എഴുപത്തഞ്ചാം വയസ്സില്‍ ഭാര്യയെ സംശയം, കുത്തിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു

മുംബൈ- എഴുപതുകാരിയായ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഭാര്യയെ കൊന്നതിനു ശേഷം സ്വയം കുത്തി മരിക്കാന്‍ ശ്രമിച്ച എഴുപത്തിയഞ്ച് വയസ്സുള്ള ഭര്‍ത്താവ് മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊലപാതകത്തില്‍ മല്‍വാനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംറുദ്ദീന്‍ ചന്ദസ്സ ഷെയ്ഖ് എന്നയാളാണ് ഭാര്യയായ മുംതാസ് സംറുദ്ദീന്‍ ഷെയ്ഖിനെ കൊലപ്പെടുത്തിയത്. മലാഡ് വെസ്റ്റിലുള്ള ശിവാജി നഗര്‍ സ്വദേശികളാണ് ഇവര്‍.

ഭാര്യയുടെ സ്വഭാവത്തില്‍ സംറുദ്ദീന് സംശയമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ നിരന്തരം ഭാര്യയുമായി കലഹിച്ചിരുന്നു. ശനിയാഴ്ച രാവിലെയും ഭാര്യയുമായി ഇയാള്‍ ഇതേ കാരണത്തിന് വഴക്കിട്ടു. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കറിക്കത്തിയെടുത്ത് മുംതാസിനെ തുടര്‍ച്ചയായി കുത്തിക്കൊല്ലുകയായിരുന്നു.

 

Latest News