Sorry, you need to enable JavaScript to visit this website.
Wednesday , July   06, 2022
Wednesday , July   06, 2022

സിദാന്റെ മടക്കം

ചാമ്പ്യന്മാരായ ഇറ്റലിയുടെ നായകൻ ഫാബിയൊ കനവാരൊ ട്രോഫിയുമായി. 
2006 ലോകകപ്പിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു മാറ്റെരാസിയെ സിദാൻ കുത്തിവീഴ്ത്തിയത്. 
ക്ലോസെ... ജർമനിയുടെ ഗോളടി വീരൻ.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം ഗോളുകളിലൊന്നായി സെർബിയക്കെതിരെ അർജന്റീനയുടെ എസ്തബാൻ കാംബിയാസൊ നേടിയത്. 

ജർമനി, 9 ജൂൺ-9 ജൂലൈ, 2006

ആദ്യമായി ആഫ്രിക്ക ആതിഥ്യമരുളുമെന്നു കരുതിയ ലോകകപ്പായിരുന്നു 2006 ലേത്. ആഫ്രിക്കയിൽ നിന്ന് ദക്ഷിണാഫ്രിക്കയും മൊറോക്കോയും യൂറോപ്പിൽ നിന്ന് ഇംഗ്ലണ്ടും ജർമനിയുമായിരുന്നു അവസാന ഘട്ടത്തിലും വേദിക്കായി മത്സരിച്ചത്. ഫിഫ വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ മൊറോക്കോയും ഇംഗ്ലണ്ടും പുറത്തായി. ദക്ഷിണാഫ്രിക്കക്കും ജർമനിക്കും തുല്യ വോട്ട് കിട്ടുമെന്നും ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ കാസ്റ്റിംഗ് വോട്ടിൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ആതിഥേയരായി തെരഞ്ഞെടുക്കപ്പെടുമെന്നുമായിരുന്നു സൂചന. എന്നാൽ ന്യൂസിലാന്റ് ഫെഡറേഷന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി അവരുടെ പ്രതിനിധി ജർമനിക്ക് വോട്ട് ചെയ്തു. 12-11 ന് ജർമനി വിജയിച്ചു. അഴിമതി നടന്നുവെന്നും വീണ്ടും വോട്ടെടുപ്പ് വേണമെന്നുമുള്ള ആവശ്യം ഫിഫ നിരസിച്ചു. ജർമനി വലിയ ഫുട്‌ബോൾ പാരമ്പര്യവും മതിയായ സൗകര്യങ്ങളുമുള്ള രാജ്യമായിരുന്നു. വ്യത്യസ്ത ഗ്രൂപ്പുകളെ വിവിധ നഗരങ്ങളിൽ കളിപ്പിക്കാൻ മാത്രം വലുപ്പവുമുള്ള രാജ്യമാണ്.


