Sorry, you need to enable JavaScript to visit this website.

ചുമരുകളില്ലാത്ത സവിശേഷ വിദ്യാലയം

തീരം വിട്ടകലാൻ തയാറാവാത്തവർക്കെങ്ങനെ പുത്തൻ കരകളിലെത്താൻ കഴിയും എന്ന ലളിതമെങ്കിലും ചിന്തോദ്ദീപകമായ ഒരു ചോദ്യം പലരും കേട്ടിട്ടുണ്ടാവണം.  മനുഷ്യനിലെ യാത്രയോടുള്ള കമ്പം മഹാമാരി കാലം കഴിഞ്ഞ് വീണ്ടും സജീവമാവുകയാണ്. അടുത്തും അകലങ്ങളിലുമുള്ള ഇഷ്ട  ഇടങ്ങൾ തേടി യാത്രികർ പുറപ്പെടുന്നതിന്റെ വാർത്തകളും പ്രചാരണങ്ങളും എങ്ങും പൂർവാധികം ആവേശത്തോടെ കാണാൻ തുടങ്ങിയിട്ടുണ്ട്. 
ദൈനംദിന ജീവിതത്തിന്റെ ടൈം ടേബിളിൽ ഇത്തരം പഠന ഉല്ലാസ യാത്രകൾ നേരമിട്ട്  ഉൾപ്പെടുത്തുന്നവർ ചുമരുകളില്ലാത്ത പ്രവിശാലമായ പഠനമുറികളിലേക്ക് അനുദിനം ആവേശപൂർവം   പ്രവേശിക്കുന്നവരാണെന്ന് കാണാം. ചെയ്യുന്ന യാത്രയുടെ ദൈർഘ്യത്തിലോ സാഹസികതയിലോ അല്ല കാര്യം. യാത്ര ചെയ്യുന്ന ആളുടെ അടങ്ങാത്ത കൗതുക മനോഭാവമാണ് പ്രധാനം.

തനിക്കു ചുറ്റും അതീവ വിസ്മയകരമായ തരത്തിൽ  പ്രകൃതി ഒരുക്കിയ  വിവിധ പ്രതിഭാസങ്ങളും മനുഷ്യ നിർമിതമായ
അദ്ഭുതങ്ങളും നേരിൽ  കാണാനും ആസ്വദിക്കാനും പഠിക്കാനും ഒരാൾ തന്റേതായ സവിശേഷ രീതിയിൽ മ്പോധപൂർവം ശ്രമിക്കുമ്പോഴാണ് ഓരോ യാത്രയും വ്യത്യസ്തമാവുന്നത്. ധാരാളമായി യാത്ര ചെയ്യുന്നവരിൽ വിനയവും വിശാല മനസ്‌കതയും താരതമ്യേന കൂടുതലുണ്ടാവും. പല നാടുകളിൽ പല മനുഷ്യരോടൊത്ത് അടുത്തിടപഴകിയും അവരുടെ ജീവിത രീതികൾ നേരിട്ടറിഞ്ഞും സാംസ്‌കാരിക തനിമകളെ തിരിച്ചറിഞ്ഞും അവർ തങ്ങളുടെ മനസ്സിന്റെ കുടുസ്സായ ഇടുക്കങ്ങളിൽ നിന്നും അന്യനെ ഉൾക്കൊള്ളാനാവാത്ത ഇരുട്ടുകളിൽ നിന്നും മുക്തരാവുന്നു. അർത്ഥപൂർണവും അവിചാരിതവുമായ ഒരുപാട് വ്യക്തി ബന്ധങ്ങളും അടുപ്പങ്ങളും അവരെ കൂടുതൽ നല്ല മനുഷ്യരാവാൻ പ്രാപ്തമാക്കുന്നു. നിരവധി അബദ്ധ ധാരണകളെ തിരുത്താനും അകക്കണ്ണ് തുറപ്പിക്കാനും യാത്രയിലെ വിവിധ സന്ദർഭങ്ങൾ പ്രയോജനപ്പെട്ടേക്കും.
പെരുമാറ്റത്തിലെ വശ്യത കൊണ്ടും ശീലങ്ങളിലെ മേന്മ കൊണ്ടും പിന്നിടുന്ന വഴികളെ കൂടുതൽ ജീവിതയോഗ്യമായ ഇടങ്ങളാക്കി മികച്ച യാത്രികർ മാറ്റിക്കൊണ്ടേയിരിക്കും. തുരുമ്പെടുത്ത് ജീർണമായ  ഒറ്റക്കോണിലൂടെ മാത്രം ജീവിതത്തെ കാണാൻ അവർക്ക്  കഴിയില്ല. അവർ വിശ്വമാനവികതയുടെ പ്രവിശാലമായ വീക്ഷണ കോണുകളിലൂടെ കാര്യങ്ങളെയും ചുറ്റുപാടിനെയും നോക്കി കാണുന്നവരായി മാറിക്കൊണ്ടിരിക്കും ഓരോ യാത്രയിലും .
അവർ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും  കടന്നു പോവുന്ന ഭൂപ്രകൃതികളും അവരുടെ വിശിഷ്ടമായ പാഠപുസ്തകങ്ങളായി മാറും. കുന്നും മലകളും കടലും തീരവും വഴിയും പുഴയും ചരിത്ര സ്മാരകങ്ങളും പുരാതന കെട്ടിടങ്ങളും  അവരിലേക്ക് കഥയായ് കവിതയായ് നാടകങ്ങളായ് പെയ്തിറങ്ങും. യാത്ര കൊതിപ്പിക്കും പോലെ മനുഷ്യനെ കൊതിപ്പിക്കുന്ന ഗുരുനാഥൻ വേറെയുണ്ടോ? യാത്ര പഠിപ്പിക്കുന്നത് പോലെ പഠിക്കാൻ സഹായിക്കുന്ന കിടയറ്റ പഠന സന്ദർഭങ്ങൾ മറ്റേതങ്കിലുമുണ്ടോ? മനുഷ്യ ബന്ധങ്ങളുടെ രസതന്ത്രവും നാം വസിക്കുന്ന ലോകത്തിന്റെ ഭൂമി ശാസ്ത്രവും സകല വൈജ്ഞാനിക സരണികളും  ആഴത്തിലും വ്യാപ്തിയിലും അടുത്തറിയണമെങ്കിൽ യാത്രകൾ കൂടിയേ കഴിയൂ. വർത്തമാനത്തിന്റെ സമൃദ്ധി വേണ്ടുവോളം  നുകരാൻ, ഭൂതകാലത്തിന്റെ ഘനീഭവിച്ച മൗനത്തിൽ നിന്നും കൊളുത്തിയെടുക്കുന്ന   ഉൾതെളിച്ചം പകരുന്ന ആത്മവിശ്വാസത്തിലൂടെ  ഭാവിയിലേക്ക് സധൈര്യം മുന്നേറാൻ യാത്ര ഉപകരിക്കുന്നത്  പോലെ മറ്റേത്  പ്രക്രിയ ഉപകരിക്കും?

