ചേര്‍ത്തല- ക്രൈസ്തവ സഭാ നിയമങ്ങള്‍ രാജ്യത്തെ നീതിക്കും നിയമത്തിനും അതീതമാണെന്ന വാദവുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നീതിമാന്‍ എപ്പോഴും കുരിശിലാണെന്ന കാര്യം മറക്കരുതെന്നും രാജ്യത്തിന്റെ നീതിവെച്ച് ദൈവത്തിന്റെ നീതി അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ വാരാചരണത്തിലെ ദുഃഖവെള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവാദത്തിലായ അങ്കമാലി ഭൂമി ഇടപാടിനെ കുറിച്ച് പരാമര്‍ശിക്കാതെയാണ് തനിക്കെതിരെ രംഗത്തുവന്നവര്‍ക്ക് ആലഞ്ചേരി മറുപടി നല്‍കിയിരിക്കുന്നത്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധിയിലൂടെ സഭയെ നിയന്ത്രിക്കാമെന്നു കരുതുന്ന ചിലരെങ്കിലും സഭയിലുണ്ട്. അത്തരക്കാര്‍ക്കു ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ടാവില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. സഭാ നിയമങ്ങളില്‍ ഇടപെടരുതന്ന ആലഞ്ചേരിയുടെ വാദത്തെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സഭകളും പുരോഹിതന്മാരും നിയമത്തിന് അതീതരല്ലെന്നും രാജ്യത്തെ നിയമത്തിനു വഴങ്ങണമെന്നുമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.