നിലവിലെ ചാമ്പ്യന്മാർ നേരിട്ട് ഫൈനൽ റൗണ്ടിലെത്തുന്ന രീതി ഫിഫ ഉപേക്ഷിച്ചു. ആതിഥേയർക്കു മാത്രമാണ് സീറ്റുറച്ചത്. ബാക്കി 31 ഫൈനൽ റൗണ്ട് ബെർത്തുകൾ ലഭ്യമായിരുന്നു. 
ലാറ്റിനമേരിക്കയിലെ മാരത്തൺ യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്ന ബ്രസീൽ വലിയ പ്രയാസമില്ലാതെ മുന്നേറി. അർജന്റീനക്കെതിരായ ആദ്യ മത്സരം റൊണാൾഡോയുടെ ഹാട്രിക് പെനാൽട്ടിയിൽ ബ്രസീൽ ജയിച്ചു. റിട്ടേൺ മത്സരത്തിൽ അർജന്റീന 3-1 ന് ജയിച്ചു. അർജന്റീനക്കും ബ്രസീലിനുമൊപ്പം ഇക്വഡോറും പാരഗ്വായും യോഗ്യത നേടി. ഉറുഗ്വായ് പ്ലേഓഫിൽ ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടിൽ തോറ്റു. ഏഷ്യയിൽനിന്ന് സൗദി അറേബ്യയും ഇറാനും ജപ്പാനും തെക്കൻ കൊറിയയും ബെർത്തുറപ്പിച്ചു. കോൺകകാഫിൽ നിന്ന് അമേരിക്കക്കും മെക്‌സിക്കോക്കുമൊപ്പം കോസ്റ്ററീക്ക മുന്നേറി. ബഹ്‌റൈനെ ഇന്റർകോണ്ടിനന്റൽ പ്ലേഓഫിൽ തോൽപിച്ച് ട്രിനിഡാഡ് ആന്റ് ടൊബാഗോ ആദ്യമായി ലോകകപ്പിനെത്തി. 
ആഫ്രിക്കയിലായിരുന്നു അട്ടിമറികളുടെ പൊടിപൂരം. നാലു പുതിയ ടീമുകൾ യോഗ്യത നേടി. അൾജീരിയയും നൈജീരിയയും കാമറൂണുമൊക്കെ നിരാശരായി. ടോഗോയും ഐവറികോസ്റ്റും അംഗോളയും ഘാനയും തുനീഷ്യയുമാണ് ഫൈനൽ റൗണ്ടിലെത്തിയത്. 


യൂറോപ്പിൽ നിന്ന് നെതർലാന്റ്‌സും പോർചുഗലും ഇറ്റലിയുമൊക്കെ അനായാസം മുന്നേറി. ഗ്രൂപ്പ് ആറിൽ ഇംഗ്ലണ്ടും പോളണ്ടും ഒപ്പത്തിനൊപ്പം പൊരുതി. ഇരു ടീമുകളും യോഗ്യത നേടി. സ്‌പെയിനിന്റെ ഗ്രൂപ്പിൽ സെർബിയയാണ് ഒന്നാമതെത്തിയത്. സ്‌പെയിനിന് പ്ലേഓഫ് കളിക്കേണ്ടി വന്നു. ബെൽജിയം പുറത്തായി. സ്ലാറ്റൻ ഇബ്രഹിമോവിച്ചിന്റെ സ്വീഡനും തകർപ്പൻ ഫോമിലായിരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ ഗ്രീസിനെയും തുർക്കിയെയും ഡെന്മാർക്കിനെയും മറികടന്ന് ഉക്രൈൻ യോഗ്യത നേടി. ഫ്രാൻസ് വലിയ പ്രതിസന്ധിയിലായിരുന്നു. നിരവധി പ്രമുഖരെ തിരിച്ചുവിളിച്ചാണ് അവർ കടന്നുകൂടിയത്. 
ആസ്വാദ്യകരമായ ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് തുടങ്ങിയത്. ജർമനി 4-2 ന് കോസ്റ്ററീക്കയെ തോൽപിച്ചു. യുവതാരങ്ങളുമായി വന്ന ജർമനിക്ക് ആരും സാധ്യത കൽപിച്ചിരുന്നില്ല. പക്ഷെ അവർ ത്രസിപ്പിക്കുന്ന ശൈലിയിൽ കളിച്ചു. മിറോസ്ലാവ് ക്ലോസെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നാലു ഗോളടിച്ചു. പോളണ്ടിനെ 1-0 നും ഇക്വഡോറിനെ 3-0 നും ജർമനി തകർത്തു. പോളണ്ടിനെ മറികടന്ന് ഇക്വഡോറും രണ്ടാം റൗണ്ടിലെത്തി. 
ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള പോരാട്ടമാണ് ഗ്രൂപ്പ് ബി ഉറ്റുനോക്കിയത്. 2-2 സമനിലയായി. രണ്ടു ടീമുകളും മുന്നേറി. പാരഗ്വായും ട്രിനിഡാഡും പുറത്തായി. അർജന്റീനയും ഐവറികോസ്റ്റും സെർബിയയും നെതർലാന്റ്‌സുമടങ്ങുന്ന ഗ്രൂപ്പായിരുന്നു പ്രവചനാതീതം. അർജന്റീന 6-0 ന് സെർബിയയെ തരിപ്പണമാക്കി. എസ്തബാൻ കാംബിയാസോയുടെ ഗോൾ മാസ്മരികമായിരുന്നു. പകരക്കാരനായിറങ്ങി യുവ സെൻസേഷൻ ലിയണൽ മെസ്സിയും സ്‌കോർ ചെയ്തു. പ്ലേമേക്കർ റോളിൽ യുവാൻ റോമൻ റിക്വേൽമെ മനം കീഴടക്കി. അർജന്റീനയുടെ മികച്ച ലോകകപ്പ് മത്സരങ്ങളിലൊന്നായിരുന്നു അത്. അർജന്റീന-നെതർലാന്റ്‌സ് മത്സരം ഗോൾരഹിതമായി. ഇരു ടീമുകളും ഏഴ് പോയന്റുമായി മുന്നേറി. 