ഒട്ടും നേരമില്ലെന്ന് നാഴികയ്ക്ക് നാൽപതു വട്ടം തുരുതുരാ പറഞ്ഞ് പലതിന്റെയും പിന്നിൽ കിതച്ചോടി രാപ്പകലുകൾ സംഘർഷ ഭരിതമാക്കി മാറ്റുന്ന പലർക്കും അറിയില്ല, അവരുടെ വികലമായ സമീപനങ്ങളിലൂടെ അവർ വിനഷ്ടമാക്കുന്നത് ജീവിതാനന്ദത്തിന്റെ അനുഭൂതി ധന്യമായ മനോഹര മുഹൂർത്തങ്ങളാണെന്ന്!
ആരോഗ്യവും ആയുസ്സും ബലിയർപ്പിച്ച്  നേടിയെടുത്ത പലതും തനിക്ക് വേണ്ട രീതിയിൽ ഉപയോഗപ്പെടാതെ,    ഉപകാരപ്പെടാതെ പോവുന്ന പല ദൗർഭാഗ്യവാന്മാരായ സമ്പന്നരുടെയും  നിരാശാഭരിതമായ കഥകൾ  ഇവ രണ്ടും നഷ്ടപ്പെടുന്ന കാലങ്ങളിൽ അവർ പങ്ക് വെക്കുന്നത് നാം പലപ്പോഴായി  വായിക്കുകയും കേൾക്കുകയും നേരിട്ട് കാണുകയും ചെയ്യാറില്ലേ? അത്രമാത്രം സമ്പന്നരല്ലെങ്കിലും നമ്മളും അറിയാതെ ക്രമേണ  അവരുടെ ഗണത്തിലേക്കല്ലേ  നീങ്ങിക്കൊണ്ടിരിക്കുന്നത്  എന്നാലോചിക്കുന്നത് നന്നായിരിക്കും.
തിരക്കൊഴിഞ്ഞിട്ടാവാം കാശിക്ക് പോക്ക് എന്ന തെറ്റായ സങ്കൽപം നാം മാറ്റിയെങ്കിലേ ഉൽക്കൃഷ്ടമായ യാത്രകൾ നമ്മെ ഉദ്ബുദ്ധരാക്കുകയുള്ളൂ.
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിച്ച ചില വിശുദ്ധ ഇടങ്ങളില്ലേ? ചില സ്വപ്‌ന സ്ഥലികളില്ലേ? ഏറെ വൈകുന്നതിന് മുമ്പേ അവയൊക്കെ കാണാൻ ഇന്ന് തന്നെ  തയാറെടുപ്പ് തുടങ്ങുക.
വഴി എളുപ്പമായിത്തുടങ്ങുന്നത് അപ്പോൾ നിങ്ങൾ നേരിൽ കാണും; നിങ്ങളുടെ  മനോഭാവം നല്ലതാണെങ്കിൽ.

Latest News