തൃക്കാക്കരയിലെ അടിയൊഴുക്കുകൾ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകാൻ പോകുന്ന വിഷയം സിൽവർ ലൈൻ തന്നെയായിരിക്കും. ഇക്കാര്യത്തിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കാനാണ് സാധ്യത. ഒന്നാമത് സിൽവർ ലൈനിനെതിരായ പ്രക്ഷോഭം ശക്തിയായി നടക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. നഗരവാസികളുടെ പൊതുവായ വികാരം ഇത്തരത്തിലുള്ള പദ്ധതികൾക്ക് അനുകൂലമാകാനാണ് സാധ്യത എന്നാണവർ വിലയിരുത്തുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ഒരറ്റത്തു കൂടിയേ ഇത് പോകുന്നുള്ളൂ. അതേസമയം, സ്റ്റേഷൻ ഇവിടെയാണ് താനും. അതായത് പദ്ധതിയുടെ ദോഷങ്ങൾ കാര്യമായി ബാധിക്കാതെ ഗുണം കിട്ടുമെന്നർഥം. 

ഒന്നാം വാർഷികം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരും വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തങ്ങളുടെ ആദ്യ വെല്ലുവിളി നേരിടുകയാണ്. പി.ടി തോമസിന്റെ മരണത്തോടെ ഒഴിവു വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്, കേരളം മാത്രമല്ല രാജ്യമാകെ തന്നെ ഉറ്റുനോക്കാൻ പോകുന്ന രാഷ്ട്രീയ സംഭവമായി മാറാൻ പോകുന്നത്. പല ഉപതെരഞ്ഞെടുപ്പുകളും പോലെ ഇതും ഇരു മുന്നണികൾക്കും ജീവന്മരണ പോരാട്ടമാണ്. ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടൽ തന്നെയായിരിക്കും അവിടെ നടക്കുക. ഉമാ തോമസിനെ യു.ഡി.എഫും അഡ്വ.അരുൺ കുമാറിനെ എൽ.ഡി.എഫും രംഗത്തിറക്കുക വഴി വിജയമല്ലാതെ മറ്റൊന്നുമല്ല തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. മറുവശത്ത് വോട്ടു വർധിപ്പിക്കാതെ നിവൃത്തിയില്ലാത്ത ബി.ജെ.പിയും ശക്തമായി രംഗത്തിറങ്ങുമെന്നുറപ്പ്. അതുപോലെ തന്നെ പ്രധാനമാണ് ട്വന്റി-20യും ആം ആദ്മിയും ചേർന്ന രാഷ്ട്രീയ സഖ്യവും രംഗത്തുണ്ടാകുമെന്ന പ്രഖ്യാപനം.
സാധാരണ നിലയ്ക്ക് കോൺഗ്രസിന്റെ ഉറച്ച മണ്ഡലം തന്നെയാണ് പൂർണമായും നഗരപ്രദേശമായ തൃക്കാക്കര. സി.പി.എം സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ പോലും മത്സരിപ്പിക്കാത്ത മണ്ഡലം. നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ലോകസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഈ മണ്ഡലത്തിൽ ഭൂരിപക്ഷം എന്നും യു.ഡി.എഫിനു തന്നെ. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടെടുത്തതിനെ തുടർന്ന് ഇടുക്കിയിൽ മത്സരിച്ചാൽ തോൽക്കുമെന്നുറപ്പായതിനെ തുടർന്നാണ് 2016ൽ പി.ടി തോമസ് ഇവിടെ മത്സരിക്കാനെത്തിയത്. അന്നദ്ദേഹം പരാജയപ്പെടുത്തിയത് മുതിർന്ന മാധ്യമ പ്രവർത്തകൻ സെബാസ്റ്റ്യൻ പോളിനെയായിരുന്നു. 