ഗ്രൂപ്പ് ഡി-യിൽ പോർചുഗലിനും മെക്‌സിക്കോക്കും വെല്ലുവിളി സമ്മാനിക്കാൻ ഇറാനും അംഗോളക്കും സാധിച്ചില്ല. 
ആന്ദ്രെ പിർലൊ ചരടു വലിച്ചതോടെ ഗ്രൂപ്പ് ഇ-യുടെ നിയന്ത്രണം ഇറ്റലിയുടെ കൈയിലായി. ഘാനയെയും ചെക് റിപ്പബ്ലിക്കിനെയും 2-0 ന് അവർ തോൽപിച്ചു. മൂന്നു ചുവപ്പ് കാർഡ് കണ്ട കളിയിൽ അമേരിക്കയുമായി സമനില പാലിച്ചു. ചെക്കിനെയും അമേരിക്കയെയും തോൽപിച്ച് ഘാനയും രണ്ടാം റൗണ്ടിലെത്തി. 2004 ലെ യൂറോ കപ്പിൽ കാണികളുടെ രോമാഞ്ചമായിരുന്ന ചെക് റിപ്പബ്ലിക്കിന് ലോകകപ്പിൽ ആ ഫോമിലെത്താനായില്ല. 


ഗ്രൂപ്പ് എഫിൽ ബ്രസീലിന് വെല്ലുവിളിയുണ്ടായിരുന്നില്ല. റൊണാൾഡോയും റൊണാൾഡിഞ്ഞോയും അഡ്രിയാനോയും കാക്കയും റോബിഞ്ഞോയുമുൾപ്പെടുന്ന ബ്രസീൽ നിര മിന്നുന്ന ഫോമിലായിരുന്നു. റൊണാൾഡ് ലോകകപ്പിൽ കൂടുതൽ ഗോളടിച്ച കളിക്കാരനായി. ക്രൊയേഷ്യയെ മറികടന്ന് ഓസ്‌ട്രേലിയയും രണ്ടാം റൗണ്ടിലെത്തി. ക്രൊയേഷ്യക്കൊപ്പം ജപ്പാൻ പുറത്തായി. 
ഗ്രൂപ്പ് ജി-യിൽ ഫ്രാൻസിനെ തെക്കൻ കൊറിയ തളച്ചു. സ്വിറ്റ്‌സർലാന്റായിരുന്നു ഒന്നാം സ്ഥാനത്ത്. കൊറിയയെ ഒരു പോയന്റിന് മറികടന്ന് ഫ്രാൻസ് രണ്ടാം റൗണ്ടിലെത്തി. ഗ്രൂപ്പ് എച്ചിൽ സൗദി-തുനീഷ്യ മത്സരം സമനിലയായി. എന്നാൽ ഉക്രൈനോട് 0-4 ന് സൗദി തോറ്റു. സ്‌പെയിനിനോട് 0-1 നും. തുനീഷ്യയും സൗദിയും ഓരോ പോയന്റുമായി മടങ്ങി. സ്‌പെയിൻ മൂന്നു കളിയും ജയിച്ചു.


