ആയുസ്സ് അവസാനിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കൂറ്റൻ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാനിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി മുന്നറിയിപ്പ്. ഏഴു ടൺ ഭാരമുള്ള ടിയാൻഗോങ്1 എന്ന കൂറ്റൻ പേടകം മാർച്ച് 30 നും ഏപ്രിൽ ഒന്നിനുമിടയിൽ ഭൗമോപരിതലത്തിലേക്ക് പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വീഴ്ചയുടെ വേഗതയും കടുത്ത ചൂടും കാരണം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പേടകത്തിന്റെ വലിയൊരു ഭാഗം കത്തിയമരും. ചെറിയ ഭാഗങ്ങൾ മാത്രമേ ഭൂമിയിൽ പതിക്കുകയുള്ളൂ. ഇത് എവിടെ വീഴുമെന്നതിനെ സംബന്ധിച്ച് മുൻകൂട്ടി പറയാനാവില്ല. സമുദ്രത്തിലോ കരയിലോ വീണേക്കാം എന്നു മാത്രമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ വീഴ്ച ദുരന്തമുണ്ടാക്കാനുള്ള സാധ്യത കുറവാണെന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ വിദഗ്ധൻ ജിൻ ലെമൻസ് പറയുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു ബദലായി ചൈന 2011 ൽ വിക്ഷേപിച്ചതാണ് സ്വർഗ സമാന കൊട്ടാരം എന്നർത്ഥം വരുന്ന ടിയാൻഗോങ്1. രണ്ടു വർഷത്തെ കാലാവധിയായിരുന്നു ചൈനീസ് ബഹിരാകാശ ഏജൻസി ഇതിനു പറഞ്ഞിരുന്നത്. ഇതിനിടെ ചൈനയുടെ മൂന്ന് പ്രധാന ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ പേടകം വേദിയായി. ഇവയിൽ രണ്ട് ദൗത്യങ്ങൾ മനുഷ്യനെ അയച്ചുള്ളതായിരുന്നു.
2013 ലാണ് നിലയം പ്രവർത്തനം അവസാനിപ്പിച്ചതായി ചൈന അറിയിച്ചത്. 2016 ൽ ഇതിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും സ്ഥിരീകരിച്ചിരുന്നു. ഭൂമിയിലേക്കു പതിക്കുന്ന ഈ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ പൂർണമായും കത്തിയമരുമെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർ്ട്ട് ചെയ്തിരുന്നു.