അനശ്വര പ്രേമം, ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 21 വര്‍ഷം

ബാങ്കോക്ക്- അനശ്വര പ്രേമം കാരണം മരിച്ചുപോയ ഭാര്യയുടെ മൃതദേഹത്തോടൊപ്പം ജീവിച്ചത് 21 വര്‍ഷം. തായലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം.
21 വര്‍ഷമായി ഭാര്യയുടെ മൃതദേഹത്തിനൊപ്പം ജീവിച്ച വയോധികന്‍ ഒടുവില്‍ അവരുടെ മൃതദേഹം സംസ്‌കരിച്ചു. താന്‍ മരിച്ചാല്‍  സംസ്‌കരിക്കാന്‍ ആരുമുണ്ടായില്ലെങ്കിലോ എന്ന ഭയമാണ് ഒടുവില്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്.
നിത്യസ്‌നേഹത്തിന്റെ പ്രകടനമായി രണ്ട് പതിറ്റാണ്ടിലേറെയായി മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ മുറുകെപ്പിടിച്ചതിന് ശേഷം ചാണ്‍ ജന്‍വാച്ചക്കല്‍ തന്റെ പങ്കാളിയോട് വിടപറഞ്ഞു. 72 വയസ്സായ ഫെറ്റ് കാസെം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് തന്റെ പങ്കാളിയെ സംസ്‌കരിച്ചത്.
ഭാര്യയുടെ ശവപ്പെട്ടിക്കൊപ്പം സ്‌റ്റോറേജ് റൂം പോലെ തോന്നിക്കുന്ന ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ചാണ്‍ ജന്‍വാച്ചക്കല്‍ ജീവിച്ചത്
ഭാര്യയുടെ ശരീരത്തോട് അവര്‍ ജീവിച്ചിരിക്കുന്നതുപോലെ സംസാരിക്കുമായിരുന്നുവെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  വൈദ്യുതി ഇല്ലാത്ത വീട് വളരെ മോശമായ അവസ്ഥയിലായിരുന്നു. അയല്‍വാസിയുമായി വെള്ളം പങ്കിട്ടിരുന്നു.
പകല്‍സമയത്ത്, വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്റെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് സമയം ചെലവഴിച്ചിരുന്നത്.
ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിച്ചതെങ്കിലും മരണം രജിസ്റ്റര്‍ ചെയ്തുതിനാല്‍ മൃതദേഹം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടാകില്ല.  ബാങ് ഖെന്‍ ജില്ലാ ഓഫീസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എടുക്കാന്‍ ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമെത്തി. മരണ വര്‍ഷം 2001 ആയി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ട ചാണിനെ സഹായിക്കാന്‍ ഫൗണ്ടേഷന്റെ ഒരു എക്‌സിക്യൂട്ടീവ് രണ്ട് മാസമായി ഭക്ഷണവും വെള്ളവുമായി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ശവപ്പെട്ടി ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
താന്‍ മരിച്ചാല്‍ ഭാര്യക്ക് ശരിയായ ശവസംസ്‌കാരം ലഭിക്കില്ലെന്ന ഭയമാണ് ഒടുവില്‍ ശവസംസ്‌കാരം നടത്തുന്നതിനുള്ള  സഹായത്തിനായി സംഘടനയെ സമീപിക്കാന്‍ ചാണിനെ പ്രേരിപ്പിച്ചത്.
റോയല്‍ തായ് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ചാണിന്റെ  ഭാര്യ പൊതുജനാരോഗ്യ മന്ത്രാലയത്തിലാണ്  സേവനമനുഷ്ഠിച്ചിരുന്നത്.
രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് ചാണ്‍ നേരത്തെ താമസിച്ചിരുന്നത്. മാതാവിനെ  സംസ്‌കരിക്കുന്നതിന് അച്ഛനെ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട അവര്‍ പിന്നീട് താമസം മാറ്റുകയായിരുന്നു.

 

 

Latest News