ഫ്രാൻസ്-സ്‌പെയിൻ മത്സരമായിരുന്നു രണ്ടാം റൗണ്ടിലെ ക്ലാസിക്. ഇരുപത്തെട്ടാം മിനിറ്റിൽ ലീഡ് നേടിയ ശേഷം സ്‌പെയിൻ 1-3 ന് തോറ്റു. 2004 ലെ യൂറോ കപ്പ് മുതൽ അജയ്യരായി മുന്നേറിയ സ്‌പെയിനിനെ തപ്പിത്തടഞ്ഞ ഫ്രാൻസ് കീഴടക്കി. അർജന്റീനക്കെതിരെ മെക്‌സിക്കൊ ലീഡ് നേടി. എക്‌സ്ട്രാ ടൈമിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. പോർചുഗൽ 1-0 ന് നെതർലാന്റ്‌സിനെ കീഴടക്കി. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം മത്സരങ്ങളിലൊന്നായിരുന്നു ഇത്. ജർമനി 2-0 ന് സ്വീഡനെയും ബ്രസീൽ 3-0 ന് ഘാനയെയും തകർത്തു. സ്വിറ്റ്‌സർലന്റിനെ ഷൂട്ടൗട്ടിൽ ഉക്രൈൻ മറികടന്നു. തൊണ്ണൂറാം മിനിറ്റിലെ ഫ്രാഞ്ചെസ്‌കൊ ടോട്ടിയുടെ പെനാൽട്ടിയിൽ ഇറ്റലി 1-0 ന് ഓസ്‌ട്രേലിയയെ തോൽപിച്ചു. ഇംഗ്ലണ്ട് 1-0 ന് ഇക്വഡോറിനെ കീഴടക്കി. 
രണ്ട് ക്വാർട്ടർ ഫൈനലുകൾ ഷൂട്ടൗട്ടിലാണ് വിധിയായത്. ജർമനിക്കു മുന്നിൽ അർജന്റീനയുടെയും പോർചുഗലിനു മുന്നിൽ ഇംഗ്ലണ്ടിന്റെയും പ്രതീക്ഷകൾ അസ്തമിച്ചു. അതിമനോഹരമായി മുന്നേറുകയായിരുന്ന ബ്രസീലിനെ ഫ്രാൻസ് 1-0 ന് അട്ടിമറിച്ചു. ഇറ്റലി 3-0 ന് ഉക്രൈനെ തകർത്തു. 119, 120 മിനിറ്റുകളിലായി നേടിയ രണ്ടു ഗോളിൽ ഇറ്റലി സെമിയിൽ ആതിഥേയരുടെ മുന്നേറ്റം തടഞ്ഞു. സിനദിൻ സിദാന്റെ പെനാൽട്ടിയിൽ ഫ്രാൻസ് 1-0 ന് പോർചുഗലിനെ തോൽപിച്ചു. 


ഫൈനലിൽ സിദാനും മാറ്റെരാസിയും സ്‌കോർ ചെയ്തു. എന്നാൽ ഫുട്‌ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ ഇടിയിലാണ് ടൂർണമെന്റ് അവസാനിച്ചത്. സിനദിൻ സിദാന്റെ ഉജ്വലമായ കരിയർ ചുവപ്പ് കാർഡിന്റെ നാണക്കേടിൽ അവസാനിച്ചു. ഇറ്റലിക്കെതിരായ ഫൈനൽ എക്‌സ്ട്രാ ടൈമിലേക്കും കടന്ന് മുറുകവേയായിരുന്നു ഫ്രഞ്ച് താരം എതിർ ഡിഫന്റർ മാർക്കൊ മാറ്റെരാസിയെ തല കൊണ്ടിടിച്ചു വീഴ്ത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനാവും സിദാനെന്ന് ഉറപ്പായിരുന്നു. എന്നിട്ടും മാന്യമായ തന്റെ കരിയറിന് കറ കൊണ്ട് തിരശ്ശീലയിടാൻ എന്താണ് സിദാന് പ്രകോപനമായതെന്ന് ലോകം ദിവസങ്ങളോളം ചർച്ച ചെയ്തു. ലോകകപ്പിൽ രണ്ടു തവണ ചുവപ്പ് കാർഡ് കണ്ട രണ്ടേരണ്ടു കളിക്കാരിലൊരാളായി സിദാൻ. 


