Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സാഹസികതയുടെ ചിറകിൽ അബ്ദുൽ നാസർ

പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് നെടുങ്ങോട്ടൂർ എന്ന ഗ്രാമത്തിലെ പരമ്പരാഗത മുസ്‌ലിം കുടുംബത്തിൽ ജനിച്ച് അചഞ്ചലമായ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സാഹസികതയിൽ ചരിത്രം രചിച്ച് ജൈത്രയാത്ര തുടരുന്ന പ്രതിഭയാണ് ഖത്തർ എനർജിയിലെ ഫിനാൻസ് മേധാവിയായ അബ്ദുൽ നാസർ. നിരന്തരമായ പരിശ്രമങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കിയ ഈ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും വളർന്നുവരുന്ന തലമുറക്ക് പലതും പഠിക്കാനും പകർത്താനുമുണ്ട്.

അന്താരാഷ്ട്ര മാരത്തോണുകളിലെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കിയും ട്രയാത്തലണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അയൺമാനായുമൊക്കെ നമ്മെ വിസ്മയിപ്പിക്കുമ്പോൾ പ്രൊഫഷണൽ രംഗത്തും മികവ് തെളിയിച്ചാണ് ജീവിതം ആഘോഷമാക്കുന്നത്.

മോട്ടിവേഷണൽ സ്പീക്കർ, ഗ്രന്ഥകാരൻ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ ഇടപെടലുകൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ തിളങ്ങുന്ന അബ്ദുൽ നാസർ ടോസ്റ്റ് മാസ്റ്റേഴ്‌സ് കഌബ് പ്രസിഡന്റായും ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിന്റെ ഏരിയ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോലാലംപൂർ, വാഷിംഗ്ടൺ ഡി.സി, കാനഡ തുടങ്ങിയിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുത്ത അദ്ദേഹം ഡിസ്റ്റിംഗ്വിഷ് ടോസ്റ്റ് മാസ്റ്റേഴ്‌സ് അവാർഡും പാൽക്കൺ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പറും ദോഹ ചാപ്റ്റർ ബോർഡ് മെമ്പറുമായിരുന്ന അദ്ദേഹം ആയോധന കലയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് പഠനകാലത്ത് തന്നെ കുങ്ഫു മാർഷൽ ആർട്ടിൽ ട്രെയിനർ ബിരുദം നേടുകയും നിരവധി പേരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാരത്തോൺ ഓട്ടക്കാരൻ, സ്റ്റെയർകേസ് റണ്ണർ, ട്രയാത്തലറ്റ്, സ്‌കൂബാഡൈവർ, ഹൈക്കിംഗ് തുടങ്ങി വിവിധ കായികാഭ്യസങ്ങളിൽ സജീവമായ അദ്ദേഹം കഴിഞ്ഞ മാസം നടന്ന ബോസ്റ്റൺ മാരത്തണിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് അബ്ദുൽ നാസർ ജനിച്ച് വളർന്നത്. പിതാവ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ പള്ളികളിലും കോളേജുകളിലുമാണ് ജോലി ചെയ്തിരുന്നത്. മാതാവ് നഫീസ വീട്ടമ്മയും. പാരമ്പര്യ ജീവിത സാഹചര്യങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ ഉയരങ്ങളിലേക്ക് കുതിക്കുവാനുള്ള ചവിട്ടുപലകയാക്കിയാണ് അബ്ദുൽ നാസർ ജീവിത ഗതി മാറ്റിമറിച്ചത്.

സാധാരണ സ്‌കൂൾ വിദ്യാഭ്യാസമാണ് അബ്ദുൽ നാസറിന് ലഭിച്ചത്. പിതാവ് ജോലി മാറുന്നതനുസരിച്ച് പല സ്‌കൂളുകളിൽ പഠിക്കേണ്ടി വന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം കായിക രംഗത്തും ചെറുപ്പം മുതലേ തൽപരനായിരുന്നു. നാട്ടിൻപുറത്തെ ഫുട്‌ബോൾ, വോളിബോൾ ഗ്രൗണ്ടുകളിൽ പയറ്റിയ അദ്ദേഹം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കുങ്ഫു പഠിച്ചത്. ബി.കോമിന് പഠിക്കുമ്പോഴേക്കും കുങ്ഫു പരിശീലകനായി ഉയർന്ന അദ്ദേഹം കായിക വിനോദത്തോടൊപ്പം സമ്പാദിക്കാനും തുടങ്ങി. പട്ടാമ്പി കോളേജിലെ ടോപ്പറായി ബി.കോം പാസായപ്പോൾ യൂനിവേഴ്‌സിറ്റി തലത്തിൽ റാങ്കും സ്വന്തമാക്കി.