2021 ലും പി.ടിക്ക് തുടർവിജയം ലഭിച്ചു. സ്ഥാനമോഹികളായ നിരവധി നേതാക്കളുള്ള കോൺഗ്രസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടു തന്നെയാണ് കൂടുതൽ ചർച്ചകൾക്കു നിൽക്കാതെ പി.ടി തോമസിന്റെ ജീവിത പങ്കാളിയെ തന്നെ രംഗത്തിറക്കിയത്. സ്ഥിരം വിജയിക്കുന്ന മണ്ഡലമെന്നതോടൊപ്പം പി.ടി തോമസിനോട് മണ്ഡലത്തിൽ നിലനിൽക്കുന്ന വൈകാരിക അന്തരീക്ഷവും കൂടിയാകുമ്പോൾ വിജയം സുനശ്ചിതമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അപ്പോഴും പിൻഗാമിയായി കുടുംബത്തിലുള്ളവരെ തന്നെ കൊണ്ടുവരിക എന്നത് ഗുണകരമായ ജനാധിപത്യ പ്രവണതയല്ല എന്നു പറയാതെ വയ്യ. അതേസമയം, ഇക്കുറി കാര്യങ്ങൾ പതിവു പോലെ എളുപ്പമാവാൻ ഇടയില്ല എന്നു തന്നെ കരുതാം. സ്ഥാനാർഥി ഉമാ തോമസായിട്ടു പോലും പാർട്ടിയിൽ നിന്ന് പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട്. കെ.വി തോമസിനേയും ഡൊമനിക് പ്രസന്റേഷനേയും പോലുള്ള സീനിയർ നേതാക്കൾ മാത്രമല്ല, മറ്റു പലരും അസംതൃപ്തരാണെന്നാണ് വാർത്തകൾ. മുമ്പൊക്കെയായിരുന്നെങ്കിൽ എന്തു ഭിന്നതയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒന്നിച്ചു നിന്ന് പോരാടിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. കരുണാകരൻ-ആന്റണി ഗ്രൂപ്പിസം മൂർച്ഛിച്ചിരുന്ന കാലത്തു പോലും അതായിരുന്നു അവസ്ഥ. എന്നാൽ ആ അവസ്ഥയല്ല ഇപ്പോൾ കോൺഗ്രസിന്റേത് എന്നതു മറക്കാനാകില്ല. എന്തായാലും ഉമ ജയിച്ചു വരികയാണെങ്കിൽ കെ.കെ രമയോടൊപ്പം പ്രതിപക്ഷത്ത് ഒരു വനിതയുടെ കൂടി പ്രാതിനിധ്യമുണ്ടാകും. കേവലം പി.ടി തോമസിന്റെ ഭാര്യ എന്നതിൽ ഒതുക്കാനാവാത്ത വ്യക്തിത്വവും രാഷ്ട്രീയ പാരമ്പര്യവും അവർക്കുണ്ടെന്നതും തള്ളിക്കളയാനാവില്ല. പ്രചാരണത്തിന് രാഹുൽ ഗാന്ധിയടക്കമുള്ളവരെ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമം.മറുവശത്ത് സി.പി.എം രംഗത്തിറക്കുക ചെറുപ്പക്കാരനായ അരുൺ കുമാറിനെയാണെന്നാണ് വാർത്ത. ചാനൽ ചർച്ചകളിലൂടെ മലയാളികൾക്കൊക്കെ സുപരിചിതനാണ് അദ്ദേഹം. വിജയത്തിൽ കുറഞ്ഞ മറ്റൊന്നും തങ്ങൾക്കാവശ്യമില്ല എന്നു തന്നെയാണ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിലൂടെ സി.പി.എം പ്രഖ്യാപിക്കുന്നത്. അതിനവർക്ക് നിരവധി കാരണങ്ങളുണ്ട്. ഒന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ തുടർഭരണം യാദൃഛികമായി സംഭവിച്ചതല്ല എന്നും സർക്കാർ കഴിഞ്ഞ ആറു വർഷമായി തുടരുന്ന നയങ്ങളെ ജനങ്ങൾ അംഗീകരിക്കുന്നു എന്നും അവർക്ക് തെളിയിച്ചേ പറ്റൂ. അതോടൊപ്പം തങ്ങളുടെ ഗ്ലാമർ വികസന പദ്ധതിയായ സിൽവർ ലൈനിനെ ജനങ്ങൾ അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കണം. എത്രമാത്രം ഗൗരവത്തോടെയാണ് സി.പി.എം ഈ തരഞ്ഞെടുപ്പിനെ കാണുന്നത് എന്നതിനു തെളിവാണ് ഇ.പി ജയരാജനും പി.രാജീവും സ്വരാജും ചേർന്ന നേതൃത്വമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പോകുന്നതെന്നത്. മുഖ്യമന്ത്രിയടക്കം പ്രചാരണത്തിന് എത്തുമെന്നതും ഉറപ്പ്. ഇന്നത്തെ സാഹചര്യത്തിൽ സീറ്റു നിലനിർത്താൻ യു.ഡി.എഫിനു കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നർഥം. 
തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ പോകുന്ന രണ്ടു പ്രധാന രാഷ്ട്രീയ ഘടകങ്ങളാണ് ബി.ജെ.പിയുടേയും ട്വന്റ്ി 20-ആം ആദ്മി സഖ്യത്തിന്റേയും സാന്നിധ്യം. ഒറ്റനോട്ടത്തിൽ ഇവ കൂടുതൽ പ്രതികൂലമായി ബാധിക്കുക യു.ഡി.എഫിനെയായിരിക്കും എന്നു കരുതാം. ഏതാനും വർഷം മുമ്പു വരെ മണ്ഡലത്തിൽ തുച്ഛമായ സ്വാധീനമേ ബി.ജെ.പിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2000 ത്തിനു ശേഷം അതു വളരെയേറെ വർധിച്ചു. 2021 ലെ തെരഞ്ഞെടുപ്പിൽ അതിനൽപം കുറവു വന്നു. അതു നികത്തി നില മെച്ചപ്പെടുത്താനായിരിക്കും ഇത്തവണ അവരുടെ ശ്രമം. പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ രാജ്യമാകെ വ്യാപിക്കാൻ ശ്രമിക്കുന്ന എ.എ.പി അതിനുള്ള ആദ്യ ശ്രമമായിരിക്കും തൃക്കാക്കരയിൽ നടത്തുക. ഒരിക്കൽ കേരളത്തിൽ വേരു പിടിപ്പിക്കാനുള്ള ശ്രമമവർ നടത്തിയിരുന്നു. എറണാകുളം, തൃശൂർ, ചാലക്കുടി ലോകസഭാ മണ്ഡലങ്ങളിൽ ഭേദപ്പെട്ട രീതിയിൽ വോട്ടു നേടുകയും ചെയ്തിരുന്നു. സാറാ ജോസഫായിരുന്നു തൃശൂരിൽ സ്ഥാനാർഥി. നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അവരുമായി സഹകരിച്ചിരുന്നു. എന്നാൽ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമൊക്കെ പാർട്ടി വിട്ടതോടെ ഇവരിൽ ഭൂരിഭാഗവും വിട്ടുപോയി. 