പ്രതിരോധ നിരയുടെയും ടീം വർക്കിന്റെയും കരുത്തിലാണ് ഇറ്റലി വിജയപീഠം കയറിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു ഗോളി ജിയാൻലൂജി ബുഫോണും ക്യാപ്റ്റൻ ഫാബിയൊ കനവാരോയും നേതൃത്വം നൽകിയ പ്രതിരോധം. രണ്ടു ഗോളാണ് അവർ വഴങ്ങിയത്. ഒന്ന് സെൽഫ് ഗോളും ഒന്ന് പെനാൽട്ടിയും. ആന്ദ്രെ പിർലോയും ജെന്നാരൊ ഗട്ടൂസോയും മധ്യനിരയിൽ വിശ്രമമില്ലാതെ കളിച്ചു. ഫുൾബാക്കുകളായ ജിയാൻലൂക്ക സംബ്രോട്ടയും ഫാബിയൊ ഗ്രോസോയും എതിർ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു.


ഇറ്റാലിയൻ ലീഗിലെ ഒത്തുകളി വിവാദത്തിന്റെ കരിനിഴലിലായിരുന്നു ടീം. പ്രതിസന്ധി ടീമിനെ ഒരുമിപ്പിക്കുകയാണ് ചെയ്തത്. ഇരുപത്തിമൂന്നംഗ ടീമിൽ 21 പേരും കളിച്ചു, പത്തു പേർ ഗോൾ നേടുകയും ചെയ്തു. 
രണ്ടാം റൗണ്ടിൽ ഗ്രോസൊ നേടിയെടുത്ത വിവാദ പെനാൽട്ടിയാണ് ഓസ്‌ട്രേലിയക്കെതിരെ പത്തു പേരായിച്ചുരുങ്ങിയ ഇറ്റലിയെ രക്ഷിച്ചത്. ജർമനിക്കെതിരായ ഹരം പിടിപ്പിച്ച സെമിയിൽ ഗ്രോസൊ വീണ്ടും കളി തിരിച്ചു. ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ അവസാന കിക്കിലൂടെ കിരീടം ഇറ്റലിക്കു സമ്മാനിച്ചതും ഗ്രോസൊ തന്നെ. യൂറോ 2000 ഫൈനലിൽ ഇറ്റലിക്കെതിരെ ഗോൾഡൻ ഗോളിലൂടെ ഫ്രാൻസിന കിരീടം സമ്മാനിച്ച ഹീറോ ഡേവിഡ് ട്രസഗ്വെയാണ് ഇത്തവണ ഷൂട്ടൗട്ടിൽ വില്ലനായത്. ട്രസഗ്വെയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് ഗോൾ ലൈനിനു മുമ്പിൽ പിച്ച് ചെയ്ത് പുറത്തേക്ക് പോയി. ആദ്യമായാണ് ലോകകപ്പിന്റെ ഷൂട്ടൗട്ടിൽ ഇറ്റലി ജയിക്കുന്നത്, 1994 ലെ ഫൈനലിലുൾപ്പെടെ മൂന്നു തവണ അവരെ ഷൂട്ടൗട്ട് ചതിച്ചിരുന്നു.


നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്ന ആദ്യ ലോകകപ്പാണ് ഇത്. സ്റ്റേഡിയങ്ങൾക്കു പുറത്തെ ആരാധക മേഖലകൾ വൻ പ്രചാരം നേടി. പതിവില്ലാത്ത വിധം ആക്രമണ ഫുട്‌ബോൾ കളിച്ച ജർമനിയുടെ യുവനിരയും ടൂർണമെന്റിന് ഹരം പകർന്നു. മിറോസ്ലാവ് ക്ലോസെ അഞ്ചു ഗോളോടെ ടോപ്‌സ്‌കോററായി. മൂന്നു ഗോളടിച്ച ലുക്കാസ് പൊഡോൾസ്‌കി മികച്ച യുവ താരമായി. സൗഹൃദത്തിന്റെ സമയം എന്ന മുദ്രാവാക്യത്തിലൂടെ ജർമൻകാരും ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളുടെ സ്‌നേഹം പിടിച്ചുപറ്റി. റൊണാൾഡൊ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായതാണ് ബ്രസീലിന്റെ ആശ്വാസം.
തന്റെ അവസാന ടൂർണമെന്റിൽ ഫോമിന്റെ ഔന്നത്യങ്ങളിലേക്കുയർന്ന സിദാനായിരുന്നു ഫൈനൽ വരെ താരം. സ്‌പെയിനിനെയും ബ്രസീലിനെയും ഫ്രാൻസ് തോൽപിച്ചു. ഫ്രാൻസ് ചാമ്പ്യന്മാരായ 1998 ലെ ഫൈനലിൽ രണ്ടു ഗോളടിച്ച സിദാൻ ഇറ്റലിക്കെതിരായ ഫൈനലിലും സ്‌കോർ ചെയ്തു. എന്നാൽ ഏറ്റവും ആകർഷകമായ കളി പോർചുഗലിന്റേതായിരുന്നു. 2002 ൽ ബ്രസീലിന് കിരീടം നേടിക്കൊടുത്ത കോച്ച് ലൂയിസ് ഫെലിപ്പെ സ്‌കൊളാരിയുടെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെയും കരുത്തിൽ അവർ 1966 നു ശേഷം ആദ്യമായി സെമി കണ്ടു. ആദ്യ റൗണ്ട് അർജന്റീനയുടേതായിരുന്നു. 24 ചന്തമുള്ള പാസുകൾക്കു ശേഷം സെർബിയ മോണ്ടിനെഗ്രോക്കെതിരെ എസ്തബാൻ കാംബിയാസൊ നേടിയ ഗോൾ അവിസ്മരണീയമായി. 6-0 നാണ് അർജന്റീന ജയിച്ചത്. മെക്‌സിക്കോക്കെതിരെ മാക്‌സി റോഡ്രിഗസും അർജന്റീനക്ക് അമ്പരപ്പിക്കുന്ന ഗോൾ സമ്മാനിച്ചു.


ഓഷ്യാന ഉൾപ്പെടെ ആറ് ഫിഫ മേഖലകളിൽ നിന്നും 2006 ൽ ടീമുകളുണ്ടായിരുന്നു ആഫ്രിക്കയിൽനിന്ന് ആദ്യമായി എത്തിയ മൂന്നു ടീമുകളും അരങ്ങേറ്റം ഉജ്വലമാക്കി. ഐവറികോസ്റ്റ് കരുത്തരായ അർജന്റീനക്കും നെതർലാന്റ്‌സിനും വെല്ലുവിളിയുയർത്തി. അംഗോള വമ്പന്മാരായ മെക്‌സിക്കോയെയും ഇറാനെയും പിടിച്ചുകെട്ടി. ചെക് റിപ്പബ്ലിക്കിനെയും അമേരിക്കയെയും അട്ടിമറിച്ച് ഘാന പ്രി ക്വാർട്ടറിലെത്തി. ബ്രസീലിനോട് തോറ്റാണ് അവർ പുറത്തായത്. ജപ്പാനെതിരെ അവസാന പത്തു മിനിറ്റിൽ മൂന്നു ഗോളടിച്ച് ഓസ്‌ട്രേലിയ ജയിച്ചതും ശ്രദ്ധേയമായി. രണ്ട് റൗണ്ടുകളിലും ഒരു ഗോൾ പോലും വഴങ്ങാതിരുന്നിട്ടും സ്വിറ്റ്‌സർലന്റ് പുറത്തായി. നാലു കളികളിൽ ഗോൾ വഴങ്ങാതിരുന്ന അവർ പ്രി ക്വാർട്ടറിൽ ഉക്രൈനോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.. 
നിരാശപ്പെടുത്തിയത് ബ്രസീലും ഇംഗ്ലണ്ടുമായിരുന്നു. പ്രി ക്വാർട്ടറിൽ ഇരു ടീമുകളും പുറത്തായി. 2002 ലെ മിന്നുന്ന വിജയങ്ങൾക്കു ശേഷം ഏഷ്യൻ ടീമുകളും മങ്ങി. കോഴ ആരോപണത്തിന്റെ കരിനിഴലിൽ ലോകകപ്പ് വേദി ദക്ഷിണാഫ്രിക്കയിൽനിന്ന് തട്ടിയെടുത്ത ജർമനി ഒന്നാന്തരമായി ടൂർണമെന്റ് സംഘടിപ്പിച്ച് ലോകത്തെ കൈയിലെടുത്തു. 


