്നും എ.ഡി.ബി പറയുന്നു.
ഉപമേഖലയുടെ വളർച്ചയുടെ പ്രധാന വഴികളെ നയിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനുമാണ്. പണമിടപാട്, സാമ്പത്തിക ഏകീകരണം എന്നിവയിൽ നിന്നുള്ള ആഭ്യന്തര ഡിമാൻഡ് ദുർബലമായതിനാൽ പാക്കിസ്ഥാന്റെ വളർച്ച 2022 ൽ നാല് ശതമാനമായി കുറയും. 2023 ൽ 4.5 ശതമാനമായിരിക്കും വളർച്ച. വികസ്വര ഏഷ്യയിലെ സമ്പദ്വ്യവസ്ഥകൾ ഈ വർഷം 5.2 ശതമാനവും 2023 ൽ 5.3 ശതമാനവും വളർച്ച കൈവരിക്കും. ആഭ്യന്തര ഡിമാൻഡിലെ ശക്തമായ വീണ്ടെടുപ്പും കയറ്റുമതിയിലെ തുടർച്ചയായ വിപുലീകരണവും ഇതിന് കാരണമാകും.
ഏഷ്യൻ വികസ്വര സമ്പദ്വ്യവസ്ഥകൾ കോവിഡിൽനിന്ന് വീണ്ടെടുക്കലിന്റെ ചുവടുകളിലാണെന്ന് എ.ഡി.ബി ചീഫ് ഇക്കണോമിസ്റ്റ് ആൽബർട്ട് പാർക്ക് പറഞ്ഞു. പുതിയ വ്യാപനവും വൈറസ് വകഭേദങ്ങളും ഈ വേഗതയുടെ താളം തെറ്റിച്ചേക്കാം. ഉക്രൈനിലെ റഷ്യൻ സൈനിക നടപടി, ചില രാജ്യങ്ങളിൽ തുടരുന്ന കോവിഡ് വ്യാപനം, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നയങ്ങൾ എന്നിവയിലെ അനിശ്ചിതത്വം നിലവിൽ സമ്മർദം സൃഷ്ടിക്കുന്നതായും എ.ഡി.ബി വിലയിരുത്തുന്നു. വികസ്വര ഏഷ്യയിൽ എ.ഡി.ബിയിലെ 46 അംഗ രാജ്യങ്ങൾ ഉൾപ്പെടുന്നു. ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.

Latest News