നിർമിത ബുദ്ധിയിലൂടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിലുപരി ഈ മേഖലയിൽ മുൻനിര രാജ്യമാകാൻ കൂടിയാണ് യു.എ.ഇയുടെ ശ്രമമെന്ന് മന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലാമ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള ലോകത്തിലെ ആദ്യത്തെ മന്ത്രിയാണ് ഉമർ ബിൻ സുൽത്താൻ.
നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുമ്പോൾ ജീവിത നിലവാരം ഉയർത്തുകയാണ് പ്രധാനം. ഫലങ്ങൾ പതിറ്റാണ്ടുകൾ നീളുമെന്നതിനാൽ ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഉപകരണമായാണ് നിർമിത ബുദ്ധിയെ കാണുന്നത്. വൈറോളജി മുതൽ ഗതാഗതം വരെ എല്ലാത്തിനും പിന്തുണ നൽകാൻ കഴിയുന്ന ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങൾ എടുക്കാനും സംവിധാനങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യയുടെ ശാഖയായാണ് മെഷീൻ ഇന്റലിജൻസിനെ യു.എ.ഇ കാണുന്നത്.
സാമ്പത്തിക നേട്ടം എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്. അത് ഞങ്ങൾക്കും വേണം. പക്ഷേ, വികസനവും നിർമിത ബുദ്ധിയുടെ ഉപയോഗവും ഉത്തരവാദിത്തം കൂടിയാണെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രിയായ ഉമർ ബിൻ സുൽത്താൻ പറഞ്ഞു.
2017ൽ ക്യാബിനറ്റ് തല പദവി ഏൽപ്പിക്കുമ്പോൾ ഉമർ ബിൻ സുൽത്താന് 27 വയസ്സ് മാത്രമായിരുന്നു പ്രായം. സംഭാഷണവും മുഖം തിരിച്ചറിയലും മുതൽ ഡ്രൈവറില്ലാ കാറുകൾ വരെ സ്പർശിക്കുന്ന മേഖലയുടെ ചുമതലയാണ് അദ്ദേഹത്തെ ഏൽപിച്ചത്.
ജനസംഖ്യയുടെ ഭൂരിഭാഗവും വിദേശികളുള്ള ഗൾഫ് രാജ്യത്ത് സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സന്തോഷകരമായ ഒരു സമൂഹം സൃഷ്ടിക്കാനായി സന്തോഷത്തിനായി മാത്രം ഒരു മന്ത്രിയെ നിയോഗിച്ച് ഒരു വർഷത്തിന് ശേഷമായിരുന്നു ഉമർ ബിൻ സുൽത്താന്റെ നിയമനം.
2031 ഓടെ നിർമിത ബുദ്ധിയിൽ മുൻനിര രാഷ്ട്രങ്ങളിലൊന്നായി മാറുകയും പുതിയ സാമ്പത്തിക, ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും 335 ബില്യൺ ദിർഹം അധിക വളർച്ച നേടുകയുമാണ് യു.എ.ഇയുടെ ലക്ഷ്യം.
യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏതാണ്ട് 14 ശതമാനം (96 ബില്യൺ ഡോളർ) 2030 ഓടെ നിർമിത ബുദ്ധിയിൽനിന്നായിരിക്കുമെന്നാണ് കൺസൾട്ടൻസി സ്ഥാപനമായ പിഡബ്ല്യുസി മിഡിൽ ഈസ്റ്റിന്റെ അഭിപ്രായം.
ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മേൽനോട്ടം വഹിക്കാൻ ഒരാളെ പ്രത്യേകം നിയമിച്ച ഒരേയൊരു രാജ്യമാണ് യു.എ.ഇയെന്ന് ഉമർ ബിൻ സുൽത്താൻ പറഞ്ഞു.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദശകത്തിൽ സാങ്കേതികവിദ്യയിൽ വളരെയധികം നിക്ഷേപം നടത്തിയ രാജ്യമാണ് യു.എ.ഇ.
തലസ്ഥാനമായ അബുദാബിയിലെ തെരുവുകളിൽ ഇതിനകം പരീക്ഷിച്ച െ്രെഡവറില്ലാ കാറുകളും ഇതിന്റെ ഭാഗമാണ്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലൊന്നായ ദുബായ് 2030ഓടെ ഗതാഗതത്തിന്റെ നാലിലൊന്ന് െ്രെഡവറില്ലാതെയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിർമിത ബുദ്ധിയിൽ ലോകത്തിലെ ആദ്യത്തെ ബിരുദതല സർവ്വകലാശാലയായ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തത്. യു.എ.ഇ നിരവധി സ്റ്റാർട്ട്അപ്പ് ഹബ്ബുകളും പരിശീലന പദ്ധതികളുമാണ് ഇതിനകം ആരംഭിച്ചത്.
തന്റെ ജോലിയുടെ വലിയൊരു ഭാഗം പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുകയും നിർമിത ബുദ്ധി സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ പിഴവുകൾ ഒഴിവാക്കുകയുമാണെന്ന് ഉമർ ബിൻ സുൽത്താൻ പറഞ്ഞു. ജനങ്ങളിലുള്ള നിരീക്ഷണം വർധിക്കുകയാണെന്നും സ്വകാര്യത അപകടത്തിലാണെന്നും യു.എ.ഇയിലും ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനപ്രിയ മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ ചാരപ്പണിക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾ 2019 ൽ യു.എ.ഇ നിഷേധിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ വ്യാപനത്തിലും വിന്യാസത്തിലും വിവാദങ്ങളില്ലെന്ന് ഉറപ്പാക്കുമെന്ന് ഉമർ ബിൻ സുൽത്താൻ പറഞ്ഞു. ഇപ്പോൾ അതിന്റെ വികസനത്തിലും വിന്യാസത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഭാവി തലമുറകളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.