ആതിഥേയർ: ജർമനി, ചാമ്പ്യന്മാർ: ഇറ്റലി
ടീമുകൾ: 32, മത്സരങ്ങൾ: 64
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 198

ടോപ്‌സ്‌കോറർ: മിറോസ്ലാവ് ക്ലോസെ (ജർമനി, 5)
പ്രധാന അസാന്നിധ്യം: കാമറൂൺ, നൈജീരിയ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: അംഗോള, ഐവറികോസ്റ്റ്, ഘാന, ടോഗൊ, ട്രിനിഡാഡ് ആന്റ് ടൊബേഗൊ
ആകെ ഗോൾ 147 (ശരാശരി 2.30), കൂടുതൽ ഗോളടിച്ച ടീം: ജർമനി (14)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ. 

അറിയാമോ

  • ലോകകപ്പിലെ ഏറ്റവും വൈകി നേടിയ ഗോൾ 2006 ൽ ജർമനിക്കെതിരായ സെമിയിൽ ഇറ്റലിയുടെ അലസാന്ദ്രൊ ദെൽപിയറോയുടേതായിരുന്നു, 121 ാം മിനിറ്റിൽ.  
  • ക്രൊയേഷ്യക്കെതിരായ കളിയിൽ ഓസ്‌ട്രേലിയയുടെ ജോസിപ് സിമുനിച്ചിന് റഫറി ഗ്രഹാം പോൾ മൂന്നു തവണ മഞ്ഞക്കാർഡ് കാണിച്ചത് വിവാദമായി. രണ്ടാം മഞ്ഞക്കാർഡോടെ സിമുനിച് പുറത്താവേണ്ടതായിരുന്നു. മൂന്നാമത്തേതും ലഭിച്ച ശേഷമാണ് സിമുനിച്ചിന് റഫറി മാർച്ചിംഗ് ഓർഡർ നൽകിയത്. 
  • യോഗ്യതാ ഘട്ടത്തിൽ ഏഷ്യയിലെ അവസാന റൗണ്ടിൽ ഉസ്‌ബെക്കിസ്ഥാൻ-ബഹ്‌റൈൻ മത്സരം വീണ്ടും നടത്താൻ ഫിഫ ഉത്തരവിട്ടു. ബഹ്‌റൈന് ലഭിച്ച പെനാൽട്ടി റഫറിയുടെ പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. 
  • റെക്കോർഡായ 326 മഞ്ഞക്കാർഡുകളും 28 ചുവപ്പ് കാർഡുകളും റഫറിമാർ പുറത്തെടുത്തു. 
  • റഷ്യൻ റഫറി വാലന്റിൻ ഇവാനോവ് പോർചുഗൽ-നെതർലാന്റ്‌സ് മത്സരത്തിൽ 16 മഞ്ഞക്കാർഡും നാല് ചുവപ്പ് കാർഡും കാണിച്ചു   
  • ഇറ്റലിയുടെ മാർക്കൊ മാറ്റെരാസി രണ്ട് ഗോളാണ് രാജ്യാന്തര മത്സരങ്ങളിൽ നേടിയത്. രണ്ടും ഈ ലോകകപ്പിലായിരുന്നു. 
  • ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ മാതാവും പിതാവും പ്രൊഫഷനൽ കായിക താരങ്ങളാണ്. പിതാവ് പോളണ്ടിലും ഫ്രാൻസിലും പ്രധാന ക്ലബ്ബുകളുടെ വിംഗറായിരുന്നു. മാതാവ് ബാർബാറ ജെസ് പോളണ്ടിന്റെ ഹാന്റ്‌ബോൾ ടീമിൽ അംഗമായിരുന്നു. 

