ചെന്നൈ- റെയില്‍വെ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ചു മരിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തയില് നടന്ന സംഭവത്തില്‍ വസന്ത് കുമാര്‍ (22) ആണ് മരിച്ചത്. ഗുഡിയാത്തം മേലാലത്തൂര് റെയില്‍വെ സ്റ്റേഷന് സമീപമായിരുന്നു അപകടം.
സെല്‍ഫി വീഡിയോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന വസന്ത്കുമാര്‍ ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കാന്‍ സുഹൃത്തുകളുമായി എത്തിയതായിരുന്നു.
ചിത്രീകരണത്തിനിടെ പാളത്തില്‍നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ അതുവഴി കടന്നുപോയ തീവണ്ടി തട്ടുകയായിരുന്നു. ഇതുകണ്ട് നിലവിളിച്ച് ഓടിയ സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസും ആര്.പി.എഫും എത്തി മേല്‍നടപടി സ്വീകരിച്ചു. സംഭവത്തില്‍ കേസെടുത്തു.
പിറന്നാള്‍ ആഘോഷിച്ച് രണ്ട് ദിവസത്തിനുശേഷമായിരുന്നു വസന്ത് കുമാറിന്റെ മരണം. കഴിഞ്ഞ മാസം ചെന്നൈക്ക് സമീപം ചെങ്കല്‍പ്പേട്ടില്‍ ഇത്തരത്തില്‍ സെല്‍ഫിയെടുക്കുമ്പോള്‍ ട്രെയിനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു.






