Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരൂഹതയുടെ കെട്ടഴിക്കാന്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത്  ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോഴിക്കോട്- മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തുടരന്വേഷണത്തില്‍ നിര്‍ണയകമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് നടപടി.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ ഡി ഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭര്‍ത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി അനുമതി വാങ്ങിയത്.
മാര്‍ച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്‌ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പോലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മര്‍ദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ ഭര്‍ത്താവ് മെഹനാസിനെതിരെ പോലീസ് കെസെടുത്തു. ആത്മഹത്യാ പ്രേരണയ്ക്കും , മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
 

Latest News