ന്യൂദല്‍ഹി- ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റി വെച്ച സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും രാജ്യത്തിനു പുറത്തു നടത്തില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞു. രാജ്യത്തിനു വെളിയില്‍ ഒരു പരീക്ഷയുടേയും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുറത്ത് സിബിഎസ്ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ടാ ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ഇന്ത്യയില്‍ ഏപ്രില്‍ 25നു നടത്താനാണ് തീരുമാനം. മാറ്റി വെച്ച കണക്ക് പരീക്ഷ ഹരിയാനയിലും ദല്‍ഹിയിലും മാത്രമാണു നടത്തുക. എന്നാല്‍ ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്താനാണു തീരുമാനം.
പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം സി.ബി.എസ്.ഇ കൈക്കൊണ്ടിരിക്കുന്നത്.