പഠനമാണ് ജീവിതം മാറ്റിമറിക്കാനുളള വഴി

ഉയർന്ന് പഠിക്കുകയെന്നതാണ് ജീവിതം മാറ്റിമറിക്കാനുള്ള വഴി എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സി.എക്ക് ചേർന്നു. ഈ സമയത്ത് കായിക പരിപാടികളും കളികളുമൊക്കെ മാറ്റിവെച്ച് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാധ്വാനിയായ അദ്ദേഹം ആദ്യ ശ്രമത്തിൽ തന്നെ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ സി.എ പാസായി. തന്റെ ജീവിതാനുഭവം മൊത്തം കുടുംബത്തിൽ തന്നെ വിദ്യാഭ്യാസ വിപഌവത്തിന് കാരണമായി.

മദ്രാസിൽ നടന്ന കാമ്പസ് ഇന്റർവ്യൂവിൽ ഇന്ത്യൻ ഓയിൽ കോർപറേഷനിലാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 6 വർഷത്തെ സേവനത്തിന് ശേഷം ബ്രിട്ടീഷ് കമ്പനിയായ കെയിൻ എനർജിയിൽ ചേർന്നു. സൗദി അറേബ്യ ബേസിസ് ഇൻഡസ്ട്രീസ് കോർപറേഷനിൽ ജോലി സ്വീകരിച്ചാണ് പ്രവാസം ആരംഭിച്ചത്. താമസിയാതെ ഖത്തർ ഇന്റർനാഷണൽ പെട്രോളിയം മാർക്കറ്റിംഗ് കമ്പനിയിൽ ചേർന്ന അദ്ദേഹം ഖത്തർ എനർജിയിലെ ഫിനാൻസ് മേധാവിയായാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.

ഗ്രന്ഥകാരൻ, മോട്ടിവേഷണൽ സ്പീക്കർ

പ്രവാസ ലോകത്ത് ഉയർന്ന ജോലിയും സൗകര്യവുമുള്ള അബ്ദുൽ നാസർ നാട്ടിൽ പോകുമ്പോഴൊക്കെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള സ്‌കൂൾ, കോളേജ് വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും അവരുമായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ജീവിത പ്രാരാബ്ധങ്ങളും ചുറ്റുപാടുകളുമൊക്കെ വളരാൻ വെമ്പുന്ന പ്രതിഭകൾക്ക് മുന്നിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പ്രായോഗിക നിർദേശങ്ങളും അനുഭവങ്ങളും വലിയ ആശ്വാസവും വഴികാട്ടിയുമാവുകയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ ഗ്രാമത്തിലെ നിരവധി പേർക്ക് വഴികാട്ടിയാകുമെന്നതിനാൽ അവ എഴുതണമെന്ന് ഗുണകാംക്ഷികൾ നിർദേശിച്ചപ്പോഴാണ് അദ്ദേഹം മോട്ടിവേഷണൽ സ്പീക്കറും ഗ്രന്ഥകാരനുമായത്.

ജീവിതത്തിൽ പ്രായോഗിക പാഠങ്ങളിലൂടെ ഉത്തേജിപ്പിച്ച മാതാപിതാക്കൾക്ക് സമർപ്പിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ദ റോഡ് ലെസ് ട്രാവൽഡ് എന്നതാണ്. ഇംഗഌഷിലുള്ള ഈ പുസ്തകം ബി. നന്ദകുമാർ അധികമാരും സഞ്ചരിക്കാത്ത വഴികൾ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അയൺമാൻ

15 മണിക്കൂറിനുള്ളിൽ 3.8 കിലോമീറ്റർ നീന്തിയും 180 കിലോമീറ്റർ സൈക്കിൾ ചവിട്ടിയും 42.2 കിലോമീറ്റർ ഓടിയും ട്രയാത്തലണിൽ മികവ് തെളിയിച്ച് 2018 ൽ അയൺമാൻ കരസ്ഥമാക്കിയതിന്റെ വെളിച്ചത്തിൽ അദ്ദേഹം രചിച്ച അയൺ മാൻ, അയൺ സ്പിരിറ്റ് എന്ന പുസ്തകം പ്രൊഫഷണലുകൾക്കും അല്ലാത്തവർക്കും വഴികാട്ടിയാണ് .

ഉയർന്ന ജോലിയും സൗകര്യങ്ങളുമുള്ള പലരും ആരോഗ്യം നഷ്ടപ്പെട്ട് ജീവിത ശൈലി രോഗങ്ങൾക്കടിപ്പെടുന്ന ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ചികിൽസക്കപ്പുറം ശാരീരികവും കായികവുമായ പ്രതിരോധം തീർക്കുകയും ജീവിതത്തിൽ സജീവമാവുകയും ചെയ്യുകയെന്നതാണ് ഏറ്റവും ക്രിയാത്മകമായ മാർഗമെന്നാണ് അദ്ദേഹം അടിവരയിടുന്നത്.

ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്. തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് വഴികാട്ടിയാകുമെന്ന വിശ്വാസത്തിൽ അദ്ദേഹം പങ്കുവെക്കുന്ന നിരവധി വിലപ്പെട്ട നിർദേശങ്ങളും പാഠങ്ങളുമാണ് പുസ്തകത്തിലുള്ളത്. ട്രെയിനിംഗ് കലണ്ടറും റേസ് നുട്രീഷ്യനും മറ്റു റുട്ടീനുകളും സംബന്ധിച്ച അദ്ദേഹത്തിന്റെ കുറിപ്പുകളും പുസ്തകത്തെ സവിശേഷമാക്കുന്നു. മാനസികമായും ശാരീരികമായും തയാറായാൽ എന്തും സാധ്യമാണെന്ന ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പാഠങ്ങളാണ് വായനക്കാർക്ക് അദ്ദേഹം പകർന്നു നൽകുന്നത്.

