ഗാസ സിറ്റി- പ്രതിഷേധ പ്രകടനം നടത്തിയ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. 14 പ്രതിഷേധക്കാര്‍ വെടിയേറ്റും ഒരു ഫലസ്തീനി കര്‍ഷകന്‍ ഷെല്ലാക്രമണത്തിലുമാണ് മരിച്ചതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലെ ഇസ്രായില്‍ അതിര്‍ത്തിയിലേക്കു നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കുനേരെയാണ് ഇസ്രായില്‍ നിറയൊഴിച്ചതെന്ന് ഹമാസ് ആരോപിച്ചു. നുഴഞ്ഞുകയറ്റം തടയുന്നതിനാണ് വെടിവെച്ചതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. പ്രകടനക്കാരില്‍ ചിലര്‍ സൈന്യത്തിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് ഇസ്രായില്‍ നുഴഞ്ഞുകയറ്റമെന്ന് വ്യാഖ്യാനിച്ചത്. ടയറുകള്‍ കത്തിച്ച പ്രകനടക്കാര്‍ ബോംബേറും കല്ലേറും നടത്തിയെന്നും ഇസ്രായില്‍ സേന ആരോപിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രെസന്റ് വെളിപ്പെടുത്തി. സംഘര്‍ഷത്തില്‍ ഇസ്രായില്‍ ഭാഗത്ത് ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ ഇസ്രായില്‍ ടാങ്കുകള്‍ നിലയുറപ്പിച്ചിരുന്നു. പതിനായിരത്തിലേറെ ഗാസക്കാര്‍ അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളിലെത്തിയിരുന്നു. ഗാസ ചിന്തിലെ ആറ് കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ കലാപം നടത്തിയെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ ആരോപിച്ചു.
ഇന്നലെ പ്രധാന പ്രകടനം ആരംഭിക്കുന്നതിനു മുമ്പാണ് ഇസ്രായില്‍ ടാങ്കില്‍നിന്നുള്ള ഷെല്‍ വര്‍ഷത്തില്‍ ഒരു ഫലസ്തീനി കര്‍ഷകന്‍ കൊല്ലപ്പെട്ടത്. സംശയാപ്ദ സാഹചര്യത്തില്‍ രണ്ട് പേര്‍ അതിര്‍ത്തിയിലെത്തിയതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് ഇസ്രായില്‍ സേന അവകാശപ്പെട്ടു.
ദ ഗ്രെയിറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍ ആറാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ക്കാണ് ഇന്നലെ തുടക്കമായത്. മേയ് 14ന് ജറൂസലമില്‍ യു.എസ് എംബസി തുറക്കാനിരിക്കെയാണ് ഫലസ്തീനി പ്രതിഷേധം ശക്തമാകുന്നത്.
ഇന്നലെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും പങ്കെടുത്തു. ഫലസ്തീനി ഭൂമി തിരികെ നല്‍കുകയല്ലാതെ പ്രശ്‌നപരിഹാരത്തിനു വേറെ മാര്‍ഗമില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 1948 ല്‍ ഇസ്രായില്‍ പുറത്താക്കിയ പ്രദേശങ്ങളിലേക്ക് ഫലസ്തീന്‍ അഭയാര്‍ഥികള്‍ മടങ്ങണമെന്നാണ് ഹമാസ് ആഹ്വാനം ചെയ്യുന്നത്. സംഘര്‍ഷം വ്യാപിപ്പിക്കാനാണ് ഹമാസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഇസ്രായില്‍ ആരോപിച്ചു.