സൗദിയില്‍ യുവതി പിതാവിനെ വെടിവെച്ചു കൊന്നു

ജിസാന്‍ - ഉത്തര ജിസാനിലെ ദര്‍ബില്‍ കുടുംബ കലഹത്തിനിടെ 20 കാരി  പിതാവിനെ വെടിവെച്ചു കൊന്നു. പിതാവിനു നേരെ യുവതി ഏഴു തവണ നിറയൊഴിച്ചുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് 50 കാരന്റെ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രാഥമികാന്വേഷണത്തില്‍ തന്നെ കൃത്യത്തിനു പിന്നില്‍ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ജിസാന്‍ പോലീസ് വക്താവ് ക്യാപ്റ്റന്‍ നായിഫ് അല്‍ഹികമി പറഞ്ഞു. പിതാവിനും യുവതിക്കുമിടയിലുണ്ടായ വാക്കേറ്റം മൂര്‍ഛിച്ച് അടിപിടിയില്‍ കലാശിച്ചതോടെ യുവതി പിതാവിനു നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം. ഏഴു തവണ വെടിയേറ്റ 50 കാരന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. 

Latest News