60 ഉദ്യോഗസ്ഥരെ പുറത്താക്കി യുഎസിന് റഷ്യയുടെ മറുപടി 

മോസ്‌കോ- അറുപത് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി റഷ്യ.  
60 യുഎസ് ഉദ്യോഗസ്ഥരോടു രാജ്യംവിടാന്‍ ആവശ്യപ്പെട്ട റഷ്യന്‍ വിദേശമന്ത്രാലയം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഏപ്രില്‍ അഞ്ചിനകം രാജ്യം വിടാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടനില്‍ ഇരട്ടച്ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് ബ്രിട്ടനും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. 
റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുകയാണെന്ന്  റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് ആരോപിച്ചു. കഴിഞ്ഞ മാസം നാലിന് മുന്‍  ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനെയും മകളെയും ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ വിഷരാസവസ്തു ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ റഷ്യയാണെന്നാണ് ആരോപണം.  റഷ്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് വിവിധ രാജ്യങ്ങള്‍ ഇതിനകം 140 റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.  

60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും സിയാറ്റിലിലെ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ജര്‍മനി, ഫ്രാന്‍സ് എന്നിവ അടക്കം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കാനഡയും റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.
 

Latest News