സാധാരണക്കാർക്കും ഉദ്യോഗസ്ഥർക്കുമൊക്കെ മനസ്സുവെച്ചാൽ ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാനാകുമെന്നാണ് അദ്ദേഹം പ്രായോഗികമായി അടയാളപ്പെടുത്തുന്നത്. ജോലിയും ജീവിതവും തമ്മിലുള്ള ആരോഗ്യകരമായ ബാലൻസ് കാത്തുസൂക്ഷിക്കലാണ് ഏറ്റവും പ്രധാനമെന്നാണ് അദ്ദേഹം പറയുന്നത്.

എവറസ്റ്റ് കീഴടക്കി

ഒമാനിലെ ഉട്മ അൽ ഹജറ മല കീഴടക്കിയ സാഹസികനായ അബ്ദുൽ നാസർ എവറസ്റ്റ് കീഴടക്കണമെന്ന മോഹവുമായി ഖത്തറിൽ നിന്നും നേപ്പാളിലെത്തി. ഭീമമായ പണച്ചെലവും അങ്ങേയറ്റം സാഹസികതയും നിറഞ്ഞ ഒരു ദൗത്യം. പലർക്കും ജീവൻ വരെ നഷ്ടപ്പെടുന്ന ദൗത്യം.
മൗണ്ട് എവറസ്റ്റ്, സാഹസികനായ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ കഥ എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം. 2019 ലെ തന്റെ വിജയകരമായ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അനുഭവ സാക്ഷ്യമാണത്. എവറസ്റ്റ് കീഴടക്കാനാഗ്രഹിക്കുന്നവർക്ക് അത്യാവശ്യമായ മാർഗനിർദേശങ്ങളടങ്ങിയ ഈ ഗ്രന്ഥം സാഹസികത ആഗ്രഹിക്കുന്ന യുവാക്കളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്.
സാധാരണ ഗതിയിൽ 4-5 വർഷത്തെ നിരന്തര പരിശ്രമങ്ങൾ ആവശ്യമുള്ള എവറസ്റ്റ് കീഴടക്കൽ ദൗത്യം കേവലം മാസങ്ങൾ കൊണ്ടാണ് അദ്ദേഹം പൂർത്തീകരിച്ചത്. മരണം മുന്നിൽ കണ്ട പല സന്ദർഭങ്ങളിലും മനക്കരുത്തോടെ പിടിച്ചു നിന്നാണ് അദ്ദേഹം തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
2019 ൽ 60 ദിവസത്തെ എക്‌സ്പഡിഷൻ പരിശീലനം പൂർത്തിയാക്കി 8800 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടിമുടി കീഴടക്കി

ഖത്തറിന്റെ പുണ്യം

സി.എക്ക് ചേർന്നതോടെ നിർത്തിവെച്ചിരുന്ന കായിക വിനോദ പരിപാടികളും പരിശീലനവുമൊക്കെ പുനരാരംഭിച്ചത് ഖത്തറിലെത്തിയ ശേഷമാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെ ശാരീരിക ഫിറ്റ്‌നസ് നേടിയെടുക്കാമെന്ന് അദ്ദേഹം തെളിയിച്ചു. നടത്തവും ഓട്ടവും നീന്തലുമൊക്കെ തുടർന്നപ്പോൾ രണ്ട് വർഷം കൊണ്ട് തന്നെ ശാരീരിക ഫിറ്റ്‌നസ് നേടി മാരത്തണുകളിൽ പങ്കെടുത്തു തുടങ്ങി. ഉരീദു മാരത്തോണിലെ സ്ഥിരം സാന്നിധ്യമായ അദ്ദേഹം 2018 ൽ കസകിസ്ഥാൻ, കൊളംബോ എന്നിവിടങ്ങളിൽ ഹാഫ് അയൺമാൻ മൽസരത്തിലും പങ്കെടുത്തു. കായിക ക്ഷമത ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും അതിന്റെ അഭാവം ജീവിത സൗകര്യങ്ങൾ ആസ്വദിക്കുന്നതിൽ നിന്നും തടയുമെന്നുമാണ് അദ്ദേഹം കരുതുന്നത്. അതുകൊണ്ട് തന്നെ നിരന്തരം പരിശീലനത്തിലേർപ്പെടുന്ന അദ്ദേഹം ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ നടക്കുന്ന മാരത്തണുകളിൽ മാറ്റുരച്ച് തന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ്. കഴിഞ്ഞ മാസം നടന്ന ബോസ്റ്റൺ മാരത്തണിൽ 3.26 മണിക്കൂറിലാണ് അദ്ദേഹം മൽസരം പൂർത്തീകരിച്ചത്.

Latest News