തിരുവല്ല മണിമലയാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരുവല്ല- മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം.

മരിച്ച രണ്ടുപേരും തിരുനെല്‍വേലിയില്‍നിന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മല്ലപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇവിടെനിന്നാണ് എട്ട് കുട്ടികളടങ്ങുന്ന സംഘം മല്ലപ്പള്ളി പാലത്തിന് സമീപം വടക്കന്‍കടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാള്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തിയത്. ഏകദേശം അരമണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയില്‍.

 

Latest News