ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്യുകയും ദല്‍ഹി പോലീസ് രക്ഷപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയെ ഒടുവില്‍ വൈദ്യപരിശോധനയ്ക്കായി തലസ്ഥാനത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചു.
മതപരമായ ശത്രുത വളര്‍ത്തുന്ന പ്രകോപനപരമായ പ്രസ്താവനകളുടേയും ഭീഷണിയുടേയും പേരിലാണ് ബഗ്ഗയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറി.
ദല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് പോലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തത്. ബഗ്ഗയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഹരിയാന പോലീസുകാര്‍ ബഗ്ഗയുമായി മൊഹാലിയിലേക്ക് പോകുകയായിരുന്ന പോലീസ് സംഘത്തെ തടഞ്ഞു. ഹരിയാന പോലീസ് പഞ്ചാബ് പോലീസിന്റെ കാര്‍ തടഞ്ഞ് ഹൈവേയില്‍നിന്ന് കുരുക്ഷേത്രയിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
പഞ്ചാബ് പോലീസുകാരെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദല്‍ഹി പോലീസിന് കൈമാറുന്നതിന് പകരം ബഗ്ഗയെ ഹരിയാനയില്‍ തന്നെ നിര്‍ത്തണമെന്ന എ.എ.പി ഭരിക്കുന്ന പഞ്ചാബിന്റെ ആവശ്യം പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളി.
തട്ടിക്കൊണ്ടുപോകല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് വാറന്റിനായി കോടതിയെ സമീപിച്ച ദല്‍ഹി പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഹരിയാന പോലീസ് നടപടി സ്വീകരിച്ചത്. വാറന്റുമായി ദല്‍ഹി പോലീസിന്റെ സംഘം കുരുക്ഷേത്രയിലെത്തി ബഗ്ഗയെ രക്ഷപ്പെടുത്തി തലസ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ചുവെന്നും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗക്കെതിരെ ആംആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗ് പഞ്ചാബ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തിനിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളുമടങ്ങുന്ന രേഖകള്‍ സണ്ണി പഞ്ചാബ് പോലീസിന് കൈമാറിയിരുന്നു.