തിരിച്ചു വരാനുള്ള ശ്രമത്തിൽ ഏറെ വിമർശനങ്ങൾ നേരിടുമ്പോഴും മണ്ഡലത്തിൽ ചില ഭാഗങ്ങളിൽ സ്വാധീനമുള്ള ട്വന്റി 20യുമായുള്ള സഖ്യത്തിലൂടെ പരമാവധി വോട്ടു നേടാൻ അവർ ശ്രമിക്കുമ്പോൾ നഷ്ടമുണ്ടാകാൻ സാധ്യത യു.ഡി.എഫിനു തന്നെയായിരിക്കും. അരവിന്ദ് കെജ് രിവാളടക്കമുള്ളവർ പ്രചാരണത്തിനെത്തുമെന്നും ഉറപ്പായിട്ടുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ചയാകാൻ പോകുന്ന വിഷയം സിൽവർ ലൈൻ തന്നെയായിരിക്കും. ഇക്കാര്യത്തിലും എൽ.ഡി.എഫ് നേട്ടമുണ്ടാക്കാനാണ് സാധ്യത. ഒന്നാമത് സിൽവർ ലൈനിനെതിരായ പ്രക്ഷോഭം ശക്തിയായി നടക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. നഗരവാസികളുടെ പൊതുവായ വികാരം ഇത്തരത്തിലുള്ള പദ്ധതികൾക്ക് അനുകൂലമാകാനാണ് സാധ്യത എന്നാണവർ വിലയിരുത്തുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ഒരറ്റത്തു കൂടിയേ ഇത് പോകുന്നുള്ളൂ. അതേസമയം, സ്റ്റേഷൻ ഇവിടെയാണ് താനും. അതായത് പദ്ധതിയുടെ ദോഷങ്ങൾ കാര്യമായി ബാധിക്കാതെ ഗുണം കിട്ടുമെന്നർഥം. 
കേരളത്തിന്റെ വികസനത്തിന്റെ മുഖമായി മാറുന്ന കൊച്ചിയിൽ ഇതുമൂലമുണ്ടാകുന്ന നേട്ടങ്ങൾ വിവരിച്ച് വൻതോതിലുള്ള പ്രചാരണം നടത്താനാണ് എൽ.ഡി.എഫ് നീക്കം. സിൽവർലൈനിനെതിരെ പൊതുവിൽ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇവിടെ ഫലം ചെയ്യില്ല എന്നാണവരുടെ കണക്കുകൂട്ടൽ. എന്നാൽ തങ്ങൾ തുടക്കമിട്ട മെട്രോയെ ഇനിയും ലാഭത്തിലാക്കാൻ കഴിയാത്തതും ഒപ്പം തൃക്കാക്കര ഭാഗത്തേക്കുള്ള മെട്രോയുടെ വികസനം നടപ്പാക്കത്തതിനേയും ചൂണ്ടിക്കാട്ടി എൽ.ഡി.എഫിന്റെ അവകാശവാദങ്ങൾക്കു മറുപടി പറയാമെന്ന് യു.ഡി.എഫ് കരുതുന്നു. കൊച്ചിയിലെ കൊട്ടിഘോഷിക്കുന്ന മിക്ക വികസന പദ്ധതികളും തങ്ങളുടെ ഭരണകാലത്ത് ആാരംഭിച്ചതാണെന്നും അവർ അവകാശപ്പെടുന്നു. എന്തായാലും സിൽവർ ലൈനിനെ മുൻനിർത്തി വികസനത്തെ കുറിച്ച് ചൂടേറിയ സംവാദം ഈ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ നടക്കുമെന്നാശിക്കാം. ഗൗരവമായിട്ടാണ് അതു നടക്കുന്നതെങ്കിൽ ആരു ജയിച്ചാലും തോറ്റാലും ആ സംവാദമായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കേരളത്തിനു നൽകുന്ന ഏറ്റവും വലിയ സംഭാവന.

Latest News