തല മിടുക്ക്

മൂന്നു ലോകകപ്പിൽ നാലു വീതം ഗോളെങ്കിലും നേടിയ ഏക കളിക്കാരനാണ് മിറോസ്‌ലാവ് ക്ലോസെ. രണ്ടു ലോകകപ്പുകളിൽ അഞ്ചു വീതം ഗോളടിച്ച രണ്ടു പേരേയുള്ളൂ. ക്ലോസെയും പെറുവിന്റെ തിയോഫിലൊ ക്യൂബിയാസും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് ക്ലോസെ, ബ്രസീലിന്റെ റൊണാൾഡൊയെ 2010 ലെ ലോകകപ്പിൽ മറികടന്നു. 
വെറും രണ്ട് ജർമൻ വാക്കുകളുടെ അറിവുമായി പോളണ്ടിൽനിന്ന് കുടിയേറിയെത്തിയ ക്ലോസെ ഒരു പതിറ്റാണ്ടോളമായി ജർമൻ ഫുട്‌ബോൾ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ജർമനിയുടെ സാക്ഷാൽ ബോംബർ മുള്ളറുടെ ഇരട്ട റെക്കോർഡ് ക്ലോസെ തകർത്തു- ലോകകപ്പിൽ 14 ഗോളും ജർമൻ ദേശീയ ടീമിൽ 68 ഗോളും.
ജർമനി ഫൈനലിലെത്തിയ 2002 ലെ ലോകകപ്പിൽ അഞ്ച് ഗോളുണ്ടായിരുന്നു ക്ലോസെയുടെ പേരിൽ, അഞ്ചും ഹെഡറിലൂടെ. ആദ്യമായാണ് ഒരു കളിക്കാരൻ ലോകകപ്പിൽ അഞ്ച് ഹെഡർ ഗോളുകൾ നേടുന്നത്. 2006 ൽ ജർമൻ മണ്ണിൽ ലോകകപ്പെത്തിയപ്പോൾ അഞ്ച് ഗോളോടെ ടോപ്‌സ്‌കോററായി. 2010 ൽ ജർമനിയുടെ യുവനിര മാസ്മരികമായ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടപ്പോഴും വെറ്ററൻ താരം ക്ലോസെ നാലു ഗോളുമായി ഒപ്പം നിന്നു. 2008 ൽ യൂറോ കപ്പിന്റെ ഫൈനലിലെത്തിയ ജർമൻ ടീമിലും ക്ലോസെ ഉണ്ടായിരുന്നു. 2012 ലെ യൂറോ കപ്പിൽ പ്രധാനമായും സബ്സ്റ്റിറ്റിയൂട്ടായാണ് ക്ലോസെയെ ഉപയോഗിച്ചത്. ക്ലോസെ ഗോളടിച്ച ഒരു മത്സരവും ജർമനി തോറ്റിട്ടില്ല. 
1986 ൽ എട്ടാം വയസ്സിൽ ജർമനിയിലെത്തിയ ക്ലോസെ എഫ്.സി ഹാംബർഗിന്റെ റിസർവ് ടീമിലൂടെയാണ് പ്രൊഫഷനൽ കരിയർ തുടങ്ങിയത്. കൈസർസ്ലോട്ടേൻ, വെർദർ ബ്രേമൻ, ബയേൺ മ്യൂണിക്, ഇറ്റലിയിൽ ലാസിയോ തുടങ്ങിയ ടീമുകളിൽ കളിച്ചു. മാന്യമായ കളിക്കാരനാണ് ക്ലോസെ. ജർമനിയിലും ഇറ്റലിയിലും ഫെയർപ്ലേ ബഹുമതി നേടിയിട്ടുണ്ട്. 


 

Latest News